യുഡിഎഫ് ഏകോപന സമിതി യോഗത്തിൽ വി ഡി സതീശൻ, പി കെ കുഞ്ഞാലികുട്ടി,  കെ സുധാകരൻ എന്നിവർ
യുഡിഎഫ് ഏകോപന സമിതി യോഗത്തിൽ വി ഡി സതീശൻ, പി കെ കുഞ്ഞാലികുട്ടി, കെ സുധാകരൻ എന്നിവർ അജയ് മധു

ഏക വ്യക്തിനിയമം: സിപിഎമ്മുമായി സഹകരിക്കില്ലെന്ന് വി ഡി സതീശൻ; യുഡിഎഫ് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കും

തിരുവനന്തപുരത്ത് ഈ മാസം 29 നാണ് പ്രതിഷേധ സംഗമം
Updated on
1 min read

ഏക സിവിൽ കോഡിനെ യുഡിഎഫ് ഒറ്റക്കെട്ടായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം 29 ന് തിരുവനന്തപുരത്ത് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മുമായി ചേർന്നു ഒരു പരിപാടിക്കും നിൽക്കില്ലെന്നും ഇടതുമുന്നണിയിലെ ഘടകകക്ഷികളെയും പരിപാടിയിലേക്ക് ക്ഷണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിനെ വിളിക്കാതെ മറ്റുള്ളവരെ വിളിക്കുന്നതിലെ അനൗചിത്യം കൊണ്ടാണ് യുഡിഎഫ് ഇത്തരമൊരു നിലപാടെടുത്തത്. എല്ലാ മത വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കി മാത്രമായിരിക്കും ഏക സിവിൽ കോഡ് വിഷയത്തിൽ യുഡിഎഫ് മുന്നോട്ടു പോകുക, വി ഡി സതീശൻ വ്യക്തമാക്കി.

യൂണിഫോം സിവില്‍ കോഡ് വിഷയത്തിൽ സിപിഎമ്മിന് യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്നും കുളം കലക്കി വല്ലതും കിട്ടുമോ എന്നുള്ള പരുന്തിന്റെ ചിന്തയുമായാണ് സിപിഎം വന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

അതേസമയം സി പി എം സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡിന്റെ സെമിനാറിൽ സമസ്ത, മുജാഹിദ് വിഭാഗങ്ങൾ പങ്കെടുക്കുന്നതിൽ ആശങ്കയില്ലെന്നും മത സംഘടനകളോട് പോകേണ്ട എന്ന് പറയാൻ ഞങ്ങൾ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in