കൊല്ലം ലഹരിക്കടത്ത്: മുഖ്യപ്രതി ഇജാസിനെ സിപിഎം പുറത്താക്കി; ഷാനവാസിന് സസ്പെൻഷൻ

കൊല്ലം ലഹരിക്കടത്ത്: മുഖ്യപ്രതി ഇജാസിനെ സിപിഎം പുറത്താക്കി; ഷാനവാസിന് സസ്പെൻഷൻ

വിശദമായ അന്വേഷണം നടത്താന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു
Updated on
1 min read

കൊല്ലത്തെ പാന്‍മസാലക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സിപിഎം. ആലപ്പുഴ സീ വ്യൂ പടിഞ്ഞാറ് ബ്രാഞ്ച് അംഗം ഇജാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആലപ്പുഴ നോർത്ത് ഏരിയാ കമ്മിറ്റി അംഗം എ ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ആലപ്പുഴ നഗരസഭാ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമാണ് ഷാനവാസ്. മന്ത്രി സജി ചെറിയാൻ കൂടി പങ്കെടുത്ത അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും വസ്തുതകള്‍ പരിശോധിച്ച് തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും ജില്ലാ സെക്രട്ടറി ആർ നാസര്‍ പറഞ്ഞു.

ലഹരികടത്തിന് ഉപയോഗിച്ച വാഹനം വാങ്ങിയതും വാടകയ്ക്ക് നല്‍കിയതും പാര്‍ട്ടിയെ അറിയിച്ചില്ലെന്നും ആര്‍ നാസര്‍ പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ സ്വത്ത് സമ്പാദിക്കുമ്പോള്‍ പാര്‍ട്ടിയെ അറിയിക്കണമെന്ന നിര്‍ദേശം ഷാനവാസ് അവഗണിച്ചുവെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

ലഹരിക്കടത്തുകേസില്‍ മുഖ്യപ്രതിയായി പോലീസ് അറസ്റ്റുചെയ്ത സാഹചര്യത്തിലാണ് ഇജാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇജാസിനെ നാല് മാസങ്ങള്‍ക്ക് മുന്‍പും അരക്കോടി രൂപയുടെ ലഹരി കടത്തിയ കേസില്‍ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം ആളുകളെ പാര്‍ട്ടിയില്‍ വെച്ചു പൊറപ്പിക്കാനാകില്ലെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു. ഇജാസിനെതിരെ നേരത്തെ പരാതിയുയർന്നിരുന്നും അത് പരിശോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്നും ആർ നാസർ വ്യക്തമാക്കി.

ഇന്നലെ പുലര്‍ച്ചയോടെയാണ് കരുനാഗപ്പള്ളിയില്‍ രണ്ട് ലോറികളിലായി കടത്തിയ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സവാള കയറ്റിവന്ന ലോറികളില്‍നിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു.

പരിശോധനയില്‍ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം എന്ന് കണ്ടെത്തി. വാഹനം കട്ടപ്പന സ്വദേശിയ്ക്ക് വാടകയ്ക്ക് നല്‍കിയതാണെന്നും ലഹരി കടത്തു സംഘവുമായി ബന്ധമില്ലെന്നും ഷാനവാസ് പറഞ്ഞിരുന്നു. എന്നാല്‍ ഷാനവാസിന്റെ ജന്മദിനത്തില്‍ ഇജാസ് പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഘവുമായുള്ള ഇയാൾക്ക് ബന്ധം ഉണ്ടെന്ന തരത്തിൽ പ്രചാരണം നടന്നു. ഈ സാഹചര്യത്തിലാണ് ഷാനവാസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വിഷയത്തിൽ തുടർ അന്വേഷണം നടത്താൻ ജി ഹരിശങ്കർ, ജി വേണുഗോപാൽ, കെഎച്ച് ബാബുജാൻ എന്നിവരടങ്ങിയ കമ്മീഷനെ നിയോഗിച്ചു.

പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷാനവാസ് പ്രതികരിച്ചി.

logo
The Fourth
www.thefourthnews.in