അക്കൗണ്ട് കണ്ടുകെട്ടൽ: 'ഇ ഡി നടപടി അറിയില്ല, ഉണ്ടെങ്കിൽ തോന്ന്യാസം'; എം വി ഗോവിന്ദൻ, കരുവന്നൂരിൽ സംഭവിക്കുന്നതെന്ത്?

അക്കൗണ്ട് കണ്ടുകെട്ടൽ: 'ഇ ഡി നടപടി അറിയില്ല, ഉണ്ടെങ്കിൽ തോന്ന്യാസം'; എം വി ഗോവിന്ദൻ, കരുവന്നൂരിൽ സംഭവിക്കുന്നതെന്ത്?

ഇ ഡി നടപടി ബിജെപി ആരോപണങ്ങള്‍ക്കും കരുത്ത് പകര്‍ന്നിട്ടുണ്ട്
Updated on
2 min read

കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലേക്ക്. കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി നേരിട്ട് ബന്ധമുള്ള ബാങ്ക് അക്കൗണ്ടുകള്‍, ഭൂമി തുടങ്ങിയവയിലേക്ക് ഇ ഡി നടപടി നീളുന്നതാണ് സിപിഎമ്മിന് തിരിച്ചടിയാകുന്നത്.

സിപിഎം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി ഓഫിസ് നിര്‍മിക്കാന്‍ വാങ്ങിയ ഭൂമി, തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ട് അടക്കം, വിവിധ പാര്‍ട്ടി ഘടകങ്ങളുടെ എട്ട് അക്കൗണ്ടുകള്‍ എന്നിവ ഇഡി കഴിഞ്ഞ ദിവസം കണ്ടുകെട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുള്ളതാണ് കണ്ടുകെട്ടിയ സ്വത്തും അക്കൗണ്ടുകളുമെന്നതും പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു.

ഇ ഡി നടപടികളുമുന്നോട്ട് പോകുമ്പോള്‍ മോദി വേട്ടയാടുന്നു എന്ന് പറഞ്ഞ് സിപിഎം നിലവിളിക്കും

വി മുരളീധരന്‍

ഇ ഡി നടപടി ബിജെപി ആരോപണങ്ങള്‍ക്കും കരുത്തുപകര്‍ന്നിട്ടുണ്ട്. മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍ ഉള്‍പ്പെടെ നടത്തിയ പ്രതികരണങ്ങള്‍ ഇതിന്റെ സൂചനയാണ്. ''ഇ ഡി നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ മോദി വേട്ടയാടുന്നുവെന്ന് പറഞ്ഞ് സിപിഎം നിലവിളിക്കും. എന്നാല്‍ അതിനു മുന്‍പ് നിയമപ്രകാരം ചെയ്യേണ്ട കാര്യങ്ങള്‍ എന്തുകൊണ്ട് ചെയ്യാതിരുന്നുവെന്ന് ജനങ്ങളോട് വിശദീകരിക്കണം,'' വി മുരളീധരന്‍ കുറ്റപ്പെടുത്തി.

അക്കൗണ്ടുകളും സ്വത്തും മരവിപ്പിച്ചു എന്നുള്ള വാര്‍ത്തകള്‍ മാത്രമാണ് അറിവുള്ളതെന്നാണ് വിഷയത്തില്‍ തൃശൂര്‍ സിപിഎമ്മിന്റെ നിലപാട്. ഇ ഡി വേട്ടയാടുകയാണെന്ന് ആവര്‍ത്തിച്ച സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇ ഡി നടപടിയെ കുറിച്ച് മാധ്യമവാര്‍ത്തകള്‍ മാത്രമാണ് തങ്ങള്‍ക്ക് മുന്നിലുള്ളതെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇ ഡി നടപടിയെക്കുറിച്ച് വിവരമില്ലാത്ത കാര്യങ്ങളാണ്. പാര്‍ട്ടി വാങ്ങിയ ഭൂമിയില്‍ തെറ്റായൊന്നും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അക്കൗണ്ട് കണ്ടുകെട്ടൽ: 'ഇ ഡി നടപടി അറിയില്ല, ഉണ്ടെങ്കിൽ തോന്ന്യാസം'; എം വി ഗോവിന്ദൻ, കരുവന്നൂരിൽ സംഭവിക്കുന്നതെന്ത്?
കേന്ദ്രത്തിന് വഴങ്ങി; സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഇനി 'ആയുഷ്മാൻ ആരോഗ്യ മന്ദിർ' എന്ന ടാഗ്‌ലൈന്‍

രാഷ്ട്രീയ പ്രതിയോഗികളെ സമ്മര്‍ദത്തിലാക്കാന്‍ ഇ ഡിയെ ഉപയോഗിച്ച് നടത്തുന്ന ശ്രമങ്ങളുടെ മറ്റൊരു രൂപം മാത്രമാണ് കരുവന്നൂരില്‍ നടക്കുന്നതെന്നായിരുന്നു വാര്‍ത്തകളോട് പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാട്. ഇ ഡി സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിപ്പും ലഭിച്ചിട്ടില്ല. പ്രാദേശിക കമ്മിറ്റി ഫണ്ട് പിരിച്ച് വാങ്ങുന്ന സ്ഥലങ്ങള്‍ ജില്ലാ കമ്മിറ്റിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യുക. അതാണ് പതിവ്. അതിന്റെ പേരില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാനും സിപിഎമ്മിന്റെ ഓഫീസ് പിടിച്ചെടുക്കാനുമാണ് ശ്രമം നടക്കുന്നത്. തീര്‍ത്തും രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് ഇ ഡിയുടേതെഎന്നും അദ്ദേഹം ഡല്‍ഹിയില്‍ ചൂണ്ടിക്കാട്ടി.

കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 29 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകള്‍, ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ അക്കൗണ്ട് എന്നിവയ്ക്ക് എതിരെയും നേരത്തെ നടപടി ഉണ്ടായിരുന്നു. കരുവന്നൂര്‍ കേസില്‍ സിപിഎമ്മിനെ കൂടി പ്രതിചേര്‍ത്താണ് ഇ ഡി നടപടി. തൃശൂര്‍ ജില്ലയില്‍ മാത്രം സിപിഎമ്മിന് 101 സ്ഥാവരജംഗമ വസ്തുക്കളുണ്ടെന്നും എന്നാല്‍, ഇക്കാര്യം പാര്‍ട്ടി മറച്ചുവെച്ചുവെന്നുമാണ് ഇഡിയുടെ ആരോപണം. എന്നാല്‍, രഹസ്യ അക്കൗണ്ടുകളില്ലെന്നാണ് പാര്‍ട്ടി നിലപാട്.

logo
The Fourth
www.thefourthnews.in