കാനം രാജേന്ദ്രന്‍, പിണറായി വിജയന്‍
കാനം രാജേന്ദ്രന്‍, പിണറായി വിജയന്‍

ലോകായുക്തയില്‍ ഭിന്നത തുടരുന്നു: ബദല്‍ നിര്‍ദേശങ്ങളുമായി സിപിഐ, ചര്‍ച്ചയില്‍ ധാരണയായില്ല

ചര്‍ച്ചകള്‍ തുടരുമെന്ന് കാനം രാജേന്ദ്രന്‍, സിപിഐ മുന്നോട്ട് വെച്ച ബദല്‍ നിര്‍ദേശങ്ങള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
Updated on
1 min read

ലോകായുക്ത ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെ ഇടത് മുന്നണിയ്ക്കുള്ളിലെ ഭിന്നത പരിഹരിക്കാന്‍ ചേര്‍ന്ന സിപിഎം - സിപിഐ ചര്‍ച്ചയില്‍ ധാരണയായില്ല. സര്‍ക്കാര്‍ മുന്നോട്ട് വച്ച ഭേദഗതി നിര്‍ദേശങ്ങളോട് സിപിഐ നേതാക്കള്‍ക്ക് വിയോജിപ്പ് തുടരുകയാണ്. എകെജി സെന്ററില്‍ നടന്ന നടന്ന സിപിഎം-സിപിഐ ചര്‍ച്ചയിലാണ് പാര്‍ട്ടി നേതാക്കള്‍ നിലപാട് ആവര്‍ത്തിച്ചത്.

ഓര്‍ഡിനന്‍സാക്കി അവതരിപ്പിച്ച ലോകായുക്ത നിയമ ഭേദഗതി അതുപോലെ അവതരിപ്പിക്കുന്നതില്‍ സിപിഐ നേരത്തെ തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബദല്‍ നിര്‍ദേശങ്ങളും സിപിഐ നേതാക്കള്‍ മുന്നോട്ട് വെച്ചതായാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി രാജീവ്, എ വിജയരാഘവന്‍ എന്നിവരും സിപിഐയെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

ലോകായുക്ത വിധി നടപ്പാക്കുന്നതിനുള്ള അധികാരം ഗവര്‍ണര്‍, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരില്‍ ഒതുക്കി നിര്‍ത്താനുള്ള നീക്കമാണ് സിപിഐയുടെ എതിര്‍പ്പിന് പ്രധാന കാരണം. മന്ത്രിസഭാ യോഗത്തില്‍ ഉള്‍പ്പെടെ സിപിഐ പ്രതിനിധികള്‍ ഈ എതിര്‍പ്പ് പരസ്യമാക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് തര്‍ക്കപരിഹാര ചര്‍ച്ച സംഘടിപ്പിച്ചത്. ഇന്ന് നടന്ന ചര്‍ച്ചയില്‍ അന്തിമ ധാരണയാകാത്ത സാഹചര്യത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സിപിഐ മുന്നോട്ട് വെച്ച ബദല്‍ നിര്‍ദേശങ്ങള്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രിയും അറിയിച്ചതായാണ് വിവരം.

ബില്ല് ചര്‍ച്ചക്കെടുക്കുമ്പോള്‍ പ്രശ്നം പരിഹരിക്കാമെന്ന ഒത്തുതീര്‍പ്പ് നിര്‍ദേശവുമായി മുഖ്യമന്ത്രി

ലോകായുക്തയുടെ അധികാര പരിധി നിശ്ചയിക്കുന്നതിനുള്ള ഭേദഗതി ബില്ലിനെതിരായ വിയോജിപ്പ് നേരത്തേ തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബില്ല് ചര്‍ച്ചക്കെടുക്കുമ്പോള്‍ പ്രശ്നം പരിഹരിക്കാമെന്ന ഒത്തുതീര്‍പ്പ് നിര്‍ദേശമാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചത്. ''ബില്‍ സഭയില്‍ വരുമ്പോള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കും, പാര്‍ട്ടി നിലപാട് ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിക്കും പരസ്യമായി പറയാനില്ല'' എന്നും കാനം പറഞ്ഞിരുന്നു. ബില്ല് അവതരിപ്പിക്കുന്ന അന്ന് തന്നെ പാസ്സാവുകയില്ലല്ലോ എന്ന ചോദ്യവും കാനം ഉന്നയിച്ചിരുന്നു.

ലോകായുക്താഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കുമ്പോളാണ് ഭരണപക്ഷത്തില്‍ തന്നെ ബില്ലിനെ ശക്തമായി പ്രതികൂലിച്ചു കൊണ്ടുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള അഴിമതികളെ മറച്ചു വയ്ക്കാനാണ് സര്‍ക്കാരിന്റെ നീക്കം എന്ന ആക്ഷേപം നിലനില്‍ക്കെയാണ് ബുധനാഴ്ച്ച ലോകായുക്താ ഭേദഗതി ബില്‍ നിയമസഭയില്‍ പരിഗണനയ്ക്ക് എത്തുന്നത്.

logo
The Fourth
www.thefourthnews.in