പ്രായപരിധിയില്‍ അതൃപ്തി, വിട്ടുനില്‍ക്കുന്ന നേതാക്കള്‍;  സിപിഐ സംസ്ഥാന സമ്മേളനത്തില്‍ തുടക്കത്തിലേ കല്ലുകടി

പ്രായപരിധിയില്‍ അതൃപ്തി, വിട്ടുനില്‍ക്കുന്ന നേതാക്കള്‍; സിപിഐ സംസ്ഥാന സമ്മേളനത്തില്‍ തുടക്കത്തിലേ കല്ലുകടി

പാര്‍ട്ടിക്ക് യുവത്വവും, ചുറുചുറുക്കും നിലനിര്‍ത്താന്‍ പ്രായപരിധി അനിവാര്യമാണെന്നും, സംസ്ഥാന ഘടകങ്ങള്‍ ഇത് നടപ്പാക്കണമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.
Updated on
2 min read

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാവുമ്പോള്‍ ചര്‍ച്ചയായി മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യവും, പ്രായപരിധി നടപ്പാക്കുന്നത് സംബന്ധിച്ച ഭിന്നതയും. പാര്‍ട്ടിക്ക് യുവത്വവും, ചുറുചുറുക്കും നിലനിര്‍ത്താന്‍ പ്രായപരിധി അനിവാര്യമാണെന്നും, സംസ്ഥാന ഘടകങ്ങള്‍ ഇത് നടപ്പാക്കണമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. സംസ്ഥാന സമ്മേളനത്തിന്റെ മാര്‍ഗ രേഖയിലും ഉക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ഉയര്‍ന്ന പ്രായപരിധിയായി 75 വയസ് എന്നത് സംസ്ഥാനത്ത് നടപ്പാക്കരുതെന്നാണ് കെ ഇ ഇസ്മായില്‍ പക്ഷത്തിന്റെ നിലപാട്

എന്നാല്‍ ഉയര്‍ന്ന പ്രായപരിധിയായി 75 വയസ് എന്നത് സംസ്ഥാനത്ത് നടപ്പാക്കരുതെന്നാണ് കെ ഇ ഇസ്മായില്‍ പക്ഷത്തിന്റെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് സമ്മേളനത്തില്‍ ഈ വിഭാഗം പ്രമേയം കൊണ്ടുവന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജില്ലാ സമ്മേളനങ്ങള്‍ നടപ്പോള്‍ ഉയരാത്ത വിമര്‍ശനമാണ് പ്രായ പരിധി വിഷയത്തില്‍ ഇപ്പോള്‍ സംസ്ഥാന തലത്തിലെത്തമ്പോള്‍ പരസ്യമായി ഉയരുന്നത്. ഭിന്നത രൂക്ഷമായാല്‍ വിഷയത്തില്‍ രഹസ്യ വോട്ടെടുപ്പ് നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം സമ്മേളനത്തിന്റെ മാര്‍ഗരേഖയിലും പരാമര്‍ശിക്കുന്നുണ്ട്.

പ്രായ പരിധിയില്‍ സംസ്ഥാനത്ത് നിന്ന് ഇത്തരം ഒരു നിര്‍ദേശം ഉയരുമ്പോള്‍ ഇതില്‍ ഔദ്യോഗികമായ ഒരു തീരുമാനത്തിലെത്താന്‍ സംസ്ഥാന കമ്മിറ്റിയുടെ നാലില്‍ മൂന്ന് ഭൂരിപക്ഷം വേണം. ഇവിടെയാണ് സംസ്ഥാന നേതാക്കളുടെ എതിര്‍പ്പും ഭിന്നതയും ചര്‍ച്ചയാവുന്നത്. സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുകയാണ് പ്രമുഖ നേതാവ് കെ എ ഇസ്മായില്‍. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള കൊടിമര കൈമാറ്റ ചടങ്ങ് ഇസ്മായില്‍ ബഹിഷ്‌കരിച്ചു. നെയ്യാറ്റിന്‍ കരയില്‍ ജാഥാക്യാപ്റ്റന് കൊടിമരം കൈമാറാണ്ടിയിരുന്നത് കെ ഇസ്മായില്‍ ആയിരുന്നു. ഇസ്മായിലിന്റെ അസാനിധ്യത്തില്‍ മന്ത്രി ജിആര്‍ അനിലായിരുന്നു ചടങ്ങ് നിര്‍വഹിച്ചത്.

മുതിര്‍ന്ന നേതാവ് സി ദിവാകരന്റെ നിലപാടുകളാണ് ശ്രദ്ധേയമാകുന്ന മറ്റൊന്ന്. സിപിഐ പ്രതിനിധി സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് പതാക ഉയര്‍ത്തുക. എന്നാല്‍ മുതിര്‍ന്ന നേതാവ് സി ദിവാകരനെ ആയിരുന്നു നേരത്തെ ഇതിനായി നിശ്ചയിച്ചിരുന്നത്. ജില്ലാ സെക്രട്ടറി വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലും ദിവാകരന്റെ പേരാണ് പരാമര്‍ശിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പതാക കൈമാറല്‍ ചടങ്ങില്‍ നിന്നും ദിവാകരന്‍ വിട്ടുനിന്നതും, പിന്നാലെ പന്ന്യന്‍ പതാക ഉയര്‍ത്തുമെന്ന പ്രഖ്യാപനം ഉണ്ടായതും.

നേരത്തെ, പാര്‍ട്ടി ദേശീയ കൗണ്‍സില്‍ മാര്‍ഗ രേഖയ്ക്കും, സംസ്ഥാന സെക്രട്ടറിക്കും എതിരെ നിരന്തരം ദിവാകരന്‍ സ്വീകരിച്ചിരുന്ന നിലപാടുകള്‍ ഉള്‍പ്പെടെ ഈ അവസരത്തില്‍ ചര്‍ച്ചയാവുകയാണ്. സി ദിവാകരന്റെ പരാമര്‍ശങ്ങള്‍ അച്ചടക്ക ലംഘനമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

75 ന് താഴെ, ചുറുചുറുക്ക് നിലനിര്‍ത്താന്‍ സിപിഐ

സംസ്ഥാന സെക്രട്ടറിയുടെ പ്രായ പരിധി 75ന് താഴെയായിരിക്കും എന്നാണ് സിപിഐ മാര്‍ഗ രേഖ പറയുന്നത്. തുടക്കം മുതല്‍ ആശയക്കുഴപ്പം നിലനിന്നിരുന്ന ഈ നിര്‍ദേശത്തില്‍ ചര്‍ച്ചകളും നടന്നിരുന്നു. കേരളത്തില്‍ നിന്നും ബിനോയ് വിശ്വം പങ്കെടുത്ത യോഗം നിര്‍ദേശത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളും ചര്‍ച്ച ചെയ്തിരുന്നു. കേരളത്തില്‍ നിന്നുള്ള മറ്റൊരു കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായ കാനം രാജേന്ദ്രന്‍ പക്ഷേ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സംസ്ഥാന സെക്രട്ടറി, സംസ്ഥാന, ദേശീയ കൗണ്‍സിലുകള്‍, ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍, ജനറല്‍ സെക്രട്ടറി എന്നിവരുടെ പ്രായം 75ല്‍ താഴെയാവണം എന്നാണ് മാര്‍ഗ രേഖ നിര്‍ദേശിക്കുന്നത്.

logo
The Fourth
www.thefourthnews.in