അച്യുത മേനോനെ 'തിരികെ കൊണ്ടുവരാന്‍' സിപിഐ; സിപിഎമ്മിനുള്ള മറുപടിയോ?

അച്യുത മേനോനെ 'തിരികെ കൊണ്ടുവരാന്‍' സിപിഐ; സിപിഎമ്മിനുള്ള മറുപടിയോ?

സി അച്യുത മേനോന്‍ എന്നും സിപിഎമ്മിനും സിപിഐയ്ക്കും ഇടയിലെ 'തര്‍ക്ക വിഷയമാണ്'
Updated on
4 min read

''കുടിലുകളില്‍ കൂരകളില്‍ കണ്‍മണി പോല്‍ സൂക്ഷിച്ചൊരു ജനമുന്നണി നേതാവാണച്യുത മേനോന്‍'', പൊന്‍കുന്നം ദാമോദരന്റെ പാട്ടുകവിതയിലെ ഈ ആദ്യ വരികള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. ഈ മുദ്രാവാക്യം വീണ്ടും രാഷ്ട്രീയ കേരളത്തില്‍ മുഴങ്ങുകയാണ്. സി അച്യുത മേനോന്‍ സ്മൃതി യാത്രയുമായി സിപിഐ പയ്യന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. മ്യൂസിയത്തിന് സമീപം സ്ഥാപിക്കാനുള്ള പൂര്‍ണകായ പ്രതിമയുമായാണ് സിപിഐയുടെ യാത്ര. വിസ്മൃതിയിലേക്ക് മനപ്പൂര്‍വം തള്ളിവിടാന്‍ ഒരുവിഭാഗം ശ്രമിക്കുമ്പോള്‍, അച്യുത മേനോന്റെ 'ലെഗസി' തിരികെ പിടിക്കാനാണ് ഇടതു മുന്നണിയിലെ രണ്ടാം കക്ഷിയുടെ ശ്രമം.

സി അച്യുത മേനോന്‍ എന്നും സിപിഎമ്മിനും സിപിഐയ്ക്കും ഇടയിലെ 'തര്‍ക്ക വിഷയമാണ്'. നവകേരള ശില്‍പിയെന്നും വികസന നായകനെന്നും സിപിഐ വാഴ്ത്തിപ്പാടുന്ന നേതാവിനെ, സിപിഎം ചിത്രീകരിക്കുന്നത് അടിയന്തരാവസ്ഥയ്ക്ക് കൂട്ടുനിന്ന മുഖ്യമന്ത്രിയെന്ന നിലയിലാണ്. രാജന്‍ കേസ് അടിക്കടി ഓര്‍മ്മിപ്പിച്ച് അച്യുത മേനോനെ പ്രതിസ്ഥാനത്ത് തന്നെ നിര്‍ത്താനുള്ള ശ്രമവും സിപിഎം കാലങ്ങളായി തുടര്‍ന്നുവരുന്നു. അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസിനൊപ്പം അധികാരം പങ്കിട്ട സിപിഐ, പിന്നീട് ഇടതു മുന്നണിക്കൊപ്പം വന്നിട്ടും മുഖ്യമന്ത്രി സ്ഥാനം ത്യജിച്ചിട്ടും സിപിഎം ഈ വിമര്‍ശനം അവസാനിപ്പിക്കാന്‍ തയാറായില്ല. കരുണാകരന്റെ പോലീസ് നടത്തിയ അക്രമവാഴ്ചയെ ഒരക്ഷരം പറയാതെ പിന്തുണച്ച മുഖ്യമന്ത്രിയാണ് അച്യുത മേനോന്‍ എന്നാണ് സിപിഎം നിരന്തരം വിമര്‍ശിക്കുന്നത്.

ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതിന്റെ സുവര്‍ണ ജൂബിലി ആഘോഷം സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് 2020-ലാണ്. ഈ പരിപാടിയാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്

അച്യുത മേനോന്‍ കേരളത്തില്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സിപിഐ ഇതിനെ മുന്‍കാലങ്ങളില്‍ പ്രതിരോധിച്ചുവന്നിരുന്നത്. എന്നാല്‍, പാര്‍ട്ടിക്ക് പേരും പെരുമയുമുണ്ടാക്കി കൊടുത്ത നേതാവിന് തലസ്ഥാന നഗരത്തിലൊരു പ്രതിമ പോലുമില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് വര്‍ഷം മുന്‍പ് അന്നത്തെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സി അച്യുത മേനോന്‍ പ്രതിമ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയത്. അതിന് ഉടനടി ഹേതുവായതും സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും തന്നെ.

ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതിന്റെ സുവര്‍ണ ജൂബിലി ആഘോഷം സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് 2020-ലാണ്. ഈ പരിപാടിയാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. അച്യുത മേനോന്റെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം സിപിഎമ്മും സിപിഐയും തമ്മിലുള്ള തുറന്ന പോരിലേക്ക് നയിച്ചു. സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാന്‍ കഴിയില്ല എന്നായിരുന്നു അന്ന് കാനം രാജേന്ദ്രന്‍ പിണറായി വിജയനോട് പറഞ്ഞത്. ഭൂപരിഷ്‌കരണത്തിന്റെ പിതൃത്വം ഇഎംഎസ് സര്‍ക്കാരുകളിലേക്ക് മാത്രം ചുരുക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് സിപിഐ ആരോപിച്ചു. അന്നും സിപിഎം പ്രതിരോധിച്ചത് അടിയന്തരാവസ്ഥ ചൂണ്ടിക്കാണിച്ചാണ്. അച്യുതമേനോന്‍ രൂപീകരിച്ച ശാസ്ത്ര സാങ്കേതികപരിസ്ഥിതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ചടങ്ങിലും അച്യുത മേനോന്‍ തമസ്‌കരിക്കപ്പെട്ടു.

അച്യുത മേനോനെ 'തിരികെ കൊണ്ടുവരാന്‍' സിപിഐ; സിപിഎമ്മിനുള്ള മറുപടിയോ?
പ്രത്യയശാസ്ത്രത്തിനു മേൽ യുക്തിയെ പ്രതിഷ്ഠിച്ച നേതാവ്; സി അച്യുതമേനോന്റെ 110-ാം ജന്മദിനം

ഏഴു വര്‍ഷം കേരളം ഭരിച്ച മുഖ്യമന്ത്രിയെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഓര്‍മ്മയിലേക്ക് കൊണ്ടുവരാന്‍ സിപിഎം സമ്മതിക്കില്ലെന്ന് മനസിലാക്കിയപ്പോഴാണ് സിപിഐ സ്വന്തം നിലയ്ക്ക് സി അച്യുത മേനോനെ 'പ്രൊമോട്ട്' ചെയ്യാന്‍ തീരുമാനിച്ചത്. സ്ഥലം സര്‍ക്കാരില്‍ നിന്ന് വാങ്ങിയെടുത്ത കാനം, സ്മാരക നിര്‍മ്മാണ ഫണ്ട് സമാഹരിക്കാനും മുന്നില്‍ നിന്നു. അങ്ങനെ, സിപിഐക്കാരുടെ ഏറെ നാളത്തെ ആഗ്രഹം സാധ്യമായി, മ്യൂസിയത്തിന് മുന്നില്‍ ഇനി അച്യുത മേനോനും തലയുയര്‍ത്തി നില്‍ക്കും.

നിലവില്‍ സിപിഐയുടെ വിവിധ പാര്‍ട്ടി ഓഫീസുകള്‍ക്ക് സി അച്യുത മേനോന്റെ പേര് നല്‍കിയിട്ടുള്ളതും തിരുവനന്തപുരത്തെ അച്യുത മേനോന്‍ സെന്ററും മാറ്റിനിര്‍ത്തിയാല്‍ അച്യുത മേനോന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്ന സ്മാരകങ്ങളൊന്നും സംസ്ഥാനത്തില്ല. അടിയന്തരാവസ്ഥ മാത്രം വെച്ച് അളക്കേണ്ട നേതാവുമല്ല അച്യുത മേനോന്‍. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം, ശാസ്ത്ര-സാങ്കേതിക രംഗത്തും അദ്ദേഹം നടത്തിയ ഇടപെടലുകളുടെ അടിത്തറയിലാണ് ഇന്ന് കാണുന്ന കേരള മോഡല്‍ കെട്ടിപ്പൊക്കിയത്. ഏഴു വര്‍ഷം കൊണ്ട് അച്യുത മേനോന്‍ സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടേയും ഗവേഷണ കേന്ദ്രങ്ങളുടേയും മാത്രം കണക്കെടുത്താല്‍ ഇത് ബോധ്യമാകും.

ഇഎംഎസ്, അച്യുത മേനോൻ,കെ ആർ ഗൌരിയമ്മ
ഇഎംഎസ്, അച്യുത മേനോൻ,കെ ആർ ഗൌരിയമ്മ

സ്ഥാപനങ്ങള്‍ സ്ഥാപിക്കുകമാത്രമല്ല, അതത് മേഖലകളില്‍ വിദഗ്ധരായവരെ തിരഞ്ഞുപിടിച്ച് ആ സ്ഥാപനങ്ങളുടെ തലപ്പത്തിരുത്തി വളര്‍ത്താനും അച്യുത മേനോന്‍ മറന്നില്ല. ഡോ. കെ എന്‍ രാജിനെപ്പോലുള്ള സാമ്പത്തിക വിദഗ്ധനെ ക്ഷണിച്ചു വരുത്തിയാണ് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റ്ഡീസ് സ്ഥാപിക്കാന്‍ അച്യുത മേനോന്‍ തുനിഞ്ഞിറങ്ങിയത്. ശ്രീ ചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ പ്രഥമ ഡയറക്ടറകാന്‍ പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. എം എസ് വല്യത്താനെ ക്ഷണിച്ചുവരുത്തി അദ്ദേഹം.

രാജ്യത്ത് ആദ്യമായി ശാസ്ത്രനയം പ്രഖ്യാപിച്ചത് അച്യുതമേനോന്‍ സര്‍ക്കാരാണ്. എല്ലാ പഞ്ചായത്തുകളിലും ഹൈസ്‌കൂളുകള്‍ തുറന്നു. ജില്ലകള്‍ തോറും വ്യവസായ എസ്റ്റേറ്റുകള്‍ സ്ഥാപിച്ചു. ചലച്ചിത്ര അവാര്‍ഡുകള്‍ ആദ്യമായി പ്രഖ്യാപിച്ചതും അക്കാലത്തുതന്നെ. 45 പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കാണ് അച്യുത മേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തറക്കല്ലിട്ടത്. 1973-ല്‍ സ്ഥാപിച്ച കെല്‍ട്രോണ്‍ ഇന്ത്യന്‍ ഇലക്ട്രോണിക് വ്യവസായ മേഖലയില്‍ തന്നെ നാഴികകല്ലായി. കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കെഎസ്എഫ്ഇ, സപ്ലൈകോ, സ്‌റ്റേറ്റ് പ്ലാനിങ് ബോര്‍ഡ്, ആര്‍സിസി, സ്റ്റീല്‍ കോംപ്ലക്‌സ് ലിമിറ്റഡ്, ഹൗസിങ് ബോര്‍ഡ് തുടങ്ങി പിന്നീട് കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക ഘടനയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച സ്ഥാപനങ്ങളുടെ തുടക്കക്കാരന്‍ അച്യുത മേനോനാണ്.

അച്യുത മേനോനെ 'തിരികെ കൊണ്ടുവരാന്‍' സിപിഐ; സിപിഎമ്മിനുള്ള മറുപടിയോ?
ഇടത്തും വലത്തും കളിച്ച സി അച്യുതമേനോൻ

എന്നിട്ടും അടിയന്തരാവസ്ഥയുടെ പേരില്‍ കേരളം അച്യുത മേനോനെ ജീവിതാവസാനം വരെ പെരുമഴയത്ത് നിര്‍ത്തി

ഇഎംഎസ് സര്‍ക്കാര്‍ പാസാക്കിയ ഭൂപരിഷ്‌കരണ ബില്ലിലെ വ്യവസ്ഥകള്‍ 1970 ജനുവരി ഒന്നിന് പ്രാബല്യത്തിലാക്കാനും തുടര്‍നടപടികളെടുക്കാനും അച്യുത മേനോന്‍ സര്‍ക്കാരിനായി. കര്‍ഷകബദ്ധ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് ഏഴരലക്ഷം ഏക്കറോളം സ്വകാര്യവനങ്ങളും കണ്ണന്‍ദേവന്‍ കമ്പനി കൃഷി ചെയ്യാതെ കിടന്നിരുന്ന 132,000 ഏക്കര്‍ ഭൂമിയും കുട്ടനാട്ടില്‍ കൃഷി ചെയ്യാതെ കിടന്നിരുന്ന കായല്‍ നിലവും പ്രതിഫലം നല്‍കാതെ സര്‍ക്കാര്‍ ഏറ്റെടുത്തു.

1974ലെ കര്‍ഷകത്തൊഴിലാളി നിയമം തൊഴിലാളികളുടെ ജീവതം മാറ്റിമറിച്ചു. ജോലി സമയം നിജപ്പെടുത്തി, മിനിമം കൂലി കൂട്ടി, തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തി. പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികള്‍ ഏറ്റെടുത്ത് തുറന്നു പ്രവര്‍ത്തിപ്പിച്ചു. കശുവണ്ടി വികസനകോര്‍പറേഷന്‍ രൂപീകരിച്ചു. തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാന്‍ നിയമം പാസാക്കി.എന്നിട്ടും ഒരൊറ്റ അടിയന്തരാവസ്ഥയുടെ പേരില്‍ കേരളം അച്യുത മേനോനെ ജീവിതാവസാനം വരെ പെരുമഴയത്ത് നിര്‍ത്തി.

സി അച്യുത മേനോൻ്റെ പ്രതിമ
സി അച്യുത മേനോൻ്റെ പ്രതിമ

അടിയന്തരാവസ്ഥ വാര്‍ഷികം വരുമ്പോള്‍ സിപിഎം കൃത്യമായി അച്യുത മേനോനെ വലിച്ചിടുകയും ചെയ്യും. അനവധി ജനകീയ പദ്ധതികളും വികസന നേട്ടങ്ങളും കൊണ്ടുവന്ന, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവിനെ, അടിയന്തരാവസ്ഥയുടെ നിഴലില്‍ കുപ്രസിദ്ധനാക്കി മാറ്റാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് സിപിഎമ്മിനോട് സിപിഐ പലതവണ ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍, ഇതൊന്നും വിലപ്പോയതുമില്ല.

നവകേരള ശില്‍പിയെന്ന വിളിപ്പേര് സിപിഎം ബോധപൂര്‍വം പിണറായി വിജയന് ചാര്‍ത്തിക്കൊടുക്കുകയാണെന്ന് സിപിഐയിലെ സിപിഎം വിരുദ്ധ ചേരി വിമര്‍ശനം ഉന്നയിക്കുന്നത് പതിവാണ്. പിണറായി വിജയനല്ല, സി അച്യുത മേനോനാണ് 'യഥാര്‍ഥ നവകേരള ശില്‍പി'യെന്നാണ് ഇവരുടെ അവകാശവാദം. ഇനിയും കാത്തിരുന്നാല്‍, തങ്ങള്‍ അഹങ്കാരത്തോടെ പറഞ്ഞിരുന്ന പല പദ്ധതികളില്‍ നിന്നും അച്യുത മേനോന്‍ പുറത്താക്കപ്പെടുമെന്ന ഭയവും സിപിഐയെ ഗ്രസിച്ചിട്ടുണ്ടാകണം.

logo
The Fourth
www.thefourthnews.in