CV Dhanaraj
CV Dhanaraj

ധനരാജ് കൊല്ലപ്പെട്ടിട്ട് എട്ടു വര്‍ഷം, സിപിഎമ്മില്‍ കനലടങ്ങാതെ ഫണ്ട് വിവാദം

സിപിഎമ്മിൻ്റെ ശക്തികേന്ദ്രത്തിലുണ്ടായ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ തൃപ്തികരമായ വിശദീകരണം ഇന്നു വരെ പാർട്ടി നൽകിയിട്ടില്ലെന്ന് കരുതുന്നവരാണ് ഏറെയും
Updated on
2 min read

പയ്യന്നൂരിലെ സിപിഎം നേതാവായിരുന്ന സി വി ധനരാജ് കൊല്ലപ്പെട്ടിട്ട് എട്ട് വര്‍ഷം പിന്നിടുമ്പോഴും കനലടങ്ങാതെ രക്തസാക്ഷി ഫണ്ട് വിവാദം. ധനരാജ് രക്തസാക്ഷി ദിനം സിപിഎം വിവിധ പരിപാടികളോടെ ആചരിക്കുമ്പോഴും പയ്യന്നൂരിലെ ഫണ്ട് വിവാദം പാർട്ടി ഘടകങ്ങളിൽ ഒഴിഞ്ഞിട്ടില്ലെന്നത് സിപിഎമ്മിന് തലവേദനയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചില സ്ഥലങ്ങളില്‍ പാര്‍ട്ടിക്കു വോട്ട് കുറയാനുള്ള കാരണങ്ങളിലൊന്ന് ഈ വിവാദമാണെന്നു കരുതുന്നവര്‍ പാര്‍ട്ടി നേതൃത്വത്തിലുണ്ട്.

ടി ഐ മധുസൂദനന്‍ എം എല്‍ എ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയായിരുന്ന കാലത്ത് പാര്‍ട്ടി ഓഫീസ് നിര്‍മാണ ഫണ്ട്, രക്താസാക്ഷി കുടുംബ സഹായ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലേക്കു പണം സ്വരൂപിച്ചതും ചെലവഴിച്ചതും പാര്‍ട്ടി രീതി പ്രകാരമല്ലെന്നായിരുന്നു ആരോപണം. ഏരിയാ സെക്രട്ടറിയായ വി കുഞ്ഞികൃഷ്ണന്‍ ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നൽകിയതിനെത്തുടർന്നാണ് സംഭവം പുറത്തായത്.

ധനരാജ് രക്തസാക്ഷി ഫണ്ടിലൂടെ സമാഹരിച്ച തുകയില്‍ ബാക്കിയായ വിഹിതം ടി ഐ മധുസൂദനന്റെ സ്വകാര്യ അക്കൗണ്ടില്‍ നിക്ഷേപിച്ചതും പാര്‍ട്ടി ഫണ്ട് സ്വീകരിച്ച രശീതികളില്‍ പലതിലും പൊരുത്തകേടുകള്‍ കണ്ടെത്തിയതും വിവാദമായി. ധനരാജ് കുടുംബ സഹായ ഫണ്ടിലെ തുക വകമാറ്റി ചെലവഴിച്ചത് അണികളില്‍ വലിയ പ്രതിഷേധമായി മാറിയിരുന്നു.

CV Dhanaraj
ഒടുവില്‍ സിപിഎം ധനരാജിന്റെ കുടുംബത്തിന്റെ കടം തീര്‍ത്തു; തിരിച്ചടച്ചത് 14 ലക്ഷം രൂപ

മധുസൂദനനെതിരെ പരാതി നൽകിയ വി കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറിസ്ഥാനത്തുനിന്ന് ജില്ലാ കമ്മിറ്റി 2022 ജൂണില്‍ നീക്കി. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ചായിരുന്നു നടപടി. ജില്ലാ സെക്രട്ടേറിയറ്റില്‍നിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയതായിരുന്നു ടി ഐ മധുസൂദനനെതിരായ നടപടി. ഈ രണ്ടു പേർ ഉൾപ്പെടെ ആറു പേര്‍ക്കെതിരെയായിരുന്നു അച്ചടക്ക നടപടി. വി കുഞ്ഞികൃഷ്ണനു പകരം ജില്ലാ കമ്മിറ്റി അംഗം ടി വി രാജേഷിന് പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നൽകുകയും ചെയ്തു.

തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു വി കുഞ്ഞികൃഷ്ണൻ പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ ചില കാര്യങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിനായിരുന്നു കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ മൂന്നു തവണ ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നാണ് അച്ചടക്ക നടപടി തീരുമാനിച്ചത്. തുടർന്ന് നടപടി തീരുമാനം പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയിലും കീഴിലെ 12 ലോക്കല്‍ കമ്മിറ്റികളിലും റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഏരിയാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

CV Dhanaraj
പി എസ് സി കോഴ ആരോപണം: പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കും

പരാതി നൽകിയ തനിക്കെതിരെ നടപടിയെടുത്തതിനെത്തുടർന്ന് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. തുടര്‍ന്ന് നേതൃത്വം അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ടിഐ മധുസൂദനനെതിരെ ശക്തമായ നടപടി വേണമെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആവശ്യം. ഇതോടെ മുന്‍ നിലപാട് തിരുത്തി ധനരാജിന്റെ കുടുംബത്തിന്റെ ബാധ്യത സിപിഎം ഏറ്റെടുത്തു. ഏഴു മാസത്തിനുശേഷം നേതൃത്വത്തിന്റെ ഇടപെടലിൽ പാർട്ടിയിൽ തിരിച്ചെത്തിയ വി കുഞ്ഞികൃഷ്ണനെ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു.

സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറിയും ഡി വൈ എഫ് ഐ മുൻ ബ്ലോക്ക് കമ്മിറ്റിയംഗവുമായിരുന്ന സി വി ധനരാജിനെ 2016 ജൂലൈ 11നാണ് രാമന്തളിയിലെ വീട്ടിനടുത്തുവെച്ചാണ് രാഷ്ട്രീയ എതിരാളികള്‍ കൊല്ലപ്പെടുത്തിയത്. ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ തീരുമാനിച്ച സിപിഎം അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് 25 ലക്ഷം രൂപ ചെലവിൽ വീട് നിര്‍മിച്ചുനല്‍കുകയും ജോലി ലഭ്യമാക്കുകയും ചെയ്തു. ധനരാജിന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും പേരില്‍ അഞ്ച് ലക്ഷം രൂപയുടെയും അമ്മയുടെ പേരില്‍ മൂന്നു ലക്ഷത്തിന്റെയും സ്ഥിരനിക്ഷേപവും പാര്‍ട്ടി നല്‍കി.

എന്നാല്‍ കണക്കുകള്‍ വിശദീകരിക്കാതെ ശേഷിക്കുന്ന 43 ലക്ഷം രൂപ അന്ന് ഏരിയ ആയിരുന്ന ടി ഐ മധുസൂദനന്‍ തന്റെ മ സുഹൃത്തായ മധുവുമായി ചേര്‍ന്നുള്ള സ്വകാര്യ ജോയിന്റ് അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ഇതാണ് വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വഴിവെച്ചത്.

CV Dhanaraj
'മുഖ്യമന്ത്രിയുടെ അടുക്കളയിൽവരെ ഒരു വ്യവസായിക്ക് സ്വാധീനം, ആര്യ അഹങ്കാരി'; സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം

പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിടനിര്‍മാണ ഫണ്ടിലും നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിലും ധനരാജ് രക്തസാക്ഷി ഫണ്ടിലും തിരിമറി നടന്നുവെന്നുള്ള പരാതി പാര്‍ട്ടിക്ക് അകത്തുനിന്നു തന്നെയുള്ള തിരുത്തലായി കരുതുന്നുണ്ടെങ്കിലും അത് പയ്യന്നൂർ മേഖലയിലുണ്ടാക്കിയ ക്ഷീണം ചെറുതല്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു കഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ മണ്ഡലത്തിലെ പല കേന്ദ്രങ്ങളിലും പാര്‍ട്ടിക്കുണ്ടായ വോട്ട് ചോര്‍ച്ചയും ഈ ഫണ്ട് വിവാദങ്ങളുമായി ബന്ധമുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പയ്യന്നൂരിലെ പാര്‍ട്ടി ഘടകങ്ങളെ പൊട്ടിത്തെറികളില്ലാതെ മുന്നോട്ടുകൊണ്ടാവാനുള്ള ത്രീവ്രശ്രമത്തിലാണ് പാര്‍ട്ടി ജില്ലാ- സംസ്ഥാന നേതൃത്വങ്ങള്‍.

logo
The Fourth
www.thefourthnews.in