കലഹം പലവിധം; സെക്രട്ടറി സ്ഥാനത്തേക്ക് മത്സര സാധ്യത; സിപിഐ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം
സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിർന്ന നേതാവ് സി ദിവാകരന്‍ ടാഗോർ തീയേറ്ററിലെ വെളിയം ഭാർവന്‍ നഗറില്‍ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തില്‍ നിന്ന് ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കിയതില്‍ കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി സമ്മേളനത്തില്‍ പ്രതിഫലിച്ചേക്കും. വൈകിട്ട് നാല് മണിക്ക് ഫെഡറലിസവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും എന്ന വിഷയത്തിലെ സെമിനാറില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയേക്കാവുന്ന സമ്മേളനമാണ് ഇത്തവണത്തേതെന്ന് വിലയിരുത്തലുകള്‍.
സംസ്ഥാനത്തെ പാർട്ടിയിലെ വിഭാഗീയതയുടെ തുടർച്ചയാണ് പതിവ് കീഴ്‌വഴക്കം തെറ്റിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തതെന്നാണ് സൂചനകള്‍. വിമതസ്വരം മയപ്പെടുത്തിയെങ്കിലും സി ദിവാകരനും കെ ഇ ഇസ്മായിലും സമ്മേളനത്തില്‍ വിയോജിപ്പുകള്‍ പരസ്യമാക്കിയേക്കാം. പ്രായപരിധി വിവാദത്തില്‍ പരസ്യപ്രതികരണങ്ങളിലേക്ക് ഇനിയെത്തില്ലെന്ന് കരുതാമെങ്കിലും കാനം വിരുദ്ധചേരി സമ്മേളനത്തില്‍ പ്രതിഷേധസ്വരമുയർത്തുമെന്ന് ഉറപ്പാണ്. മൂന്നാം തവണയും കാനം രാജേന്ദ്രന് സെക്രട്ടറിയാകാമെന്നിരിക്കെ മത്സരം നേരിടേണ്ടി വരുമോയെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നു.
സി ദിവാകരന്‍ തന്നെ പതാക ഉയർത്തുമെന്ന് ആദ്യമേ തീരുമാനമായതായിരുന്നുവെങ്കിലും അതിനിടെയാണ്, നേതൃത്വവുമായി പരസ്യപ്രതിഷേധങ്ങളിലേക്ക് കാര്യങ്ങളെത്തിയത്. തുടർന്ന് ദിവാകരന്‍ പതാക ഉയർത്തുമോയെന്ന ചോദ്യമുയർന്നു. എന്നാല്‍, വെള്ളിയാഴ്ച ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം സി ദിവാകരന്‍ തന്നെ പതാക ഉയർത്തുമെന്ന തീരുമാനത്തിലെത്തി. രാവിലെ 9.30യോടെയാണ് പ്രതിനിധി സമ്മേളനത്തിന് പതാക ഉയരുന്നത്. തുടർന്ന് രാഷ്ട്രീയ റിപ്പോർട്ടും സംഘടനാറിപ്പോർട്ടും കാനം രാജേന്ദ്രന്‍ അവതരിപ്പിക്കും.
നാല് മണിക്കാണ് എം കെ സ്റ്റാലിനും പിണറായി വിജയനും പങ്കെടുക്കുന്ന സെമിനാർ. എന്നാല്‍, ജനറല്‍ സെക്രട്ടറി ഡി രാജയെ സെമിനാറിന് ഉള്‍പെടുത്തിയിട്ടില്ല. ദേശീയ സെക്രട്ടറിയേറ്റംഗം അതുല്‍കുമാർ അംജാനെ ഉള്‍പ്പെടുത്തിയപ്പോള്‍ രാജയെ അധ്യക്ഷനായി പോലും ഉള്‍പെടുത്തിയില്ല. കാനം രാജേന്ദ്രനാണ് ദേശീയ സെമിനാറിലെ അധ്യക്ഷന്‍. വൈകിട്ടോടെ റിപ്പോർട്ടിന്മേല്‍ ഗ്രൂപ്പ് ചർച്ചയാരംഭിക്കും.
വിഭാഗീയത കൊടുമ്പിരികൊണ്ട ഘട്ടത്തില്‍ ചർച്ചയില്‍ എന്തുസംഭവിക്കാം എന്നതാണ് അറിയേണ്ടത്. 75 വയസെന്ന പ്രായപരിധി നടപ്പാക്കണമെന്ന തീരുമാനത്തിനെതിരെ കാനം വിരുദ്ധ ചേരി ശക്തമായ പ്രതിഷേധമുയർത്താനാണ് സാധ്യത. പാർട്ടി ഭരണഘടനയിലില്ലാത്ത കാര്യമാണെന്നാണ് എതിർ പക്ഷത്തിന്റെ വാദം. ഭരണഘടനയിലില്ലാത്ത കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാർട്ടികോൺഗ്രസാണ്, സമ്മേളനമല്ലെന്നാണ് നിലപാട്.
സമ്മേളനത്തിന് തൊട്ടുമുന്‍പ് പ്രതിഷേധം പരസ്യമാക്കിയ സി ദിവാകരന്‍, കെ ഇ ഇസ്മായില്‍ പക്ഷത്തിനെതിരെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ വലിയ വിമർശനങ്ങളുയർന്നിരുന്നു. മുതിർന്ന നേതാക്കള്‍ തന്നെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും പക്വതയില്ലാത്ത പെരുമാറ്റമാണുണ്ടായതെന്നുമാണ് വിമർശനം. ചരിത്രത്തില്‍ ഇന്നേവരെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് സിപിഐയില്‍ മത്സരം നടന്നിട്ടില്ല. സംസ്ഥാന സെക്രട്ടറി കസേരയില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ കാനം പദവി ഒഴിയണമെന്ന ആവശ്യം നിലനില്‍ക്കെ സമ്മേളനം ചേരുമ്പോള്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിനുള്ള നീക്കമാണ് കാനം വിരുദ്ധ പക്ഷത്തിന്റേത്.