വീണ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, പ്രതിപക്ഷം മിണ്ടാതിരിക്കുന്നത് മുഖ്യമന്ത്രിയുടെ മറുപടി ഭയന്ന്: എ കെ ബാലന്‍
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ യുഡിഎഫിനെ പരിഹസിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍. ഇപ്പോള്‍ ഉണ്ടായ ഈ വിവാദം കോണ്‍ഗ്രസ്സിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. വീണയ്ക്ക് എതിരായ ആക്ഷേപങ്ങളെ പ്രതിരോധിച്ച് കൊണ്ടായിരുന്നു എകെ ബാലന്‍ വിവാദം പ്രതിപക്ഷത്തിന് നേരെ തിരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് വീണയോട് കാര്യങ്ങള്‍ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനി ഇനിയും സേവനങ്ങള്‍ നല്‍കുമെന്നും അതിനുള്ള വേതനം വാങ്ങുമെന്നും എ കെ ബാലന്‍ പറഞ്ഞു.
മാസപ്പടി വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ട്. വിഷയം മുഖ്യധാരയിലേക്ക് എത്തിയാല്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുന്ന പ്രതികരണത്തെക്കുറിച്ച് ഓര്‍ത്ത് ഭയന്നാണ് പ്രതിപക്ഷം അടിയന്തരപ്രമേയമാക്കാതിരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
നിയമവിരുദ്ധമായി ഒന്നും വീണ ചെയ്തിട്ടില്ല. ആദായ നികുതി വകുപ്പ് വീണയോട് കാര്യങ്ങള്‍ ചോദിച്ചോ എന്നും പിണറായി വിജയന് പണം നല്‍കിയെന്ന് കമ്പനി പറഞ്ഞിട്ടുണ്ടോ എന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് ചോദിച്ചു.
പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉമ്മന്‍ ചാണ്ടി മാസപ്പടി വാങ്ങിയെന്നാണ് പറഞ്ഞിട്ടുള്ളത്. അക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് മറുപടി പറയാന്‍ പറ്റില്ല. അക്കാര്യം ഇനി മകനോട് ചോദിക്കണമെന്നും എ കെ ബാലന്‍ തുറന്നടിച്ചു. ജനങ്ങള്‍ ഈ വിവാദത്തെ പരമ പുച്ഛത്തോടെ കാണുമെന്നും വിഷയം ഏറ്റ് പിടിക്കുന്നവര്‍ സമൂഹത്തിനു മുന്നില്‍ ഒറ്റപ്പെടുമെന്നും എ കെ ബാലന്‍ കുറ്റപ്പെടുത്തി.