മഗ്‌സസെ പുരസ്‌കാര വിവാദം; നിരസിച്ചത് വ്യക്തിഗത നേട്ടമല്ലാത്തതിനാലെന്ന് യെച്ചൂരിയും ശൈലജയും
മഗ്‌സസെ പുരസ്കാര വിവാദത്തിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കെ കെ ശൈലജയും. സജീവ രാഷ്ട്രീയത്തിലുള്ളയാൾക്ക് മഗ്‌സസെ പുരസ്കാരം നല്‍കുന്നത് പതിവില്ലെന്ന് യെച്ചൂരിയും കെ കെ ശൈലജയും പറഞ്ഞു.
വ്യക്തിപരമായ നേട്ടമെന്ന നിലയിലാണ് മഗ്‌സസെ ഫൗണ്ടേഷൻ കെ കെ ശൈലജയെ പുരസ്കാരത്തിന് പരിഗണിച്ചത്. നിപ-കോവിഡ് പ്രതിരോധ പ്രവർത്തനം സര്‍ക്കാരിന്റെ കൂട്ടായ നേട്ടമായതിനാൽ തന്നെ എന്ത് നിലപാട് സ്വീകരിക്കണമെന്ന് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ശൈലജ പാർട്ടിയോട് ആലോചിച്ചിരുന്നെന്ന് യെച്ചൂരി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നിരസിക്കാനുള്ള തീരുമാനം പാർട്ടി സ്വീകരിച്ചത്. രമൺ മഗ്‌സസെയുടെ രാഷ്ട്രീയ നിലപാടുകളും ചർച്ചയായിരുന്നെന്നും യെച്ചൂരി പറഞ്ഞു.
പാര്‍ട്ടി എന്ന നിലയില്‍ കൂട്ടായി ചര്‍ച്ച ചെയ്താണ് പുരസ്‌കാരം നിരസിക്കാനുള്ള തീരുമാനമെടുത്തതെന്ന് കെ കെ ശൈലജ പറഞ്ഞു. വ്യക്തിപരമായ നേട്ടമല്ലാത്തതിനാലാണ് പുരസ്കാരം നിരസിക്കാനുള്ള തീരുമാനമെടുത്തതെന്നും അവർ വിശദീകരിച്ചു.
മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ മഗ്‌സസെ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ നിന്ന് സിപിഎം തടഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
നിപ - കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഫലപ്രദമായ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ 2022ലെ മഗ്‌സസെ പുരസ്‌കാരത്തിന് കെ കെ ശൈലജയെ പരിഗണിച്ചിരുന്നെന്നും സിപിഎം കേന്ദ്ര നേതൃത്വം വിലക്കിയതിനെ തുടര്‍ന്ന് അവര്‍ പിന്മാറിയെന്നും പത്രം റിപ്പോർട്ട് ചെയ്തു.
വ്യക്തിഗതമായി പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് കെ കെ ശൈലജ നിര്‍വഹിച്ചത്. നിപ, കോവിഡ് നിയന്ത്രണ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാരിന്‌റെ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായിരുന്നെന്ന് പാര്‍ട്ടി വിലയിരുത്തി. കൂടാതെ കമ്മ്യൂണിസ്റ്റ് ഗറില്ലകളെ അടിച്ചമര്‍ത്തിയ മഗ്‌സസെയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നത് പാര്‍ട്ടിക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചടിയാകുമെന്നും സിപിഎം വിലയിരുത്തി എന്നായിരുന്നു വാര്‍ത്തകള്‍.