മുഖ്യമന്ത്രിയെയടക്കം വിമർശിച്ച് കുറിപ്പ്; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി; പ്രതീക്ഷിച്ചതെന്ന് ഉമേഷ് വള്ളിക്കുന്ന്

മുഖ്യമന്ത്രിയെയടക്കം വിമർശിച്ച് കുറിപ്പ്; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി; പ്രതീക്ഷിച്ചതെന്ന് ഉമേഷ് വള്ളിക്കുന്ന്

കെ ആർ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരത്തില്‍ മുഖ്യമന്ത്രിയേയും എം എ ബേബിയെയും വിമര്‍ശിച്ചായിരുന്നു ഉമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Updated on
1 min read

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളില്‍ ഫേസ്ബുക്കില്‍ വിമർശനക്കുറിപ്പെഴുതിയതിന് നേരിടുന്ന വകുപ്പുതല നടപടികളോട് പ്രതികരിച്ച് സിപിഒ ഉമേഷ് വള്ളിക്കുന്ന്. കേരളത്തില്‍ ഇക്കാലത്തും ജാതിയെ സംരക്ഷിക്കാന്‍ ആള്‍ക്കാരുണ്ടെന്നുള്ളത് ഖേദകരമായ കാര്യമാണെന്നും അതിനാല്‍ തന്നെക്കൊണ്ടാകുന്ന തരത്തില്‍ വിഷയത്തില്‍ പ്രതികരിച്ചതാണെന്നും ഉമേഷ് വള്ളിക്കുന്ന് 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

ജാതി വിവേചനത്തിനെതിരായ വിദ്യാർഥി സമരത്തില്‍ മുഖ്യമന്ത്രിയേയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയെയും വിമര്‍ശിച്ചായിരുന്നു ഉമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിന്നാലെയാണ്, കോഴിക്കോട് ഫറൂക്ക് സ്റ്റേഷനിലെ സിപിഒ ആയ ഉമേഷിനെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയത്. വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ട്രാന്‍സ്ഫര്‍ ഓര്‍ഡറിന്റെ പകര്‍പ്പ് മാത്രമേ തനിക്കും കിട്ടിയിട്ടുള്ളുവെന്നും ഔദ്യോഗികമായി ഇതുവരെ തന്നെ ഒന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ട്രാന്‍സ്ഫര്‍ ഓര്‍ഡറിന്റെ പകര്‍പ്പ് മാത്രമേ തനിക്കും കിട്ടിയിട്ടുള്ളുവെന്നും ഔദ്യോഗികമായി ഇതുവരെ തന്നെ ഒന്നും അറിയിച്ചിട്ടില്ലെന്നും ഉമേഷ്

ഇടതുപക്ഷമായാലും വലതുപക്ഷമായാലും ജാതി വ്യവസ്ഥയ്‌ക്കെതിരെയാണ് നിലകൊള്ളുന്നതെന്നും എന്നാല്‍ ചില വ്യവസ്ഥാപിത താല്‍പര്യക്കാര്‍ ഇന്നും ജാതിക്ക് വേണ്ടി നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ കാലത്ത് കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവങ്ങളാണ് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും, ഡയറക്ടർ ശങ്കര്‍ മോഹന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു. അവയെയെല്ലാം പിന്തുണയ്ക്കുന്ന നിലപാടാണ് ഏറെ ഇഷ്ടപ്പെട്ടിരുന്ന ചലചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വളരെ മോശമായ തരത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ന്യായീകരിച്ചപ്പോഴാണ് താന്‍ പോസ്റ്റ് ഇട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഉമേഷ് പറഞ്ഞു.

പത്തിലധികം തവണയാണ് ഉമേഷിനെതിരെ വകുപ്പുതല നടപടികള്‍ ഉണ്ടായിട്ടുള്ളത്

മുന്‍പും സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ചതിന്റെ പേരില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ഉമേഷ്. പത്തിലധികം തവണയാണ് ഉമേഷിനെതിരെ വകുപ്പുതല നടപടികള്‍ ഉണ്ടായിട്ടുള്ളത്. ഇതിനുമുന്‍പ് പോലീസിന് ഹെല്‍മെറ്റ് വാങ്ങിയതിലെ അഴിമതി ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് ഉമേഷ് വള്ളിക്കുന്ന് നടപടി നേരിട്ടത്. തലയില്‍ വെയ്ക്കാന്‍ പറ്റാത്ത തരത്തില്‍ ഉപയോഗ ശൂന്യമായതും, വിലകുറഞ്ഞതുമായ ഹെല്‍മെറ്റാണ് കേരളാ പോലീസിന് വാങ്ങി നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയതിനാണ് അന്ന് അച്ചടക്ക നടപടി നേരിട്ടത്. ഇന്‍ക്രിമെന്റ് ഉള്‍പ്പെടെ കട്ട് ചെയ്തുകൊണ്ടായിരുന്നു അന്നത്തെ നടപടി.

logo
The Fourth
www.thefourthnews.in