'ദാസേട്ടന്റെ സൈക്കിൾ' പോസ്റ്റർ റിലീസിൽ വിമർശനം; വിശദീകരണവുമായി എംഎ ബേബി
'ദാസേട്ടന്റെ സൈക്കിൾ' എന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടതിന് പിന്നാലെ തനിക്കെതിരെയുണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. നടൻ ഹരീഷ് പേരടിയുടെ നിർമാണത്തിൽ ആദ്യമായി പുറത്തിറങ്ങുന്ന 'ദാസേട്ടന്റെ സൈക്കിൾ എന്ന സിനിമയുടെ പോസ്റ്റർ എംഎ ബേബി തന്റെ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തതിന് പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്. കഴിഞ്ഞ ദിവസമാണ് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പർ എംഎ ബേബി പോസ്റ്റർ റിലീസ് ചെയ്തത്. എന്നാൽ, ഉടൻ തന്നെ വിശദീകരണവുമായി മറുപോസ്റ്റും എംഎ ബേബിയ്ക്ക് ഇടേണ്ടി വന്നിരുന്നു.
'ദാസേട്ടന്റെ സൈക്കിൾ എന്ന മലയാളസിനിമയുടെ പോസ്റ്റർ അതിന്റെ നിർമ്മാതാവിന്റെ അഭ്യർത്ഥനപ്രകാരം ഞാനെന്റെ ഫേസ്ബുക്കിൽ പങ്കുവക്കുകയുണ്ടായി' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലാണ് എംഎ ബേബി വിമർശനങ്ങൾക്ക് മറുപടി നൽകിയത്. ഹരീഷ് പേരാടിയുടെ അഭ്യർത്ഥന പ്രകാരമാണ് തന്റെ ഔദ്യോഗിക പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്തത് എന്നായിരുന്നു എംഎ ബേബിയുടെ വാദം. മാത്രമല്ല, 12ന് ആന്ധ്രയിലെ വിജയവാഡയിലാണെന്ന് ഹരീഷിനെ അറിയിച്ചപ്പോൾ അത് പ്രശ്നമില്ലെന്നും ഫേസ് ബുക്കിൽ റിലീസ് ചെയ്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞുെവന്നും അത് പ്രകാരമാണ് പോസ്റ്റർ പങ്കുവച്ചതെന്നും എംഎ ബേബി പറയുന്നു.
ഹരീഷിന്റെ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തതിന് പിന്നാലെ വലിയ തോതിലുളള വിമർശനമാണ് ബേബിയ്ക്ക് നേരെ ഉയർന്നത്. അതേസമയം, തനിക്കും തന്റെ പാർട്ടിക്കും യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ, അദ്ദേഹം നിർമ്മിക്കുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേസ്ബുക്കിൽ വന്നതോടെ, അത്തരം നിലപാടുകൾക്ക് താൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷവിരുദ്ധന്റെ സിനിമക്ക് എംഎ ബേബി എന്തിനാണ് പ്രചാരണം നൽകുന്നതെന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം. എന്നാൽ തനിക്ക് ഇതുവരെയും ഹരീഷിന്റെ സിനികൾ കാണാനോ അത് വിലയിരുത്താനോ ഉളള അവസരങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് എംഎ ബേബി പറയുന്നത്. കൂടാതെ, സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായ സഹകരണം വിശാലാടിസ്ഥാനത്തിൽ സാധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാടെന്നും ബേബി വ്യക്തമാക്കി.