തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന വിവാദം : ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ഉടൻ
തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന വിവാദത്തിൽ ക്രൈംബ്രാഞ്ച് ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കും. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റ മൊഴി മാത്രമാണ് ഇനി രേഖപ്പെടുത്താനുള്ളത്. ഇതുകൂടി പൂർത്തിയായാൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.
സംഭവത്തില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. എഫ്ഐആർ ഇടാത്തതിനെപ്പറ്റി അറിയില്ല. രാജി ആവശ്യപ്പെടാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ടെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
കഴിഞ്ഞ ദിവസം മേയറുടേയും ഓഫീസ് ജീവനക്കാരുടെയും മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. കത്ത് വ്യാജമായി നിർമിച്ചതെന്നാണ് മേയർ ആര്യാ രാജേന്ദ്രനും ജീവനക്കാരും നല്‍കിയ മൊഴി. ഒപ്പ് സ്കാൻ ചെയ്ത് വ്യാജരേഖയുണ്ടാക്കിയതായി സംശയിക്കുന്നുവെന്ന് ആര്യ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.ഈ മൊഴികളുടെ അടിസ്ഥാനത്തിൽ വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
കത്ത് വിവാദത്തിൽ സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് ഹർജി സമർപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ കത്ത് നൽകിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ഹർജിൽ പറയുന്നു. രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ കോർപ്പറേഷനിൽ നടന്നതായും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇന്ന് നഗരസഭയ്ക്ക് മുമ്പിൽ കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഉദ്ഘാടനം ചെയ്യും.