മുൻ ജഡ്ജി എസ് സുദീപിനെതിരെ ക്രിമിനൽ കേസ്; നടപടി മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി അധിക്ഷേപിച്ചതിൽ
മാധ്യമപ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിച്ച സംഭവത്തിൽ മുന്‍ സബ് ജഡ്ജി എസ് സുദീപിനെതിരെ കേസെടുത്തു. സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ(നാല്), ഐടി നിയമത്തിലെ 67 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജൂലൈ എട്ടിന് ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലൂടെയാണ് എസ് സുദീപ് അശ്ലീല പരാമർശം നടത്തിയത്. പോസ്റ്റ് വൈറലായതിന് പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങളും ഉയർന്നു. മാധ്യമപ്രവർത്തകയുടെ വ്യക്തിത്വത്തെ അപമാനിക്കുന്ന രീതിയിലും ചാനലിനെയും ചാനലിന്റെ മുൻനിരയിലുള്ളവരേയും അപമാനിക്കുന്ന തരത്തിലുള്ളതുമായിരുന്നു എസ് സുദീപിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ എസ് സുദീപ് സോഷ്യൽ മീഡിയ വഴി നടത്തിയ പ്രതികരണങ്ങള്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ അന്വേഷണത്തിന് പിന്നാലെ 2021ല്‍ സബ് ജഡ്ജി സ്ഥാനത്തുനിന്ന് ആലപ്പുഴ എരമല്ലൂര്‍ സ്വദേശിയായ എസ് സുദീപിന് രാജി വയ്ക്കുകയായിരുന്നു.
സുദീപ് സമൂഹമാധ്യമങ്ങളില്‍ ന്യായാധിപന്മാര്‍ക്ക് യോജിക്കാത്ത രീതിയിലുള്ള അഭിപ്രായപ്രകടനം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. വിവാദപരമായ കാര്യങ്ങളില്‍ പ്രതികരിക്കരുതെന്ന ചട്ടം എസ് സുദീപ് ലംഘിച്ചെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. ഇതിനുപിന്നാലെയാണ് സുദീപ് രാജി വച്ചൊഴിഞ്ഞത്. രാജിയ്ക്കുപിന്നാലെ, ഹൈക്കോടതിയുടെ വിധികളെയും ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ വിമര്‍ശിച്ചിരുന്നു.