'മതനിരപേക്ഷ പോരാട്ടത്തിന്റെ മുൻനിര നേതാവ്'; കാഫിർ പ്രയോഗത്തിൽ കെ കെ ലതികയെ സംരക്ഷിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്
വടകരയിലെ കാഫിർ പ്രയോഗ വിവാദത്തില്‍, കെ കെ ലതികയെ സംരക്ഷിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിന്റെ അനുകൂലികൾ എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയെ കാഫിർ എന്ന് വിശേഷിപ്പിച്ചതായി സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പരക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മറ്റി അംഗം കൂടിയായ കെ കെ ലതിക ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് സംഭവങ്ങൾക്ക് ആധാരം.
ഈ ഫേസ്ബുക് പോസ്റ്റിൽ പരാമർശിക്കപ്പെടുന്ന സ്ക്രീൻഷോട്ട് വ്യാജമാണെന്ന് തെളിഞ്ഞതോടെ കാര്യങ്ങൾ മാറുകയായിരുന്നു. കാഫിർ സന്ദേശം പ്രചരിപ്പിച്ചു എന്നതിന്റെ പേരിൽ ലീഗ് പ്രവർത്തകനെതിരെ കേസെടുത്തിരുന്നു അതിനു ശേഷമാണ് പോസ്റ്റിലുള്ള സ്ക്രീൻഷോട്ട് വ്യാജമാണെന്ന വാർത്ത പുറത്തു വന്നത്. ശേഷം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട കെകെ ലതികയ്‌ക്കെതിരെ ഇടതുപക്ഷപ്രവർത്തകർ തന്നെ രംഗത്ത് വന്നിരുന്നു.
മാത്രമല്ല ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സിപിഎമ്മിന്റെ ജില്ലാകമ്മറ്റി അംഗവും കേളുവേട്ടൻ പഠനകേന്ദ്രത്തിന്റെ ചുമതലയുമുള്ള കെ ടി കുഞ്ഞിക്കണ്ണനും കെ കെ ലതികയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. കെ കെ ലതിക ആ പോസ്റ്റ് പങ്കുവച്ചത് തെറ്റായിരുന്നു എന്നാണ് കുഞ്ഞിക്കണ്ണൻ പറഞ്ഞത്. സിപിഎം സഹയാത്രികരും പ്രവർത്തകരുമായ നിരവധിപേർ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും ലതികയ്‌ക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് ലതികയ്ക്കനുകൂലമായി പ്രസ്താവന ഇറക്കിയിരിക്കുന്നത്.
ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ലതികയ്‌ക്കെതിരെ രാഷ്ട്രീയ എതിരാളികൾ നടത്തുന്ന പ്രചാരണമാണിതെന്നും, അതിനെ ചെറുക്കുമെന്നുമാണ് പ്രസ്താവനയിൽ പറയുന്നത്. എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയ്ക്കെതിരെ നിരവധി പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ നടന്നെന്നും അതിന്റെ തുടർച്ചയിലാണ് കാഫിർ പ്രയോഗം ഉണ്ടാകുന്നതെന്നും അതിനെതിരെ സിപിഎം പരാതി നൽകിയിരുന്നെന്നും പറയുന്ന പ്രസ്താവനയിൽ, ആ സമയത്ത് സദുദ്ദേശപരമായാണ് ലതിക പ്രവർത്തിച്ചതെന്നും പറയുന്നു. ലതികയും മറ്റു സിപിഎം നേതാക്കളും പ്രവർത്തകരും എക്കാലവും മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന്റെ മുൻപതിയിൽ നിൽക്കുന്നവരാണെന്ന് നാടിനാകെ ബോധ്യമുള്ളതാണെന്നും പ്രസ്താവനയിൽ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെടുന്നു.