ഏക സിവില്‍ കോഡിനെതിരെ സമുദായ സംഘടനകളെ ഒരുമിപ്പിച്ച് സിപിഎം

ഏക സിവില്‍ കോഡിനെതിരെ സമുദായ സംഘടനകളെ ഒരുമിപ്പിച്ച് സിപിഎം

കോഴിക്കോട് സ്വപ്ന നഗരിയില്‍ സംഘടിപ്പിച്ച യുസിസി വിരുദ്ധ സെമിനാറില്‍ ഇരുവിഭാഗം സമസ്ത, മുജാഹിദ്, എംഇഎസ്, കെപിഎംഎസ്, എസ്എന്‍ഡിപി, വിവിധ സഭാ പ്രതിനിധികള്‍ തുടങ്ങിയവരെത്തി
Updated on
3 min read

ഏകസിവില്‍ കോഡിനെതിരെ മത, സമുദായ സംഘടനകളെ ഒരുമിപ്പിച്ച് സിപിഎം. കോഴിക്കോട് സ്വപ്ന നഗരിയില്‍ സംഘടിപ്പിച്ച യുസിസി വിരുദ്ധ സെമിനാറില്‍ ഇരുവിഭാഗം സമസ്ത, മുജാഹിദ്, എംഇഎസ്, കെപിഎംഎസ്, എസ്എന്‍ഡിപി, വിവിധ സഭാ പ്രതിനിധികള്‍ തുടങ്ങിയവരെത്തി. ഏക സിവില്‍കോഡിനെതിരെ ദേശീയതലത്തില്‍ തന്നെ ആദ്യത്തെ ജനകീയ പ്രതിഷേധമായിരുന്നു സിപിഎം സംഘടിപ്പിച്ചത്. യുസിസിയിലെ ആദ്യപരിപാടിയെന്ന നിലയില്‍ പങ്കാളിത്തം കൊണ്ടും വിവിധ സംഘടനാപ്രതിനിധികളെ ഒരുമിച്ചിരുത്തിയതിലും സിപിഎമ്മിന്‍റെ സംഘടനാപാടവം കോഴിക്കോട്ട് തെളിഞ്ഞുകണ്ടു.

ഏക സിവില്‍ കോഡിനെതിരെ സമുദായ സംഘടനകളെ ഒരുമിപ്പിച്ച് സിപിഎം
'ബിജെപിയുടെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം, ഏകീകരണം എന്ന ആശയത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടകള്‍': സീതാറാം യെച്ചൂരി

വ്യക്തി നിയമ പരിഷ്കരണവുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ മുന്‍ നിലപാടുകള്‍ സെമിനാറിന് മുന്‍പ് തന്നെ വിവാദമായിരുന്നെങ്കിലും അതൊന്നും തൊടാതെയായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഉദ്ഘാടന പ്രസംഗം. ഏക സിവിൽ കോഡ് മുസ്ലിം സമുദായത്തെ ലക്ഷ്യം വച്ചാണെന്നും അത് വ്യക്തമായ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. മുസ്ലിം സമുദായത്തെ ടാർഗറ്റ് ചെയ്യുന്ന നിയമങ്ങൾ കൊണ്ടു വരുന്നതിന് പിന്നിലെ ലക്ഷ്യം രാജ്യത്തിന്‍റെ മതേതര അടിത്തറ തകർക്കുകയാണെന്നും
ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങൾ പോലും കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. ഏതെങ്കിലും സമുദായത്തില്‍ പരിഷ്കരണങ്ങള്‍ വേണമെങ്കില്‍ അത് വരേണ്ടത് ഉള്ളില്‍ നിന്ന് തന്നെയാണെന്നും അല്ലാത്ത ശ്രമങ്ങൾ ജനാധിപത്യപരമല്ലെന്നും യെച്ചൂരി വ്യക്തമാക്കി. സെമിനാറിന് മുന്‍പ് യുസിസിയിലെ 'കോണ്‍ഗ്രസിന്‍റെ നിലപാടില്ലായ്മ' സിപിഎം പ്രധാന ചര്‍ച്ചയാക്കിയിരുന്നെങ്കിലും യെച്ചൂരിയോ മറ്റു നേതാക്കളോ പ്രസംഗത്തില്‍ ഈ വിഷയം ഉയര്‍ത്തിയതേയില്ല.

ഹിന്ദു - മുസ്ലിം വിഭാഗീയത ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന വിമര്‍ശനത്തിലൂന്നിയാണ് യെച്ചൂരിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സംസാരിച്ചത്. മുന്നണിയില്‍ രണ്ടാം സ്ഥാനം സിപിഐക്കാണെങ്കിലും യെച്ചൂരിക്കും എം വി ഗോവിന്ദനും ശേഷം സംസാരിക്കാനെത്തിയത് ജോസ് കെ മാണിയാണെന്നതും ശ്രദ്ധിക്കപ്പെട്ടു. ജോസ് കെ മാണിക്ക് ശേഷമാണ് സിപിഐ പ്രതിനിധി ഇ കെ വിജയന്‍ എംഎല്‍എ സംസാരിച്ചത്. എല്‍ജെഡിയെ പ്രതിനിധീകരിച്ച് എം വി ശ്രേയാംസ് കുമാറും സംസാരിച്ചു.

ഏക സിവില്‍ കോഡിനെതിരെ സമുദായ സംഘടനകളെ ഒരുമിപ്പിച്ച് സിപിഎം
ഏക വ്യക്തിനിയമം: സിപിഎം സെമിനാര്‍ ഇന്ന്, ഇപി പങ്കെടുക്കില്ല; കണ്‍വീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദന്‍

മുസ്ലിം ലീഗ് പങ്കെടുക്കാത്ത സെമിനാറിലേക്ക് സമസ്ത എത്തുന്നതിലെ അതൃപ്തികളെയൊക്കെ മറികടന്നാണ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കം പരിപാടിക്കെത്തിയത്. യുസിസിക്കെതിരെ ആര് പ്രതിഷേധം സംഘടിപ്പിച്ചാലും സമസ്ത ഒപ്പമുണ്ടാകുമെന്നും ഇക്കാര്യം സമസ്ത അധ്യക്ഷൻ തന്നെ പ്രഖ്യാപിച്ചതാണെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി. അണികള്‍ക്കും ഇത് തന്നെയാണ് നിലപാട്. അപശബ്ദങ്ങൾ ഉണ്ടാവുകയാണെങ്കിൽ അവഗണിക്കണമെന്ന പരിഹാസം സമസ്തയിലെ തന്നെ സിപിഎം വിരുദ്ധ പക്ഷത്തെക്കൂടി ലക്ഷ്യമിട്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഏക സിവില്‍ കോഡില്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെയും ഉമര്‍ ഫൈസി പരിഹസിച്ചു.

ഏക സിവില്‍ കോഡിനെതിരെ സമുദായ സംഘടനകളെ ഒരുമിപ്പിച്ച് സിപിഎം
ഏകീകൃത സിവിൽ കോഡ്: പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി നീട്ടി

സെമിനാര്‍ സംഘടിപ്പിച്ച സിപിഎമ്മിനെ പ്രശംസിച്ചുകൊണ്ടായിരുന്നു കാന്തപുരം വിഭാഗത്തെ പ്രതിനിധീകരിച്ച് സംസാരിച്ച ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെ വാക്കുകള്‍. സിപിഎം എല്ലാ കാലത്തും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിന്നിട്ടുണ്ടെന്ന് സി മുഹമ്മദ് ഫൈസി പറഞ്ഞു. മതനിയമങ്ങൾ ദുരുപയോഗപ്പെടുത്തുന്നവർ ഉണ്ടാവാം. അവരെ തിരുത്തുകയാണ് വേണ്ടതെന്നും മുഹമ്മദ് ഫൈസി പറഞ്ഞു.

ഏക സിവില്‍ കോഡിനെതിരെ സമുദായ സംഘടനകളെ ഒരുമിപ്പിച്ച് സിപിഎം
സിപിഎമ്മിനെ അവിശ്വസിക്കേണ്ടതില്ല, ഇന്നായിരുന്നെങ്കിൽ ഇഎംഎസ് ഏക സിവിൽ കോഡിന് വേണ്ടി വാദിക്കില്ല: ഉമര്‍ ഫൈസി മുക്കം

ആചാരങ്ങൾക്ക് സ്വാഭാവിക പരിണാമം വേണമെന്നും എന്നാല്‍ അതിനുള്ള വഴി ഏകസിവില്‍ കോഡ് അല്ലെന്നുമുള്ള വാദമാണ് കെപിഎംഎസിനെ പ്രതിനിധീകരിച്ച് സംസാരിച്ച പുന്നല ശ്രീകുമാർ ഉന്നയിച്ചത്. നവീകരിക്കപ്പെടേണ്ടത് നവീകരിക്കപ്പെടുക തന്നെ വേണം. ആധുനിക സമൂഹത്തിന് അനുസരിച്ചുള്ള പരിഷ്കരണങ്ങൾ എല്ലായിടത്തും വേണം. എന്നാല്‍ സിവിൽ കോഡ് വിരുദ്ധ പ്രക്ഷോഭം ഒരു വിഭാഗത്തിന്‍റെ മാത്രം പ്രശ്നമാവാൻ പാടില്ലെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.

ഏക സിവില്‍ കോഡിനെതിരെ സമുദായ സംഘടനകളെ ഒരുമിപ്പിച്ച് സിപിഎം
ഏക വ്യക്തിനിയമം: സമസ്തയില്‍ ഭിന്നത, സിപിഎം സെമിനാറിനെതിരെ പരസ്യ വിമര്‍ശനവുമായി മുശാവറ അംഗം

സിപിഎം സെമിനാറിനെ പ്രശംസിച്ചുകൊണ്ടാണ് കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി സംസാരിച്ചത്. മുഴുവൻ ജനങ്ങളെയും ഒന്നിച്ചു നിർത്തുന്ന പരിപാടിയാണ് സിപിഎം സംഘടിപ്പിച്ചതെന്നും അബ്ദുള്ളക്കോയ മദനി പറഞ്ഞു. ഭിന്നിപ്പിക്കാനുള്ള നിരവധി ശ്രമങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും നിയമങ്ങൾ അടിച്ചേല്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാം അനന്തരാവകാശത്തിൽ സ്ത്രീ വിവേചനമില്ലെന്ന് മർക്കസുദ്ദവ സെക്രട്ടറി ഉമർ സുല്ലമി പറഞ്ഞു. സ്ത്രീ സമത്വം പ്രായോഗികമാണോ എന്ന് ചിന്തിക്കണം, എന്നാല്‍ നീതി നിഷേധിക്കപ്പെടരുത്. ഏകസിവിൽകോഡിനെ എതിർക്കുന്ന ആര് രംഗത്ത് വന്നാലും സംഘടന കൂടെയുണ്ടാകുമെന്ന് ഉമർ സുല്ലമി നിലപാട് വിശദീകരിച്ചു.

സിവില്‍ കോഡ് വിരുദ്ധ പ്രക്ഷോഭത്തിന്‍റെ അവസാനം വരെ സിപിഎം ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് മുജാഹിദ് വിഭാഗമായ വിസ്ഡം നേതാവ് ടി കെ അഷ്‌റഫ്‌. ആരോടൊപ്പം നിൽക്കണം എന്ന കാര്യത്തിൽ അവ്യക്തത പാടില്ല. വ്യക്തി നിയമ പരിഷ്കരണത്തിലെ ഭിന്നാഭിപ്രായത്തിലും അഷ്റഫ് നിലപാട് വ്യക്തമാക്കി. വ്യക്തി നിയമം ദൈവികമാണെന്നും അത് സംരക്ഷിക്കപ്പെടണമെന്നും അഷ്റഫ് പറഞ്ഞു. ഇസ്ലാമിക വ്യക്തി നിയമത്തിൽ പരിമിതികൾ ഉണ്ടെന്ന് തോന്നിയാൽ മാറിനിൽക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തിനിയമങ്ങളിലെ അപാകതകൾ പരിഹരിക്കപ്പെടണമെന്നും എല്ലാ മതവിഭാഗങ്ങളും സഹകരിക്കണമെന്നുമായിരുന്നു താമരശേരി രൂപതയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഫാ. ജോസഫ് കളരിക്കലിന്‍റെ വാക്കുകള്‍. ക്രിസ്തു മതം സ്വീകരിച്ചാൽ ദളിത് പദവി നഷ്ടമാവുന്നത് പോലെയുള്ള വിഷയങ്ങളും അദ്ദേഹം ഉയര്‍ത്തി. യുസി സിയില്‍ നിന്ന് ക്രൈസ്തവ സഭയെ ഒഴിവാക്കിയെന്നത് തെറ്റിദ്ധാരണയാണെന്ന് കോഴിക്കോട് രൂപതാ പ്രതിനിധി ജെൻസൺ മോൻസിഞ്ഞോർ പറഞ്ഞു.

ഏക സിവില്‍ കോഡിനെതിരെ സമുദായ സംഘടനകളെ ഒരുമിപ്പിച്ച് സിപിഎം
ഏക വ്യക്തി നിയമം മാറ്റിവരയ്ക്കുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍, സെമിനാര്‍ വിവാദത്തിന്റെ ബാലന്‍സ് ഷീറ്റില്‍ ലാഭം ആര്‍ക്ക്?

വ്യക്തിനിയമ പരിഷ്കരണത്തില്‍ സിപിഎമ്മും ഇഎംഎസും മുന്‍പ് സ്വീകരിച്ച നിലപാടുകളുടെ കാര്യത്തില്‍ നേതാക്കളില്‍ നിന്ന് വിശദീകരണം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പക്ഷേ ഇക്കാര്യത്തിലൊരു വിശദീകരണം നടത്തിയത് എംഇഎസിനെ പ്രതിനിധീകരിച്ചെത്തിയ ഫസല്‍ ഗഫൂറാണ്. അതൊക്കെ മറ്റൊരു സാഹചര്യത്തിൽ പറഞ്ഞതാണെന്നും കാലഘട്ടത്തില്‍ നിന്ന് അടര്‍ത്തി മാറ്റി വാക്കുകള്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം വിശദീകരിച്ചു. നവോത്ഥാനവും പരിഷ്കരണവും സമുദായത്തിൽ നിന്ന് തന്നെ വരണമെന്നും അത് അടിച്ചേല്‍പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ കോഡ് വിരുദ്ധ പ്രക്ഷോഭത്തിന് വേതൃത്വം നല്‍കാന്‍ സിപിഎം മുന്നോട്ടു വന്നത് നന്നായെന്നും മുസ്‌ലിം സംഘടനകൾ നേതൃത്വം കൊടുത്തിരുന്നെങ്കിൽ അത് മുസ്ലിം പ്രശ്നം മാത്രമായി മാറുമായിരുന്നെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. 

logo
The Fourth
www.thefourthnews.in