കെ ഇ ഇസ്മയിലും സി ദിവാകരനും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്ത്
സിപിഐ സംസ്ഥാന കൗൺസിലില്‍ നിന്ന് മുതിർന്ന നേതാക്കളായ കെ ഇ ഇസ്മലിയും സി ദിവാകരനും പുറത്ത്. പ്രായ പരിധി നിർബന്ധമാക്കിയ സാഹചര്യത്തിലാണ് കൗൺസിലില്‍ നിന്ന് ഇരുവരും പുറത്തായത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പട്ടികയില്‍ സി ദിവാകരന്‍റെ പേര് ഉണ്ടായിരുന്നില്ല.
സിപിഐ സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങുബോള്‍ സർവ്വാധിപത്യമാണ് കാനം പക്ഷത്തിന്. കെ ഇ ഇസ്മയിലില്‍ പക്ഷത്തെ വെട്ടി നിരത്തി. ഇസ്മയില്‍ പക്ഷത്ത് നിന്നുള്ള 5 പേരെ എറണാകുളം ജില്ലാ ഘടകം സംസ്ഥാന കൗൺസിലില്‍ നിന്ന് വെട്ടി. 75 വയസ് പ്രായ പരിധി നിർബന്ധമാക്കുന്നതിനെതിരെ കെ ഇ ഇസ്മയിലടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നടന്ന പ്രവർത്തന റിപ്പോർട്ടിന്റെ ചർച്ചയിൽ നിലവിലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഔദ്യോഗിക പക്ഷം മേൽക്കൈ നേടിയിരുന്നു. രാഷ്ട്രീയ റിപ്പോർട്ടിന്റെ ചർച്ചയിൽ 15 പേരാണ് പങ്കെടുത്തത്. കാനം രാജേന്ദ്രൻ, ദേശീയ ജനറൽ സെക്രട്ടറി ഡി രാജ എന്നിവർ ചോദ്യങ്ങൾക്ക് മറുപടി നൽകി. ചര്‍ച്ചയില്‍ മുതിർന്ന നേതാക്കൾ നടത്തിയ പരസ്യ പ്രതികരണങ്ങൾ സമ്മേളനത്തിന് തിരിച്ചടിയായെന്ന വിമർശനങ്ങളും ഉയർന്നിരുന്നു.
സംസ്ഥാന കൗണ്‍സില്‍ പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ ജില്ലാ പ്രതിനിധികളില്‍ മത്സരത്തിന് സാധ്യത