കോടിയേരി ബാലകൃഷ്ണൻ
കോടിയേരി ബാലകൃഷ്ണൻ

ഗവർണറുടേത് കൈവിട്ട കളി; സർക്കാരിനെ അട്ടിമറിക്കാൻ നീക്കമെന്ന് കോടിയേരി; മന്ത്രിമാർക്കെതിരായ വിമര്‍ശനം തള്ളാതെ പിണറായി

'ന്നാ താന്‍ കേസ് കൊട്' സിനിമ ബഹിഷ്കരിക്കണമെന്നത് പാര്‍ട്ടിയുടെ ആഹ്വാനമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു
Updated on
2 min read

കേരളത്തിലെ ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍. മറ്റു സംസ്ഥാനങ്ങളില്‍ ഗവര്‍ണറെ ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഭരണം അട്ടിമറിച്ചത്. അതേ സ്ഥിതിയിലേക്ക് കേരളത്തെയും എത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം കോടിയേരി ബാലക്യഷ്ണന്‍ പറഞ്ഞു. അതേസമയം സംസ്ഥാന സമിതിയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷ വിമർശനമുയർന്നു. വിമർശനം ഉൾക്കൊള്ളുന്നു എന്നു പറഞ്ഞ മുഖ്യമന്ത്രി , ജാഗ്രത പാലിക്കണമെന്ന് മന്ത്രിമാർക്ക് നിർദേശം നൽകി.

ഗവര്‍ണര്‍ നടത്തുന്നത് കൈവിട്ട കളിയാണ്. സാധാരണ രീതിയല്‍ പാടില്ലാത്ത തരത്തിലുള്ള ഇടപെടലാണ് ഗവര്‍ണര്‍ നടത്തുന്നത്. ലോകായുക്ത ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നിയമസഭ കൂടേണ്ട സ്ഥിതിയാണുള്ളത്.
കോടിയേരി ബാലകൃഷ്ണൻ

ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം നല്‍കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയുടെ പശ്ചാത്തലത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഗവര്‍ണറുടെ നിലപാടുകള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. ഗവര്‍ണര്‍ നടത്തുന്നത് കൈവിട്ട കളിയാണ്. സാധാരണ രീതിയല്‍ പാടില്ലാത്ത തരത്തിലുള്ള ഇടപെടലാണ് ഗവര്‍ണര്‍ നടത്തുന്നത്. ലോകായുക്ത ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നിയമസഭ കൂടേണ്ട സ്ഥിതിയാണുള്ളത്. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തതിനുള്ള കാരണം ഗവര്‍ണര്‍ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും യോജിച്ച് പോകേണ്ട ഭരണഘടനാ സ്ഥാപനങ്ങളാണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും കോടിേരി ബാലകൃഷ്ണൻ പറഞ്ഞു.

മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ വിമര്‍ശനം

ആഭ്യന്തര വകുപ്പിനെതിരെയും സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളിലും സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയർന്നു. മന്ത്രിമാര്‍ ഓഫീസില്‍ മാത്രം കേന്ദ്രീകരിക്കരുത്. സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യണം. ജനകീയ പിന്തുണ നേടാന്‍ കൂടുതല്‍ പദ്ധതികള്‍ വേണം. സര്‍ക്കാര്‍ എല്ലാവര്‍ക്കും നീതി ഉറപ്പാക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

സമ്മതിച്ച് മുഖ്യമന്ത്രിയും

മന്ത്രിമാർക്ക് നേരെയുളള വിമർശനങ്ങൾ അംഗീകരിക്കുന്നുവെന്ന് സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് മന്ത്രിമാർ മുന്നോട്ട് വരണമെന്ന നിർദേശം ഉൾക്കൊളളുന്നു. മന്ത്രിമാർക്ക് പരിചയക്കുറവുണ്ടെന്നും എങ്കിലും മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. മന്ത്രിമാരോട് ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയ മുഖ്യമന്ത്രി ഓഫീസിലെത്തുന്ന ജനങ്ങളോട് മോശമായി പെരുമാറരുതെന്നും അങ്ങനെ സംഭവിച്ചാൽ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഓർമപ്പെടുത്തി.

മന്ത്രിമാരുടെ മൊത്തം പ്രവര്‍ത്തനമാണ് സംസ്ഥാനസമിതിയിൽ ചര്‍ച്ച ചെയ്തതെന്നായിരുന്നു വിഷയത്തിലുയർന്ന ചോദ്യങ്ങൾക്ക് മാധ്യമങ്ങളോടുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. മന്ത്രിമാരെ മാറ്റേണ്ട സാഹചര്യമില്ല. സംസ്ഥാനത്തുടനീളം മന്ത്രിമാര്‍ സജീവമാകേണ്ടതുണ്ടെന്നും സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം കോടിയേരി വ്യക്തമാക്കി.

സിനിമ ബഹിഷ്കരണ ആഹ്വാനം തള്ളി കോടിയേരി

'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം ബഹിഷ്കരിക്കാനുള്ള സമൂഹ മാധ്യമങ്ങളിലെ ആഹ്വാനം കോടിയേരി ബാലക്യഷ്ണന്‍ തള്ളി. സിനിമ ബഹിഷ്കരിക്കണമെന്നത് പാര്‍ട്ടിയുടെ ആഹ്വാനമല്ല. വിരുദ്ധ അഭിപ്രായക്കാര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥം പത്രങ്ങളില്‍ പ്രസദ്ധീകരിച്ച പരസ്യമാണ് ഒരു വിഭാഗത്തിന്‍റെ വിമര്‍ശനത്തിന് ഇടയാക്കിയത്. ചിത്രം ബഹിഷ്കരിക്കണമെന്നും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബഹിഷ്കരണ ആഹ്വാനം നടത്തിയതില്‍ കൂടുതലും ഇടത് പ്രൊഫൈലില്‍ നിന്നായിരുന്നു. പരസ്യത്തെ അനുകൂലിച്ചും വിമര്‍ശനങ്ങളെ തള്ളിയും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in