ഇ പി ജയരാജനെതിരായ ആരോപണം മുറുകുന്നതിനിടെ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന്; മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകം

ഇ പി ജയരാജനെതിരായ ആരോപണം മുറുകുന്നതിനിടെ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന്; മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകം

കേരളത്തിലെ വിഷയം ചര്‍ച്ചയാകാനുളള സാധ്യതകള്‍ നിലവിലുണ്ട്
Updated on
1 min read

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. വെെകിട്ട് മൂന്നിനാണ് യോഗം. കേരളത്തിലെ സിപിഎമ്മില്‍ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ യോഗം വളരെ നിര്‍ണായകമാണ്. കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണമാണ് സംസ്ഥാന നേതൃത്വത്തിന് തലവേദനയാകുന്നത്. അതേസമയം, ഇ പി ജയരാജനെതിരായ ആരോപണങ്ങളില്‍ അന്വേഷണം വേണമോയെന്ന കാര്യം സംസ്ഥാനത്തിന് തീരുമാനിക്കാമെന്ന് കേന്ദ്ര നേതാക്കളുടെ നിലപാട്. പിബി യോഗ അജണ്ടകള്‍ നേരത്തെ തീരുമാനിച്ചതിനാല്‍ അതില്‍ ഇപി വിഷയം ഉള്‍പ്പെട്ടിട്ടില്ല. ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരുക്കങ്ങള്‍ നടത്താനുളള ആലോചനയാണ് അജണ്ടയിലെ പ്രധാന വിഷയം. ദേശീയ രാഷ്ട്രീയ സ്ഥിതിയും ചര്‍ച്ചയുടെ ഭാഗമാകും.

കേരളത്തിലെ വിഷയം സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം വളരെ ഗൗരവമേറിയതാണ്. പാര്‍ട്ടിയിലെ കേന്ദ്രകമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവും എല്‍ഡിഎഫ് കണ്‍വീനറും കൂടിയായ ഇ പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജന്‍ ഉയര്‍ത്തിയ ആരോപണം പാര്‍ട്ടിയെ മൊത്തത്തില്‍ ഉലയ്ക്കുന്നതാണ്. അതിനാല്‍ കേരളത്തിലെ വിഷയം ചര്‍ച്ചയാകാനുളള സാധ്യതകള്‍ നിലവിലുണ്ട്. വിഷയത്തിലെ വസ്തുത പൊതുജനങ്ങളെ ധരിപ്പിക്കേണ്ട ബാധ്യത സിപിഎമ്മിനുണ്ട്. അതിനാല്‍ ആരോപണം എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യം പൊതു ചര്‍ച്ചയുടെ ഭാഗമായേക്കും. ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെയും നിലപാടെന്നാണ് സൂചന. വിവാദം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും വിലയിരുത്തലുമുണ്ട്. അന്വേഷണം വേണോയെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാകും നിര്‍ണായകമാകുക.

ആരോപണങ്ങളില്‍ ഇ പി ജയരാജനോ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോ പ്രതികരിച്ചിട്ടില്ല. പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. ജയരാജന്‍ വിഷയം പിബി ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് ഡല്‍ഹിയില്‍ തണുപ്പ് എങ്ങനെയുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. മാധ്യമങ്ങളോട് പറയാനുളളത് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in