'കത്തുകൾ കൈമാറിയത് സിപിഎം നേതാക്കളുടെ സമ്മർദംമൂലം'; സോളാർ കേസിൽ ഗുരുതര വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
സോളാർ കേസിൽ പരാതിക്കാരിയുടെ കത്തുകൾ കൈമാറിയത് സിപിഎം നേതാക്കളുടെ സമ്മർദംമൂലമാണെന്ന് ദല്ലാൾ ടിജി നന്ദകുമാർ. കത്ത് എൽഡിഎഫിനെ സഹായിക്കുമെന്ന് പറഞ്ഞ് സിപിഎം നേതാക്കൾ നിരന്തരം സമ്മർദം ചെലുത്തിയതിനെത്തുടർന്നാണ് കത്ത് എഷ്യാനെറ്റിലെ റിപ്പോർട്ടറായ ജോഷി കുര്യന് കൈമാറിയതെന്നും നന്ദകുമാർ സിബിഐയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നു.
പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉണ്ടായിരുന്നില്ലെന്ന കേരള കോൺഗ്രസ് ബി നേതാവും എംഎൽഎയുമായ ബി ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നന്ദകുമാർ സിബിഐയ്ക്ക് നൽകിയ മൊഴിയുടെ പകർപ്പ് ദ ഫോർത്തിന് ലഭിച്ചത്.
സോളാർ കേസിൽ പരാതിക്കാരി ജയിലിൽ കിടന്നപ്പോൾ എഴുതിയ കത്തിൽ അന്നത്തെ മുഖ്യമന്ത്രിയുടെ ഉമ്മൻ ചാണ്ടിയുടെ പേര് ഇല്ലായിരുന്നുവെന്നും പിന്നീട് കൂട്ടിച്ചേർത്തതാണെന്നുമുളള സിബിഐയുടെ കണ്ടെത്തലിൽ പിണറായി സർക്കാർ വെട്ടിലായിരിക്കെയാണ് നന്ദകുമാറിന്റെ മൊഴി പുറത്തുവന്നിരിക്കുന്നത്.
അതേസമയം, പരാതിക്കാരിയുമായി ഗണേഷ് കുമാറിന് ബന്ധമുണ്ടായിരുന്നുവെന്ന് ശരണ്യ മനോജ് സിബിഐയ്ക്ക് നൽകിയ മെഴിയും പുറത്തുവന്നിരിക്കെയാണ്. പരാതിക്കാരിയുടെ അറസ്റ്റിന് പിന്നാലെയാണ് പരാതിക്കാരിയുമായി ബന്ധമുണ്ടെന്ന് ഗണേഷ് കുമാർ വെളിപ്പെടുത്തിയത്. അറസ്റ്റിനെ തുടർന്ന് പരാതിക്കാരി തന്റെ പേര് പറഞ്ഞേക്കുമെന്നും ഇത് എന്ത് വില കൊടുത്തും തടയണമെന്ന് തന്നോട് ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് മനോജിന്റെ മൊഴി.
ഇതിനുപിന്നാലെ മനോജും പ്രദീപും ചേർന്ന് അഡ്വ. ഫെന്നി ബാലകൃഷ്ണനെ സമീപിച്ചിരുന്നതായും സിബിഐയുടെ റിപ്പോർട്ടിലുണ്ട്. പരാതിക്കാരി എഴുതിയ കത്ത് തന്നോട് സുരക്ഷിതമായി സൂക്ഷിക്കാൻ ബാലകൃഷ്ണ പിളള ആവശ്യപ്പെട്ടിരുന്നുവെന്നും മനോജ് വ്യക്തമാക്കുന്നുണ്ട്. 2016ൽ പരാതിക്കാരിയുടെ നിർദേശപ്രകാരമാണ് കത്ത് ഇടനിലക്കാരനായ നന്ദകുമാറിനെ ഏൽപ്പിക്കുന്നതെന്നും അദ്ദേഹം സിബിഐയോട് പറഞ്ഞു. എന്നാൽ വിഷയത്തിൽ ഇതുവരെയും ഗണേഷ് കുമാർ പ്രതികരിച്ചിട്ടില്ല.
സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുളള ലൈംഗിക ആരോപണം സംബന്ധിച്ച് തെളിവുകളില്ലെന്നാണ് സിബിഐ റിപ്പോർട്ട്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം ഉണ്ടായിരുന്നില്ലെന്നാണ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ. കൂടാതെ, ക്ലിഫ് ഹൗസിനുള്ളില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ തെളിവും കണ്ടെത്താനും സിബിഐക്കു കഴിഞ്ഞിട്ടില്ല.
പീഡിപ്പിച്ച കാര്യം സാക്ഷിയായി പറയണമെന്ന് പരാതിക്കാരി പിസി ജോര്‍ജിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മൊഴി നല്‍കുമ്പോള്‍ പിസി ജോര്‍ജ് പീഡനം കണ്ടില്ലെന്നാണ് മൊഴി നല്‍കിയത്. ഇതാണ് കേസിൽ നിര്‍ണായകമായി മാറിയത്. പരാതിക്കാരിയുടെ ആദ്യ കത്തിനു പുറമേ അവര്‍ പലപ്പോഴായി രാഷ്ട്രീയനേതാക്കളുടെ പേര്‍ എഴുതിച്ചേര്‍ക്കുന്നതിനായി തയാറാക്കിയ നാലു കത്തുകളും സിബിഐ തെളിവായി ശേഖരിച്ചിരുന്നു.