മേയര്‍ ആര്യാ രാജേന്ദ്രനെതിരെ നടപടിയില്ല; കത്തെഴുതിയവരെ കണ്ടു പിടിക്കട്ടേയെന്ന് എം.വി ഗോവിന്ദന്‍
തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ നടപടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പട്ടിക തേടി കത്ത് തയ്യാറാക്കിയത് താനല്ലെന്ന് മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്. മേയര്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. കത്തെഴുതിയത് ആരെന്ന് കണ്ടുപിടിക്കണം. നിയമനടപടി സ്വീകരിക്കുമെന്ന് മേയര്‍ പാര്‍ട്ടിയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇങ്ങനെ കത്തെഴുതുന്ന സംവിധാനം സിപിഎമ്മിലില്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
സിപിഎമ്മുകാരെ ജോലി ഒഴിവുകളിലേക്ക് തിരുകിക്കയറ്റുന്ന സംവിധാനം പാര്‍ട്ടിക്കകത്തില്ല. കഴിവുണ്ടെങ്കില്‍ അവര്‍ വരട്ടെ എന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. പിന്നെ എങ്ങനെയാണ് ഇത് സംഭവിക്കുക? കത്ത് കിട്ടിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയും വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തട്ടെ.
വിഷയത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കുമെതിരെ വലിയ പ്രചാരണം നടക്കുന്നുവെന്നും സിപിഎമ്മിന് ഒളിച്ചുവെക്കാന്‍ ഒന്നുമില്ല. 295 തസ്തികകളിലേക്കും എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി ലിസ്റ്റ് വാങ്ങി നിയമിക്കുമെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.