ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കല്‍; സുപ്രീംകോടതിയെ സമീപിക്കാന്‍ സിപിഎം, എ രാജ അപ്പീല്‍ നല്‍കും
ഇടുക്കി ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ജാതി സംബന്ധിച്ച കിര്‍ത്താഡ്‌സ് രേഖകള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനും സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി. എ രാജ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും.
ജാതി സംബന്ധിച്ച കിര്‍ത്താഡ്‌സ് രേഖകള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനും സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പുരോഗമിക്കുന്നതിനിടയിലാണ് ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി വിധി വന്നത്. മുഖ്യമന്ത്രി യോഗത്തിലെത്തിയതിന് പിന്നാലെ വിഷയം വിശദമായി തന്നെ സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ മേല്‍ കോടതിയെ സമീപിച്ച് നിയമ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്നുവന്ന പൊതു ചര്‍ച്ച. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്.
നേരത്തെയുണ്ടായ സമാന കേസുകളുടെ നിയമ നടപടികള്‍ കൂടി കണക്കിലെടുത്താണ് സിപിഎമ്മിന്റെ തീരുമാനം. കൊടിക്കുന്നില്‍ സുരേഷിനെതിരെ നേരത്തെ സമാന രീതിയില്‍ ഹൈക്കോടതി വിധി ഉണ്ടായിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി അനുകൂല വിധി നേടിയാണ് അന്ന് എംഎല്‍എ സ്ഥാനം അദ്ദേഹം നിലനിര്‍ത്തിയത്. ഈ സാധ്യതകള്‍ കൂടി പരിശോധിച്ച ശേഷമാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഒരു ഉപതിഞ്ഞെടുപ്പിന് സാധ്യത നല്‍കാതെ കോടതി വിധിയെ നിയമപരമായി നേരിടാമെന്ന നിലപടിലാണ് സിപിഎം സംസ്ഥാന നേതൃത്വം.
അതേസമയം എ രാജ പാര്‍ട്ടിയില്‍ നിന്ന് വിവരങ്ങള്‍ മറച്ചു വെച്ചെന്ന് മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ആരോപിച്ചു. ഇത് ബോധപൂര്‍വമാണോയെന്ന് അറിയില്ല. നല്‍കിയ വിവരങ്ങള്‍ തെറ്റെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ പാര്‍ട്ടി തിരുത്തുമായിരുന്നുവെന്നും എസ് രാജേന്ദ്രന്‍.