ജമാഅത്തെ ഇസ്ലാമി - ആർഎസ്എസ് ചര്‍ച്ച: 
മുഖ്യമന്ത്രിയെ പ്രതിരോധിച്ച് സിപിഎം, വിവാദം യുഡിഎഫിലേക്ക് നീട്ടി മന്ത്രി റിയാസ്

ജമാഅത്തെ ഇസ്ലാമി - ആർഎസ്എസ് ചര്‍ച്ച: മുഖ്യമന്ത്രിയെ പ്രതിരോധിച്ച് സിപിഎം, വിവാദം യുഡിഎഫിലേക്ക് നീട്ടി മന്ത്രി റിയാസ്

മുഖ്യമന്ത്രിയും, സിപിഎമ്മും പറയുന്നത് അസംബന്ധമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. 42 വര്‍ഷം ജമാഅത്തെ ഇസ്ലാമിയുമായി ചങ്ങാത്തം സ്ഥാപിച്ച പാര്‍ട്ടിയാണ് സിപിഎം.
Updated on
2 min read

സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച് ജമാഅത്തെ ഇസ്ലാമി - ആര്‍എസ്എസ് ചര്‍ച്ചാ വിവാദം. ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചതിന് പിന്നാലെയാണ് വിഷയം സജീവ ചര്‍ച്ചയായത്. മുഖ്യമന്ത്രിക്ക് മറുപടിയുമായി ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് വിശദീകരണം നല്‍കിയതോടെ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് ബലമേകാന്‍ സിപിഎം നേതാക്കള്‍ രംഗത്തിറങ്ങുന്ന കാഴ്ചയാണ് ഇന്ന് രാഷ്ട്രീയ കേരളം കണ്ടത്.

ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് ഇസ്ലാമോഫോബിയ ആണെന്നായിരുന്നു ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്‌മാന്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണം. എന്നാല്‍, വിമര്‍ശനങ്ങളെ നേരിടാന്‍ ഇസ്ലാമോഫോബിയ ആരോപിക്കുന്നത് വര്‍ഗീയത മറച്ചുവെക്കാനാണ് എന്നായിരുന്നു ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ പ്രതികരണം.

ജമാഅത്തെ ഇസ്ലാമി - ആർഎസ്എസ് ചര്‍ച്ച: 
മുഖ്യമന്ത്രിയെ പ്രതിരോധിച്ച് സിപിഎം, വിവാദം യുഡിഎഫിലേക്ക് നീട്ടി മന്ത്രി റിയാസ്
ആർഎസ്എസ് - ജമാഅത്തെ ഇസ്ലാമി ചർച്ച ആർക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി; ജനകീയ പ്രതിരോധ ജാഥയ്ക്ക് തുടക്കം

സിപിഎമ്മും ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയിരുന്നു എന്ന ജമാഅത്തെ ഇസ്ലാമിയുടെ ആരോപണത്തോട് പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി അത്തരം ചര്‍ച്ചകള്‍ രഹസ്യമല്ലായിരുന്നു എന്നും മറുപടി നല്‍കി. സിപിഎം - ആര്‍എസ്എസ് ചര്‍ച്ച ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ ചര്‍ച്ചയാണ്. ചര്‍ച്ച രഹസ്യമായിരുന്നില്ല. ഇതിന് പിന്നാലെ കേരളത്തിന്റെ ക്രമസമാധാന നിലയില്‍ മാറ്റം വന്നു എന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ജമാഅത്തെ ഇസ്ലാമി - ആര്‍എസ്എസ് ചര്‍ച്ച വിവാദം യുഡിഎഫിന് നേരെ തിരിച്ച് വിടാനായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസ് ശ്രമിച്ചത്. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം ചര്‍ച്ചാ വിവാദത്തില്‍ യുഡിഎഫ് വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാത്തത് അത്ഭുതകരമാണ് എന്നും കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഇടത് തുടര്‍ ഭരണത്തെ അസ്ഥിരപ്പെടുത്താനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.

യുഡിഎഫ് വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാത്തത് അത്ഭുതകരം

മന്ത്രി പി എ മുഹമ്മദ് റിയാസ്

"കേരളത്തിലെ യുഡിഎഫ് നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല എന്നത് അത്ഭുതകരമാണ്. അത് വളരെ ഗൗരവത്തിൽ പരിശോധിക്കപ്പെടേണ്ട പ്രശ്നമാണ്. മുസ്ലിംലീഗോ കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ ഇക്കാര്യത്തെ ക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്താണ് ഇവർക്ക് ഇത് സംബന്ധിച്ചുള്ള നിലപാട്. കേരളത്തിലെ ഇടത് തുടർ ഭരണം പിടിക്കാത്ത ചിലരുടെ നീക്കങ്ങൾ ഈ ചർച്ചകൾക്ക് പിന്നിലുണ്ടോ എന്നത് നിരീക്ഷിക്കേണ്ടതുണ്ട്. ഇസ്ലാം മത വിശ്വാസികളുടെ ചിന്തകളുടെ അട്ടിപ്പേറവകാശം ജമാഅത്തെ ഇസ്ലാമിക്ക് ആരും നൽകിയിട്ടില്ല. " മുഹമ്മദ് റിയാസ് പറഞ്ഞു. പുറത്ത് ആർ എസ് എസിനെതിരെ നോട്ടീസുകൾ വിതരണം ചെയ്ത് അകത്ത് തല വഴി മുണ്ടിട്ട് നേതാക്കളുമായി അടച്ച മുറിക്കുള്ളിൽ ചർച്ച നടത്തുന്നത് നാണംകെട്ട അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുറത്ത് ആർ എസ് എസിനെതിരെ നോട്ടീസുകൾ വിതരണം ചെയ്ത് അകത്ത് തല വഴി മുണ്ടിട്ട് നേതാക്കളുമായി അടച്ച മുറിക്കുള്ളിൽ ചർച്ച നടത്തുന്നത് നാണംകെട്ട അവസ്ഥ

ജമാഅത്തെ ഇസ്ലാമി - ആർഎസ്എസ് ചര്‍ച്ച: 
മുഖ്യമന്ത്രിയെ പ്രതിരോധിച്ച് സിപിഎം, വിവാദം യുഡിഎഫിലേക്ക് നീട്ടി മന്ത്രി റിയാസ്
ആര്‍എസ്എസുമായി ചര്‍ച്ച: മുഖ്യമന്ത്രിക്ക് ഇസ്ലാമോഫോബിയയെന്ന് ജമാഅത്തെ ഇസ്ലാമി

ഇതിന് പിന്നാലെ, പ്രതിപക്ഷ നേതാവ് വിഡി സതീശനും നിലപാട് വ്യക്തമാക്കി രംഗത്തെത്തി. മുഖ്യമന്ത്രിയും, സിപിഎമ്മും പറയുന്നത് അസംബന്ധമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. 42 വര്‍ഷം ജമാഅത്തെ ഇസ്ലാമിയുമായി ചങ്ങാത്തം സ്ഥാപിച്ച പാര്‍ട്ടിയാണ് സിപിഎം. മാറി മാറി വരുന്ന ജമാഅത്തെ ഇസ്ലാമിയുടെ അമീറുമാരെ പിണറായി സന്ദര്‍ശിച്ചിട്ടുണ്ട്. അന്നില്ലാത്ത വര്‍ഗീയതയാണ് ഇപ്പോള്‍ മുഖ്യമന്ത്രി ആരോപിക്കുന്നത്. സിപിഎം - ആര്‍എസ്എസ് ചര്‍ച്ചക്ക് ശേഷമാണ് കേരളത്തില്‍ കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെടാന്‍ തുടങ്ങിയത്. ആര്‍എസ്എസുമായി ചേര്‍ന്ന് മത്സരിച്ച പാര്‍ട്ടിയാണ് സിപിഎം എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

logo
The Fourth
www.thefourthnews.in