ജനപിന്തുണയുള്ള സര്‍ക്കാര്‍ ഇവിടെയുണ്ട്, ഗവര്‍ണര്‍ വിഡ്ഢിവേഷം കെട്ടുന്നു: എംവി ഗോവിന്ദന്‍
കൊല്ലം നിലമേലില്‍ എസ്എഫ്‌ഐ പ്രതിഷേധത്തിന്റെ പേരില്‍ തെരുവിലിറങ്ങി പ്രതികരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമര്‍ശിച്ച് സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് നിലപാട് വ്യക്തമാക്കിയത്. ഗവര്‍ണര്‍ വിഡ്ഢിവേഷം കെട്ടുന്നു എന്ന് പരിഹസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും ആരോപിച്ചു.
സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടക്കുന്ന ഇടമാണ് കേരളം. ഇവിടെ ഇത്തരം നടപടികള്‍ വിലപ്പോവില്ല. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ല. മറ്റൊരാള്‍ വന്നാല്‍ ചിലപ്പോള്‍ ഇതിലും മോശമായ അവസ്ഥയാകും. ഇപ്പോഴുള്ളതിനേക്കാള്‍ മൂത്ത ആര്‍എസ്എസ് ആയിരിക്കും പിന്നീട് വരിക. ഒരാള്‍ മാറി മറ്റൊരാള്‍ വരണം എന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ല. ആര്‍ട്ടിക്കിള്‍ 356 പ്രകാരമുള്ള നടപടികള്‍ ഒന്നും നടക്കാന്‍ പോകുന്നില്ല. അതിന് ഫാസിസം വരണം. വരുന്ന തിരഞ്ഞെടുപ്പിന് ശേഷം നോക്കാം. ഇന്നത്തെ ഇന്ത്യയില്‍ 356 നടപ്പാക്കാന്‍ സാധിക്കില്ല. ജനങ്ങളുടെ പിന്തുണയുള്ള സര്‍ക്കാര്‍ ഇവിടെയുണ്ടെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണ് എന്ന വാദമാണ് എംവി ഗോവിന്ദര്‍ ആവര്‍ത്തിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന തിരഞ്ഞെടുപ്പില്‍ ഒരു മുന്നേറ്റവും കേരളത്തില്‍ ബിജെപി നേടാന്‍ പോകുന്നില്ല. അതിനാല്‍ പ്രശ്‌നം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള ഒരു നീക്കവും പ്രതീക്ഷിക്കുന്നതായി എംവി ഗോവിന്ദന്‍ പ്രതികരിച്ചു.
നിലവില്‍ എസ്എഫ്‌ഐ നടത്തുന്ന പ്രതിഷേധം തുടരും. അത് അവര്‍ പ്രഖ്യാപിച്ചതാണ്. പട്ടാളം വന്നതുകൊണ്ട് പ്രതിഷേധം അവസാനിപ്പിക്കില്ല. കേരളത്തില്‍ ഉള്ളത് പോലെ ക്രമസമാധാനം ഒരു സംസ്ഥാനത്തും ഇല്ലെന്നതിന്റെ തെളിവാണ് ഇന്നലെ കൊല്ലത്തും നേരത്തെ കോഴിക്കോട് മിഠായി തെരുവിലെയും ഗവര്‍ണറുടെ സന്ദര്‍ശനങ്ങള്‍ തെളിയിക്കുന്നത് എന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.