എം വി ഗോവിന്ദൻ
എം വി ഗോവിന്ദൻ

വർഗീയവാദി പ്രയോഗം നാക്കുപിഴയല്ല, വൈദികന്റേത് വികൃതമായ മനസ്സ്; രൂക്ഷവിമര്‍ശനവുമായി എം വി ഗോവിന്ദന്‍

വിഴിഞ്ഞത്ത് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയാകാമെന്ന സര്‍ക്കാര്‍ നിലപാടില്‍ തെറ്റില്ലെന്നും എംവി ഗോവിന്ദന്‍
Updated on
1 min read

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഴിഞ്ഞത്തേത് സമരമല്ല കലാപമാണെന്നായിരുന്നു എം വി ഗോവിന്ദന്റെ വിമര്‍ശനം. വിഴിഞ്ഞം തുറമുഖ നിർമാണ വിരുദ്ധ സമരസമിതി കൺവീനർ ഫാ. തിയോ‍ഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമര്‍ശത്തെയും കടുത്ത ഭാഷയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചത്.

മന്ത്രി വി അബ്ദുറഹിമാ‍നെതിരെ ഫാ. തിയോ‍ഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമര്‍ശം നാക്കു പിഴയായി കാണാനാകില്ല. വികൃതമായ മനസാണ് ആ വാക്കുകളിലൂടെ വ്യക്തമായത്. സമരം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പോലീസ് സ്റ്റേഷന്‍ ആക്രമണം ആസൂത്രിതമാണ്. പോലീസ് സ്റ്റേഷന്‍ കത്തിക്കും എന്ന് ഒരു ഫാദര്‍ തന്നെ പ്രസംഗിച്ചതാണെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

ക്രമസമാധാനത്തിനല്ല കേന്ദ്രസേന വരുന്നത്, അതിന് പോലീസ് തന്നെ മതി

മത്സ്യതൊഴിലാളികളുടെ എല്ലാ ആവശ്യവും അംഗീകരിച്ചതാണ്. ഇപ്പോള്‍ മത്സ്യത്തൊഴിലാളികളല്ല സമരം നടത്തുന്നത്. ജനാധിപത്യ സമരങ്ങള്‍ക്ക് സിപിഎം എതിരല്ല. എന്നാല്‍ അക്രമം പ്രേത്സാഹിപ്പിക്കാനാവില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

വിഴിഞ്ഞത്ത് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയാകാമെന്ന സര്‍ക്കാര്‍ നിലപാടില്‍ തെറ്റില്ലെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ഏത് വ്യവസായത്തിന്റെയും സംരക്ഷണത്തിന് നിലവിൽ തന്നെ കേന്ദ്ര സേനയുണ്ട്. കേന്ദ്ര സേന വരുന്നതിൽ എന്താണ് പ്രശ്നമെന്നും, എതിർക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ക്രമസമാധാനത്തിനല്ല കേന്ദ്രസേന വരുന്നത്. ക്രമസമാധാന പാലനത്തിന് പോലീസ് തന്നെ മതിയെന്നും അദ്ദേഹം പറഞ്ഞു.

എം വി ഗോവിന്ദൻ
കേന്ദ്രസേന വരുന്നതില്‍ വിരോധമില്ല; വിഴിഞ്ഞം സുരക്ഷാ വിഷയത്തില്‍ അദാനി ഗ്രൂപ്പിനെ പിന്തുണച്ച് സർക്കാർ

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയെ വിളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നെങ്കില്‍, അതിനര്‍ത്ഥം നമ്മുടെ സേന പരാജയപ്പെട്ടുവെന്നാണെന്നുള്ള സമരസമിതി നേതാവും ലത്തീന്‍ അതിരൂപത വികാരിയുമായ ഫാദര്‍ യൂജിന്‍ പെരേരയുടെ പ്രതികരണത്തിന് പിന്നാലെയാണ് എം വി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം.

വിഴിഞ്ഞത്ത് നടന്നത് ഏകപക്ഷീയമായ അക്രമമാണെന്നും സമാധാനം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടക്കുന്നില്ലെന്നും ഫാദര്‍ യൂജിന്‍ പെരേര ആരോപിച്ചിരുന്നു. സര്‍ക്കാരുമായി ചര്‍ച്ച നടക്കുന്നുവെങ്കിലും ഇതുവരെയും അവര്‍ മിനുട്‌സ് തയ്യാറാക്കിയിട്ടില്ല. നിയമം എല്ലാവര്‍ക്കും ബാധകമാണ്.

വര്‍ഗീയ പരാമര്‍ശത്തില്‍ വൈദികന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട വകുപ്പുകളില്‍ ഇരിക്കുന്ന മന്ത്രിമാര്‍ ഭീകരവാദി, മത തീവ്രവാദി എന്നൊക്കെ വിളിച്ചിട്ടുണ്ട്. അത്തരം പരാമര്‍ശങ്ങള്‍ക്കും കേസെടുക്കണമെന്നും യൂജിന്‍ പെരേര ചൂണ്ടിക്കാട്ടിയിരുന്നു. സഭ വിദേശ ഫണ്ട് കൈപ്പറ്റിയെന്ന് ആരോപിക്കുന്നവർ തെളിവ് കൂടി കാണിക്കണം. സഭ യാതൊരു തുകയും അദാനി പോർട്ടിൽ നിന്നും കൈ പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in