'കടൽ താണ്ടി വന്നവനെ കൈത്തോട് കാണിച്ച് പേടിപ്പിക്കേണ്ട'; സാമ്പത്തികത്തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി കെ സുധാകരൻ
മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. താന്‍ നിരപരാധിയാണെന്നും കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുൻപ് കെ സുധാകരന്‍ പ്രതികരിച്ചു. കോടതിയില്‍ പൂര്‍ണ വിശ്വാസമുള്ളതിനാൽ തന്നെ ആശങ്കയില്ല. കടല്‍താണ്ടി വന്ന തന്നെ കൈത്തോട് കാണിച്ച് പേടിപ്പിക്കരുതെന്നും കെ സുധാകരൻ പറഞ്ഞു.
സുധാകരനെ ചോദ്യം ചെയ്യും മുൻപ് പരാതിക്കാരായ യാക്കൂബ്, ഷമീര്‍, അനൂപ്, അഹമ്മദ് എന്നിവരില്‍ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു
കേസില്‍ മോന്‍സണ്‍ ഒന്നാംപ്രതിയും സുധാകരന്‍ രണ്ടാംപ്രതിയുമാണ്. ഡിഐജി എസ് സുരേന്ദ്രനും, ഐ ജി ലക്ഷ്മണനുമാണ് മറ്റ് പ്രതികള്‍. സുധാകരനെ ചോദ്യം ചെയ്യും മുൻപ് പരാതിക്കാരായ യാക്കൂബ്, ഷമീര്‍, അനൂപ്, അഹമ്മദ് എന്നിവരില്‍ നിന്ന് അന്വേഷണസംഘം മൊഴി എടുത്തിരുന്നു. വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപ്പറ്റാന്‍ ഡൽഹിയില്‍ പണം ചെലവഴിക്കണമെന്നും ഇതിനായി കെ സുധാകരന്‍ ഇടപെടുമെന്നും മോന്‍സണ്‍ മാവുങ്കല്‍ പറഞ്ഞത് പ്രകാരം 25 ലക്ഷം നല്‍കി. പണം നല്‍കുമ്പോള്‍ മോന്‍സനൊപ്പം സുധാകരന്‍ ഉണ്ടായിരുന്നുവെന്നുമാണ് പരാതി. മോന്‍സണ്‍ സുധാകരന് പത്ത് ലക്ഷം നല്‍കിയതായി മോന്‍സന്റെ ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയാലും സുധാകരനെ ജാമ്യത്തില്‍ വിട്ടേക്കും.
അറസ്റ്റ് ചെയ്താല്‍ ഉപാധികളോടെ ജാമ്യത്തില്‍ വിടണമെന്നുമുള്ള നിര്‍ദേശത്തോടെ രണ്ടാഴ്ചത്തേക്കാണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നതിന് പുറമെ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് ആള്‍ ജാമ്യവും കെട്ടിവെക്കണമെന്നതാണ് മുഖ്യ വ്യവസ്ഥ. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സിആര്‍പിസി 41 എ വകുപ്പു പ്രകാരമാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്. എഫ്ഐആറില്‍ തനിക്കെതിരെ ആരോപണങ്ങളില്ലാതിരുന്നിട്ടും കേസില്‍ പങ്കുണ്ടെന്ന സംശയത്തിന്റെ പേരില്‍ 19 മാസത്തിന് ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചതെന്നാണ് സുധാകരന്‍ മുന്‍കൂര്‍ ജാമ്യാപക്ഷേയില്‍ പറഞ്ഞിരുന്നത്. അവിശ്വസനീയമായ കാരണങ്ങളും പൊലീസിനുമേലുള്ള രാഷ്ട്രീയ സമ്മര്‍ദവുമാണ് നോട്ടീസിന് കാരണമെന്നും ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്നും ആരോപിച്ചിരുന്നു.