ഏക സിവില്‍ കോഡ്; സിപിഎം തെരുവിലേക്ക്, സമസ്തയെ ഒപ്പം കൂട്ടും
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായ പ്രക്ഷോഭത്തിന് സിപിഎം. സിവില്‍ കോഡ് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണെന്നും അതിനെ എന്തു വിലകൊടുത്തും ചെറുക്കേണ്ടത് അനിവാര്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഏക സിവില്‍ കോഡിനെതിരെ സിപിഎം സെമിനാര്‍ സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ സമസ്തയെ ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
''വര്‍ഗീയവാദികളല്ലാത്ത എല്ലാവരെയും സംഘടിപ്പിക്കും. ഏക സിവില്‍ കോഡിനെതിരെ അതിവിപുലമായ ഐക്യമാണ് ലക്ഷ്യം. അതില്‍ യോജിച്ച് പോകാവുന്ന ആരെയും ഒപ്പം കൂട്ടാം. സെമിനാറിലേക്ക് സമസ്തയെ ക്ഷണിക്കുന്നതില്‍ ഒരു പ്രയാസമില്ല. ജനങ്ങള്‍ പോരാട്ട രംഗത്തേക്ക് വരേണ്ട സമയമായി'' - അദ്ദേഹം പറഞ്ഞു. എന്നാല്‍ സെമിനാറില്‍ മുസ്ലീം ലീഗിന് ക്ഷണമുണ്ടാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയാറായില്ല. രാഷ്ട്രീയ ഐക്യം രൂപീകരിക്കുന്നതില്‍ സിപിഎമ്മിന് കൃത്യമായ കാഴ്ചപ്പാടുെന്നായിരുന്നു മറുപടി.
''ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ ജനാധിപത്യ പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. ന്യൂനപക്ഷത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പോകുന്ന നിലപാട് സിപിഎം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ യുഡിഎഫിന്റെ ഭാഗമായ ലീഗിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. പ്രക്ഷോഭത്തില്‍ ആര്‍ക്കും പങ്കെടുക്കാം''- എംവി ഗോവിന്ദന്‍ വ്യക്തമാക്കി. സിവില്‍ കോഡില്‍ കോണ്‍ഗ്രസിന്റെ നിലപാട് വിചിത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
സിപിഐഎം ക്ഷണിച്ചാല്‍ സെമിനാറില്‍ പങ്കെടുക്കുമെന്നാണ് സമസ്തയുടെ നിലപാട്. ഏക സിവില്‍ കോഡ് വിഷയത്തില്‍ ബിജെപി ഒഴികെ ആരുമായും സഹകരിക്കുമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.