സിപിഎം ആറ് തവണയെങ്കിലും കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് കെ സുധാകരൻ; ഗൂഢാലോചന നടത്തിയവർ ഇന്ന് ഉന്നത സ്ഥാനങ്ങളിൽ
സിപിഎം ആറ് തവണയെങ്കിലും തന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും, ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എന്നാൽ ഇതുമായി ബന്ധപ്പെട്ട കേസുകളിലെ സാക്ഷികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഒറ്റ കേസിലും പ്രതികളെ ശിക്ഷിച്ചില്ല. കൊല്ലാൻ ഗൂഢാലോചന നടത്തിയവർ ഇന്ന് പാർട്ടിയിലും സർക്കാരിലും ഉന്നതസ്ഥാനങ്ങളിൽ ഇരുന്ന് ഗൂഢാലോചന തുടരുകയാണെന്നും സുധാകരൻ ആരോപിച്ചു.
" പയ്യന്നൂര്‍, താഴെ ചൊവ്വ, മേലെ ചൊവ്വ, മട്ടന്നൂര്‍, പേരാവൂര്‍, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്നത് നേരിട്ടുള്ള വധശ്രമങ്ങളായിരുന്നു. നിരവധി വധശ്രമങ്ങള്‍ താന്‍ അറിയാതെ നടന്നിട്ടുണ്ട്. പോയ വഴിയെ തിരിച്ചുവരാതെയും, കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയും കാര്‍ മാറിക്കയറിയുമൊക്കെയാണ് രക്ഷപ്പെത്. 1992ല്‍ ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് വധശ്രമ പരമ്പരകള്‍ ഉണ്ടായത്. സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലും സിപിഎമ്മിലെ ചിലരുടെ രഹസ്യ സഹായവും ദൈവാനുഗ്രഹവും സഹായിച്ചിട്ടുണ്ട്," സുധാകരൻ പറഞ്ഞു.
ഇപ്പോള്‍ തനിക്കെതിരേ മൊഴി നല്കിയ പ്രശാന്ത് ബാബു കണ്ണൂരില്‍നിന്ന് സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ കൂത്തുപറമ്പില്‍ വീടുവാങ്ങി അവിടേക്ക് താമസം മാറ്റിയപ്പോള്‍ ഗൃഹപ്രവേശത്തിന് തന്നെ നിര്‍ബന്ധപൂര്‍വം വിളിച്ചിരുന്നു. പോകാനിറങ്ങിയപ്പോള്‍ ഒരു സിപിഎമ്മുകാരന്‍ തന്റെ പിഎയെ വിളിച്ച് വരരുതെന്ന് കട്ടായം വിലക്കി. തുടര്‍ന്ന് നിജസ്ഥിതി അറിയാന്‍ താന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ അയയ്ക്കുകയും അയാള്‍ പോയി നോക്കിയപ്പോള്‍, വഴിമധ്യേയുള്ള ക്വാറിയില്‍ ഒരുപറ്റം സിപിഎമ്മുകാര്‍ ആയുധങ്ങളുമായി കാത്തിരിക്കുന്നതാണ് കണ്ടത്. പിഎ തൊട്ടടുത്തുള്ള വീട്ടില്‍ കയറി ഫോണ്‍ ചെയ്തതുകൊണ്ടാണ് അന്ന് പോകാതിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പേരാവൂര്‍ വെള്ളാര്‍ പള്ളിക്കടുത്തു വച്ച് തന്റെ അംബാസിഡര്‍ കാറിനു ബോംബെറിഞ്ഞു. കാറിന്റെ പിറകിലെ ഗ്ലാസ് തകര്‍ത്ത് ബോംബ് പൊട്ടിത്തെറിച്ചപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന സ്യൂട്ട് കേസാണ് കവചമായി മാറിയത്. കാര്‍ തകര്‍ന്നുപോകുയും കൂടെയുണ്ടായിരുന്നവര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.
താഴെ ചൊവ്വയില്‍ വച്ച് കാറിലുണ്ടായിരുന്ന മൂത്ത സഹോദരനെ ആള്‍ മാറിയാണ് ബോംബെറിഞ്ഞത്. താനുമായി സാമ്യമുള്ള പട്ടാളക്കാരനായ ജ്യേഷ്ഠസഹോദരന്‍ അവധിക്കു വന്നപ്പോള്‍ വീട്ടിലെ കുരുമുളകും അടയ്ക്കയും മറ്റും വില്ക്കാന്‍ തന്റെ കാറില്‍ പോകുകയായിരുന്നു. സിപിഎം സംഘം ഡ്രൈവറുടെ കൈവെട്ടിയ ശേഷമാണ് ബോംബെറിഞ്ഞത്. തലകുത്തി മറിഞ്ഞ കാറിന്റെ ചില്ലുപൊട്ടിച്ചാണ് ജ്യേഷ്ഠന്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്നുണ്ടായ പുകപടലത്തിലൂടെ നിലത്തിഴഞ്ഞ് രക്ഷപ്പെട്ടത്.
സിപിഎമ്മുകാര്‍ രക്തസാക്ഷിയായി കൊണ്ടാടുന്ന നാല്പാടി വാസുവിന്റെ മരണം തനിക്കെതിരേ നടന്ന ബോംബാക്രമണത്തെ തുടര്‍ന്നാണ്. കണ്ണൂരിലെ അക്രമപരമ്പരകള്‍ക്കെതിരേ താന്‍ സമാധാന സന്ദേശയാത്ര നടത്തിയപ്പോള്‍ മട്ടന്നൂര്‍ അയ്യല്ലൂരില്‍ വച്ച് കല്ലേറ് ഉണ്ടായി. താന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് അടിച്ചുതകര്‍ത്ത് തന്നെ കൊല്ലുമെന്ന് ഉറപ്പായപ്പോഴാണ് അക്രമസക്തമായ സിപിഎം സംഘത്തിനു നേരേ ഗണ്‍മാന്‍ വെടിവച്ചത്. നാല്പാടി വാസു അന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനൊന്നുമല്ല. ചായ കുടിക്കാന്‍ പീടികയിലെത്തിയ വാസു ബഹളം കേട്ട് ഒരു മരത്തിന്റെ ഇലകള്‍ക്ക് മറഞ്ഞു നിന്നപ്പോഴാണ് വെടിയേറ്റത്.
സിപിഎമ്മിന്റെ ആക്രമണത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാന്‍ പയ്യന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയപ്പോഴാണ് മറ്റൊരു ആക്രമണം ഉണ്ടായത്. അന്ന് ഗണ്‍മാന്‍ ആകാശത്തേക്ക് വെടിവച്ചതുകൊണ്ടുമാത്രം രക്ഷപ്പെട്ടു. ഹൈക്കോടതി നിര്‍ദേശ പ്രകാരം അന്ന് പോലീസ് സംരക്ഷണം ഉണ്ടായിരുന്ന ഏക എംഎല്‍എ താനായിരുന്നു.
നിരവധി വധശ്രമങ്ങള്‍ താന്‍ അറിയാതെ നടന്നിട്ടുണ്ട്. പോയ വഴിയെ തിരിച്ചുവരാതെയും കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയും കാര്‍ മാറിക്കയറിയുമൊക്കെയാണ് രക്ഷപ്പെത്. 1992ല്‍ ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് വധശ്രമ പരമ്പരകള്‍ ഉണ്ടായത്.
കെ സുധാകരന്‍
ഒരു ദിവസം ഡിസിസി ഓഫീസീല്‍ നിന്ന് രാത്രി പത്തരയോടെ ഇറങ്ങുമ്പോഴാണ് താഴെ ചൊവ്വയില്‍ സിപിഎം കൊലയാളികള്‍ കാത്തിരിക്കുന്ന വിവരം ഒരാള്‍ വിളിച്ചുപറഞ്ഞത്. കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി ആ പ്രദേശത്തുകൂടി കടന്നുപോയപ്പോള്‍ ബോംബുമായി കാത്തിരിക്കുന്ന കൊലയാളി സംഘത്തെ താന്‍ കണ്ടെന്നും സുധാകര്‍ പറഞ്ഞു.
സിപിഎം തയാറാക്കിയ നിരവധി വധശ്രമങ്ങള്‍ പല കാരണങ്ങളാല്‍ നടക്കാതെ പോയതിനെക്കുറിച്ച് പിന്നീട് കേട്ടിട്ടുണ്ട്. സിപിഎം എത്ര ശ്രമിച്ചാലും തന്നെ കൊല്ലാനാകില്ല. ദൈവം വിച്ചാരിച്ചാലേ അതു നടക്കൂ എന്ന് ദൈവവിശ്വാസിയായ താന്‍ വിശ്വസിക്കുന്നു. ജീവന്‍ കൊടുക്കാന്‍ തയ്യാറായി തന്നെ സംരക്ഷിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി ജീവന്‍ കൊടുത്തും പോരാടുമെന്ന് സുധാകരന്‍ പറഞ്ഞു.