പി എസ് സി കോഴ ആരോപണം: പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കും
പി എസ് സി അംഗത്വ കോഴ വിവാദത്തിൽ സിപിഎം നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെ നടപടിക്കൊരുങ്ങി പാർട്ടി. പ്രമോദിനെ പാർട്ടിയിൽനിന്ന് പുറത്താക്കും. പ്രമോദിനെതിരായ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് കോഴിക്കോട് ജില്ലാ കമ്മറ്റിക്ക് കൈമാറി.
എം ഗിരീഷ്, കെ കെ ദിനേശൻ, മാമ്പറ്റ ശ്രീധരൻ, പി കെ മുകുന്ദൻ എന്നിവർ അടങ്ങുന്ന നാലംഗ കമ്മിഷനാണ് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണ കമ്മിഷന് മുൻപാകെ പ്രമോദ് കോട്ടൂളി കുറ്റം ഏറ്റുപറഞ്ഞു. ഇന്നലെ പ്രമോദിൽനിന്ന് കമ്മിഷൻ വിശദീകരണം എഴുതി വാങ്ങിയിരുന്നു.
കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗവും പ്രമോദിനെ സിപിഎമ്മിന്റെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളിൽ നിന്നും ഒഴിവാക്കാനാണ് തീരുമാനം. പ്രമോദിനെതിരായ നടപടി ജൂലൈ 13 ന് നടക്കുന്ന ജില്ലാ സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്യും.
പിഎസ്‌സി അംഗമാക്കാമെന്ന വാഗ്ദാനം നൽകി തങ്ങളിൽനിന്ന് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പ്രമോദിനെതിരായ കോഴിക്കോട്ടെ ഹോമിയോ ഡോക്ടർ ദമ്പതികളുടെ പരാതി. 60 ലക്ഷമാണ് ചോദിച്ചതെന്നും 22 ലക്ഷം കൈമാറിയെന്നുമെന്നുമാണ് ആരോപണം.
സിഐടിയു നേതാവ് കൂടിയായ പ്രമോദ് മന്ത്രി മുഹമ്മദ് റിയാസിന്റെ അയൽവാസിയാണ്. മന്ത്രി മുഖേനെ പി എസ് സി അംഗത്വം തരപ്പെടുത്താമെന്നാണ് തങ്ങളെ വിശ്വസിപ്പിച്ചതെന്നാണ് ദമ്പതികളുടെ പരാതി. ഇക്കാര്യത്തിൽ എം എൽ എമാരായ കെ എം സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും കോഴയിൽ പ്രമോദ് ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണം.
എന്നാൽ ആരോപണം പ്രമോദ് കോട്ടൂളി തള്ളുകയായിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നാണ് പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, പ്രമോദിനെതിരെ നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.