എം വി ഗോവിന്ദൻ
എം വി ഗോവിന്ദൻദ ഫോർത്ത്

സര്‍ക്കാര്‍ - എസ്എഫ്‌ഐ വിരുദ്ധ ക്യാംപയിന്‍ നടത്തിയതിന് മുന്‍പും കേസെടുത്തിട്ടുണ്ട്, ഇനിയും കേസെടുക്കും: എം വി ഗോവിന്ദന്‍

ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ തെറ്റുകാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. നടപടി സ്വീകരിക്കുന്നതിന് മാധ്യമപ്രവര്‍ത്തകരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമുണ്ടാകില്ല
Updated on
1 min read

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷൊയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസില്‍ മാധ്യമ പ്രവര്‍ത്തകയെ പ്രതിചേര്‍ത്തതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാര്‍ - എസ് എഫ്‌ഐ വിരുദ്ധ ക്യാംപയിന്‍ നടത്തിയാല്‍ ഇനിയും കേസ് എടുക്കുമെന്ന് എം വി ഗോവിന്ദന്‍ കണ്ണൂരില്‍ പ്രതികരിച്ചു.

ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ തെറ്റുകാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. നടപടി സ്വീകരിക്കുന്നതിന് മാധ്യമപ്രവര്‍ത്തകരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമുണ്ടാകില്ല. ഗൂഢാലോചനയില്‍ ആരൊക്കെ പങ്കെടുത്താലും അവരൊക്കെ കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യപ്പെടണം. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഗൂഢാലോചനയില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരണം. സര്‍ക്കാര്‍ - എസ് എഫ്‌ഐ വിരുദ്ധ ക്യാംപയിന്‍ നടത്തിയതിന്റെ പേരില്‍ മുന്‍പും കേസെടുത്തിട്ടുണ്ട്. ഇനിയും കേസെടുക്കും. ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരും. മാധ്യമത്തിന്റെ പേരും പറഞ്ഞ് നടന്നാല്‍ അംഗീകരിക്കില്ലെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.

എം വി ഗോവിന്ദൻ
'ആര്‍ഷൊ വ്യാജ സത്യവാങ്മൂലം നൽകി': ജാതി അധിക്ഷേപ കേസിലെ പരാതിക്കാരിയായ എഐഎസ്എഫ് നേതാവ്

അതേസമയം, മഹാരാജാസ് കോളജിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മാര്‍ക്ക്‌ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം. സംസ്ഥാനത്തെ മാധ്യമസ്വതന്ത്യത്തിന് കൂച്ചുവിലങ്ങിടാനുളള ശ്രമമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്നാണ് പ്രധാന ആക്ഷേപം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് ക്യാംപസില്‍ നിന്ന് വാര്‍ത്ത തത്സമയം റിപ്പോര്‍ട്ട് ചെയ്ത അഖിലയടക്കുള്ളവരെ പ്രതിചേര്‍ത്തത്.

മാധ്യമപ്രവര്‍ത്തകയെ പ്രതിയാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. വാദി പ്രതിയാകുന്ന നിലപാടാണ് കേരള പോലീസ് സ്വീകരിക്കുന്നത്, കേസ് അടിയന്തിരമായി പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. സംഘപരിവാര്‍ കാലത്തെ നാണിപ്പിക്കുംവിധമാണ് കേരളത്തിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം.

എം വി ഗോവിന്ദൻ
മാർക്ക് ലിസ്റ്റ് വിവാദം: ആർഷൊയുടെ പരാതിയിൽ കേസെടുത്തു; ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ അഞ്ചാം പ്രതി

ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുക എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കേരളത്തിലെ സംഭവവികാസങ്ങള്‍ എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വിഷയത്തോട് പ്രതികരിച്ചത്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുക്കാനുള്ള കേരള പോലീസിന്റെ തീരുമാനം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ ചട്ടുകമായി മാറുകയാണ് കേരള പോലീസ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആര്‍ഷോയുടെ പരാതിയില്‍ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച് കേസ്അന്വേഷിക്കുന്ന കൊച്ചി പോലീസ് നടപടികളുമായി മുന്നോട്ട് പോവുകയാണ്. ആദ്യരണ്ട് പ്രതികളായ മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍, വകുപ്പുമേധാവി എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ഗൂഢാലോചനയില്ലെന്നുമാണ് ഇരുവരും മൊഴിനല്‍കിയത്. അഖിലയടക്കം ശേഷിക്കുന്ന മൂന്നുപേരുടെ മൊഴി അടുത്തദിവസം രേഖപ്പെടുത്താനാണ് പോലീസ് നീക്കം.

logo
The Fourth
www.thefourthnews.in