ഷാരോണ്‍
ഷാരോണ്‍

ഷാരോണിന്റെ മരണം: പെൺസുഹൃത്തിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോൺസന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല
Updated on
1 min read

തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തിൽ പെൺസുഹൃത്തിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്‌തേക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോൺസന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. മരണത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

പാറശാല പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും ഷാരോണിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്നും മകനെ വിഷം നൽകി കൊല്ലുകയായിരുന്നുവെന്നുമാണ് ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണം. പെൺസുഹൃത്തിന്റെ വീട്ടില്‍ നിന്ന് കഴിച്ച കഷായവും ജ്യൂസുമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.

ഷാരോൺ പെൺകുട്ടിയുടെ വീട്ടിലെത്തിയതിന് രണ്ടാഴ്ച മുന്‍പും രണ്ട് കുപ്പികളിലാക്കി പെൺകുട്ടി കൊണ്ടുവന്ന ജ്യൂസ് ഇരുവരും കുടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതായിരിക്കുമോ പ്രശ്നമെന്ന് പെൺകുട്ടിയും ഷാരോണും സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. വീട്ടില്‍ വന്നപ്പോള്‍ കുടിച്ച ജ്യൂസിന് കുഴപ്പമുണ്ടോ എന്ന സംശയം പെൺകുട്ടിയും വാട്സ് ആപ് സന്ദേശത്തിൽ ഉന്നയിക്കുന്നുണ്ട്. പെൺകുട്ടി ഷാരോണിന്റെ അച്ഛന് അയച്ച വാട്സ്ആപ് സന്ദേശത്തിലു കഷായം നൽകിയെന്ന് സമ്മതിക്കുന്നുണ്ട്.  താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കൊല്ലാമായിരുന്നെങ്കിൽ അത് നേരത്തെ ആകാമായിരുന്നു എന്നുമാണ് പെൺകുട്ടി പറയുന്നത്. താൻ സ്ഥിരമായി കഴിക്കുന്ന കഷായമാണ് ഷാരോണിന് നൽകിയത്. വീട്ടിൽവച്ച് ഷാരോണിന് വിഷമേറ്റിട്ടില്ലെന്നും ഷാരോണിന്റെ സഹോദരന് പെൺകുട്ടി അയച്ച സന്ദേശത്തിൽ പറയുന്നുണ്ട്.

നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർത്ഥിയായ ഷാരോൺ രാജ് ഈ മാസം 25നാണ് മരിച്ചത്. പതിനാലാം തീയതിയാണ് ഷാരോൺ പെൺസുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നത്. തുടർന്ന് ഷാരോൺ ഛർദ്ദിച്ച് അവശനായാണ് പുറത്തിറങ്ങി വന്നതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തും പറയുന്നു. സുഹൃത്തിനെ പുറത്തുനിർത്തിയാണ് ഷാരോൺ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയത്.

തിരിച്ച് വീട്ടിലെത്തിയ ശേഷം ഛർദ്ദിയും അവശതകളും കൂടിയതോടെ രാത്രിയിൽ ആശുപത്രിയിലെത്തിച്ചു. പരിശോധനകൾക്ക് ശേഷം തിരിച്ചയച്ചെങ്കിലും തൊട്ടടുത്ത ദിവസം ആരോഗ്യനില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചു. അപ്പോഴേക്കും വായിൽ വ്രണങ്ങൾ രൂപപ്പെട്ട് ഭക്ഷണം കഴിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. തുടർന്ന് ആന്തരികാവയവങ്ങളുടെ പ്രവർത്തനം പതുക്കെ തകരാറിലായി. വൃക്കയുടെ പ്രവർത്തനം പൂർണമായി നിലച്ചതിനെ തുടർന്ന് ഒൻപത് ദിവസത്തിനുള്ളിൽ അഞ്ച് തവണ ഡയാലിസിസ് നടത്തിയിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. വിഷാംശം ഉള്ളിൽ ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in