'കളകളുണ്ടെങ്കില്‍ പറിച്ചുകളയും, തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല'; പികെ ശശി വിഷയത്തില്‍ എം വി ഗോവിന്ദൻ
തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഎം നേതാവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരായ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ചോദ്യത്തിനായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. കളകളുണ്ടെങ്കില്‍ പറിച്ച് കളയുമെന്നും തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം നടത്തുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ക്ഷേത്രഭരണത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ടെന്ന ഹൈക്കോടതി പരാമര്‍ശം ഉയര്‍ത്തിയ വിവാദത്തിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. ക്ഷേത്രഭരണം നടത്തേണ്ടത് വിശ്വാസികളാണെന്നും പാർട്ടി നേതൃത്വമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര ട്രസ്റ്റ് അംഗമാണെന്നതും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ഇതേ വിഷയത്തില്‍ നേരത്തെ ഹൈക്കോടതി നിലപാടിനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്ത് എത്തിയിരുന്നു ഇടതുമുന്നണി കൺവീനർ കൂടിയായ ഇപി ജയരാജന് അദ്ദേഹത്തിന് ഏത് സമയത്ത് വേണമെങ്കിലും പാർട്ടി ജാഥയിൽ പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപി ജയരാജന്‍ ജാഥയില്‍ നിന്നും വിട്ടുനില്‍ക്കുന്നു എന്ന റിപ്പോര്‍ട്ടുകളോടായിരുന്നു പ്രതികരണം.
ലൈഫ് മിഷനിൽ ഒരു ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യത്തിൽ മാത്രമാണ് അപാകത ഉണ്ടായതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തെറ്റ് ചെയ്തവർ മാത്രം അതിന് മറുപടി പറഞ്ഞാൽ മതി. ഇക്കാര്യം പാർട്ടി പരിശോധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പേരാമ്പ്രയിൽ സ്കൂൾ ബസ് സിപിഎം ജാഥയ്ക്ക് ഉപയോഗിച്ചത് വാടക നല്‍കിയിട്ടാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര സർക്കാർ വാർത്താ ഏജൻസികളെ കാവിവത്ക്കരിക്കാൻ നീക്കം നടത്തുന്നുവെന്ന ആരോപണവും പാർട്ടി സെക്രട്ടറി ഉന്നയിച്ചു. ആര്‍എസ്എസ് പിന്തുണയുള്ള വാര്‍ത്താ ഏജന്‍സി ഹിന്ദുസ്ഥാന്‍ സമാചാറുമായി രാജ്യത്തെ പ്രധാന ബ്രോഡ്കാസ്റ്റ് ആയ പ്രസാര്‍ ഭാരതി കൈകോര്‍ക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സിപിഎം നേതാവിന്റെ പ്രതികരണം.