സംവിധായിക നയന സൂര്യന്റെ മരണം: അന്വേഷണം ഇനിയും തുടങ്ങാനാകാതെ ക്രൈംബ്രാഞ്ച്

സംവിധായിക നയന സൂര്യന്റെ മരണം: അന്വേഷണം ഇനിയും തുടങ്ങാനാകാതെ ക്രൈംബ്രാഞ്ച്

ഫയലുകള്‍ ക്രൈം ബ്രാഞ്ച് യൂണിറ്റിലേക്ക് എത്താത്തതാണ് അന്വേഷണം വെെകാന്‍ കാരണം
Updated on
1 min read

യുവ സംവിധായിക നയന സൂര്യന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നും തുടങ്ങിയില്ല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി രണ്ടു ദിവസം കഴിഞ്ഞിട്ടും പുതിയ സംഘത്തിന് അന്വേഷണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. നയന സൂര്യന്റെ മരണം വിവാദമായതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചത്.

കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ തിരുവനന്തപുരം സിറ്റി കമ്മീഷണറുടെ ഓഫീസില്‍ നിന്നും ക്രൈംബ്രാഞ്ച് യൂണിറ്റിലേക്ക് എത്താത്തതാണ് അന്വേഷണം വൈകുന്നതിന് കാരണമെന്നറിയുന്നു. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഫയലുകള്‍ ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം ആരംഭിക്കുമെന്നും അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ് പി മധുസൂദന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. ഫയലുകള്‍ ലഭിച്ചാല്‍ അവ പഠിച്ച് ഒരാഴ്ചക്കുള്ളില്‍ അന്വേഷണം ആരംഭിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നയന കൊല്ലപ്പെട്ട് നാല് വർഷമാകുന്നവേളയിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമ്പോള്‍ മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. തെളിവുശേഖരണമാണ് ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിലുള്ള പ്രധാന കടമ്പ. കേസ് ആദ്യം അന്വേഷിച്ച മ്യൂസിയം പോലീസ് തയ്യാറാക്കിയ മഹസറിലും ഇന്‍ക്വസ്റ്റിലും രേഖപ്പെടുത്തിയിരിക്കുന്ന മൊഴികളിലെ അസ്വാഭാവികത ക്രൈംബ്രാഞ്ചിന് വെല്ലുവിളിയാകും.

അസ്വാഭാവിക മരണം നടന്ന സ്ഥലത്ത് ഉറപ്പായുമെത്തേണ്ട വിരലടയാള വിദഗ്ധരുടെയോ ശാസ്ത്ര പരിശോധനാ വിദഗ്ധരുടെയോ പരിശോധന മ്യൂസിയം പോലീസ് നടത്തിയിരുന്നില്ല. സുരക്ഷിതമായി സൂക്ഷിക്കേണ്ട സുപ്രധാന തെളിവായ നയനയുടെ നഖം ഉള്‍പ്പെടെയുള്ളവയും മരണസമയത്തു ധരിച്ചിരുന്ന വസ്ത്രങ്ങളും ഇപ്പോള്‍ പോലീസിന്റെ പക്കലില്ല. അത് എവിടെയാണെന്ന ചോദ്യത്തിന് മ്യൂസിയം പോലീസിന് ഉത്തരമില്ലാത്ത അവസ്ഥയാണ്.

കേസുമായി ബന്ധപ്പെട്ട് ഇനി ഡിജിറ്റല്‍ തെളിവുകളായിരിക്കും നിര്‍ണായകമാകുകയെന്ന് തിരുവനന്തപുരം ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റൻറ് കമ്മീഷണർ ദിനില്‍ പറഞ്ഞിരുന്നു. ആദ്യ ഘട്ട ആന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം തിരിച്ച് നല്‍കിയ മൊബൈല്‍ഫോണും ലാപ്ടോപ്പും ഇതുവരെ പോലീസ് ബന്ധുക്കളോട് തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടില്ലെന്ന് നയനയുടെ സഹോദരന്‍ മധു ദ ഫോര്‍ത്തിനോട് പറഞ്ഞു. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുമെന്നും നയനയുടെ സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

നയന സൂര്യന്റെ മരണത്തില്‍ തന്റെ മൊഴി പോലീസ് വളച്ചൊടിച്ചതായി ഫോറസിക് സര്‍ജന്‍ ഡോ. കെ ശശികല പറഞ്ഞിരുന്നു. ഫയലുകള്‍ നല്‍കാതെ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം വൈകിപ്പിക്കുന്നതിന് പിന്നില്‍ പോലീസിലെ തന്നെ ഒരു വിഭാഗത്തിന്റെ പങ്ക് ഈ സാഹചര്യത്തില്‍ തള്ളിക്കളയാന്‍ സാധിക്കില്ല.

logo
The Fourth
www.thefourthnews.in