സ്വയം വിമര്‍ശനത്തില്‍ മുഖ്യമന്ത്രിയുടെ ശൈലിയില്ല!, തോല്‍വിയുടെ കാരണങ്ങള്‍ സിപിഎം കണ്ടെത്തുമ്പോള്‍

സ്വയം വിമര്‍ശനത്തില്‍ മുഖ്യമന്ത്രിയുടെ ശൈലിയില്ല!, തോല്‍വിയുടെ കാരണങ്ങള്‍ സിപിഎം കണ്ടെത്തുമ്പോള്‍

മുഖ്യമന്ത്രി നേരിട്ടത് വിമര്‍ശനങ്ങളല്ല, മറിച്ച് ആക്രമണമാണെന്ന് വ്യക്തമാക്കാനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി ശ്രമിച്ചത്
Updated on
2 min read

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം നേരിട്ടത് 'നല്ല തിരിച്ചടി' എന്ന് വിലയിരുത്തുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കുന്ന നിലപാടുമായി സിപിഎം. തിരഞ്ഞെടുപ്പ് പ്രകടനം ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത പാര്‍ട്ടി സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറയുമ്പോഴും ആരോപണങ്ങള്‍ മുഖ്യമന്ത്രിയിലേക്ക് നീളാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിശദീകരണം.

സ്വയം വിമര്‍ശനത്തില്‍ മുഖ്യമന്ത്രിയുടെ ശൈലിയില്ല!, തോല്‍വിയുടെ കാരണങ്ങള്‍ സിപിഎം കണ്ടെത്തുമ്പോള്‍
'ജനങ്ങളുടെ മനോഭാവം മനസിലാക്കാന്‍ കഴിഞ്ഞില്ല', തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിച്ച് എം വി ഗോവിന്ദന്‍

തോല്‍വിയിലേക്ക് വഴിവച്ചെന്ന സര്‍ക്കാരിന്റെ വീഴ്ചകളില്‍ ഒന്നായി ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്തതിനെ ചൂണ്ടിക്കാട്ടുന്നതിനൊപ്പം മുഖ്യമന്ത്രിക്കെതിരായ പ്രചാരണം ജനങ്ങളെ സ്വാധീനിച്ചെന്ന് കൂടി പറയുകയാണ് എം വി ഗോവിന്ദന്‍ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയുടെ പ്രശ്നം കേന്ദ്ര സര്‍ക്കാരിന്റേതാണ് എന്ന് പറയാമെങ്കിലും അതിന്റെ പ്രശ്നം ഈ വോട്ടെടുപ്പില്‍ പ്രതിഫലിച്ചു. ജനങ്ങള്‍ക്ക് കൃത്യതയോടെ നല്‍കേണ്ടിയിരുന്ന നിരവധി അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാനായില്ലെന്നും പാര്‍ട്ടി വിലയിരുത്തി. ഇതിനൊപ്പമാണ് മുഖ്യമന്ത്രി നേരിട്ടത് വിമര്‍ശനങ്ങളല്ല, മറിച്ച് ആക്രമണമാണെന്ന് വ്യക്തമാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ശ്രമിച്ചത്.

മാധ്യമങ്ങള്‍ ഇടതു വിരുദ്ധ പ്രചാരവേല നടത്തിയെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് എടുത്ത നിലപാടും ഏറെ പ്രധാനമാണ്. മാധ്യമങ്ങളുടെ നിലപാട് സര്‍ക്കാരിനും പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും എതിരായിരുന്നു. യുഡിഎഫും മാധ്യമങ്ങളും പിണറായിയെ ഒറ്റപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തി. അത് ഒരുപരിധിവരെ ജനങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

എം വി ഗോവിന്ദന്‍
എം വി ഗോവിന്ദന്‍

അടിസ്ഥാന വോട്ടുകളില്‍ വന്ന മാറ്റം സിപിഎം അംഗീകരിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്ന് ന്യൂനപക്ഷങ്ങള്‍ കരുതിയതാണ് വോട്ടിങ്ങില്‍ യുഡിഎഫിന് ഗുണമായത്. ക്രൈസ്തവ വോട്ടില്‍ ഒരു വിഭാഗം ബിജെപിയ്ക്ക് ലഭിക്കുന്ന നിലയുണ്ടായി. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫ് ഘടകകക്ഷികളെ പോലെ പ്രവര്‍ത്തിച്ചു. ഈഴവ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായെന്ന് അംഗീകരിക്കുന്ന സിപിഎം എസ്എന്‍ഡിപിയില്‍ ബിഡിജെഎസ് വഴി ബിജെപി കടന്നുകയറിയെന്നും വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയുടെ ഇമേജ് ഇടിച്ചു താഴ്ത്താന്‍ ശ്രമം നടന്നു എന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്.

സ്വയം വിമര്‍ശനത്തില്‍ മുഖ്യമന്ത്രിയുടെ ശൈലിയില്ല!, തോല്‍വിയുടെ കാരണങ്ങള്‍ സിപിഎം കണ്ടെത്തുമ്പോള്‍
വാർഡ് മെമ്പറായി തുടക്കം, ഒടുവിൽ വയനാട്ടിൽനിന്നുള്ള ആദ്യ സിപിഎം മന്ത്രിയായി ഒ ആർ കേളു

തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് വലിയ പ്രചാരണങ്ങള്‍ ഉണ്ടായി. പിണറായിയുടെ ഇമേജ് തകര്‍ക്കാന്‍ ശ്രമിച്ചു, മുഖ്യമന്ത്രിയെയും കുടുംബത്തെയും ഒറ്റതിരിഞ്ഞ് ആക്രമിച്ചു. ഇതും വോട്ടെടുപ്പില്‍ ജനങ്ങളെ സ്വാധീനിച്ചു എന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന ആക്ഷേപങ്ങളെ വ്യക്തിഹത്യ എന്ന ലേബലില്‍ പ്രതിരോധിക്കാനായിരുന്നു എം വി ഗോവിന്ദന്‍ ശ്രമിച്ചത്.

ചിലര്‍ മുഖ്യമന്ത്രിയെ പ്രത്യേക രീതിയില്‍ അവതരിപ്പിക്കുന്നു, അതുവേണ്ട

എം വി ഗോവിന്ദന്‍

മുഖ്യമന്ത്രിയെ പ്രത്യേക രീതിയില്‍ ചിലര്‍ അവതരിപ്പിക്കുന്ന നിലയാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയുടെ ശൈലികളെ ന്യായീകരിച്ചത്. ഒരു വ്യക്തിയുടെ ശൈലി ഒരുദിവസം കൊണ്ട് ഉണ്ടാവുന്നതല്ല. ചിലര്‍ മുഖ്യമന്ത്രിയെ പ്രത്യേക രീതിയില്‍ അവതരിപ്പിക്കുന്നു, അതുവേണ്ട. മുഖ്യമന്ത്രി ശൈലി മാറ്റേണ്ടെന്ന് പറഞ്ഞതായി എഴുതുകയും വേണ്ടെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് എം വി ഗോവിന്ദന്‍ പറഞ്ഞു.

തോല്‍വിയില്‍ നിന്നും തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് സിപിഎം അടിമുടി തിരുത്തും എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ഒന്നും മാറ്റേണ്ടതില്ലെന്ന നിലപാട് എം വി ഗോവിന്ദന്‍ വ്യക്തമാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, ജാഗ്രതയോടെ ഗൗരവപൂര്‍വ്വം ജനങ്ങളെ സമീപിക്കാനാണ് സിപിഎമ്മിന്റെ തീരുമാനമെന്നും എം വി ഗോവിന്ദന്‍ പറയുന്നു.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ രേഖ, പദ്ധതികൾക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കും, കേന്ദ്ര നേതാക്കളെ പങ്കെടുപ്പിച്ച് മേഖലാ യോഗങ്ങള്‍ സംഘടിപ്പിക്കാനുമാണ് സിപിഎം സംസ്ഥാന സമിതി തീരുമാനമെന്നും എം വി ഗോവിന്ദന്‍ വിശദീകരിക്കുന്നു.

അതേസമയം, സിപിഎം സംസ്ഥാന സമിതിയിലും, സിപിഐയുടെ യോഗങ്ങളിലും മുഖ്യമന്ത്രിക്ക് നേരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ ഗുണ്ടാ വിളയാട്ടം, തൃശൂര്‍ പൂരം, സ്ത്രീ സുരക്ഷ എന്നിവയില്‍ ഊന്നിയായിരുന്നു സംസ്ഥാന സമിതിയിലെ വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍ പലതും ജനങ്ങള്‍ക്ക് ദഹിക്കുന്നതായിരുന്നില്ലെന്നും അനാവശ്യമായി കയര്‍ക്കുന്ന സാഹചര്യങ്ങള്‍ അവമതിപ്പ് ഉണ്ടാക്കി. തിരഞ്ഞെടുപ്പു ഘട്ടത്തില്‍ വിദേശത്തുപോയതും മറ്റു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിക്ക് പ്രചാരണം ഷെഡ്യൂള്‍ ചെയ്യാത്തതും വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ധാര്‍ഷ്ട്യം ഉള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നായിരുന്നു സിപിഐയുടെ നിലപാട്.

logo
The Fourth
www.thefourthnews.in