കുഞ്ഞു ചെരുപ്പ് ബസ് ഡോറില്‍ ഉടക്കി, പ്രകൃതി പോലും ആ യാത്ര തടയാന്‍ ശ്രമിച്ചു; വധശിക്ഷയില്‍ 'അദൃശ്യസാക്ഷി' സുസ്മി പറയുന്നു
ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപെടുത്തിയ കേസിലെ നിർണായകമായ ഒരു സാക്ഷിയാണ് ആലുവ പറവൂർ കവലയിലുള്ള സുസ്മി മനേഷ്. മാധ്യമങ്ങളിൽ നിന്ന് താൻ അകന്ന് നിൽക്കുകയാണെന്നും പുതിയ സന്ദേശമാണ് അതിലൂടെ ഉദ്ദേശിക്കുന്നതെന്നും സുസ്മി ദ ഫോർത്തിനോട് പ്രതികരിച്ചു.
പോലീസ് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുണ്ടാക്കാതെ മാന്യമായാണ് മൊഴിയെടുത്തതെന്നും ഒരു കേസിൽ സാക്ഷിയായാൽ പ്രത്യേകിച്ച്, സ്ത്രീകൾക്ക് അരക്ഷിതാവസ്ഥയുണ്ടാവില്ലെന്ന് ബോധ്യപ്പെടുത്താനും കൂടിയാണ് താൻ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതെന്നും സുസ്മി പറഞ്ഞു. "പോലീസ് ഒരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കിയില്ല. വീട്ടിൽ വന്ന് ഏറ്റവും മാന്യമായി മൊഴിയെടുത്തു. കോടതിയിലും മറ്റ് യാതൊരു പ്രശ്നവുമില്ല. ഈ കേസിൽ സാക്ഷി പറയൽ തന്റെ ധാർമിക ഉത്തരവാദിത്വമായിരുന്നു", സുസ്മി പറഞ്ഞു.
ആലുവ കേസിലെ നിർണായക സാക്ഷി സുസ്മി നൽകിയ മൊഴി
"ജൂലൈ 28 ന് വൈകിട്ട് എറണാകുളത്തുനിന്ന് ആലുവ റൂട്ടില്‍ കമ്പനിപ്പടിയില്‍ വച്ച് ഈ കുഞ്ഞുമായി പ്രതി ബസില്‍ കയറി. ബസിന്റെ സൈഡ് സീറ്റിലാണ് ഞാനിരുന്നത്. കയറുമ്പോള്‍ ആ കുഞ്ഞിന്റെ ചെരുപ്പ് ഊരി വാതിലിനിടയില്‍ വീണു. ഇത് കണ്ട അയാളെ അത് കാണിച്ചു കൊടുത്തു. ചെരുപ്പുമെടുത്ത് അയാള്‍ ആ കുഞ്ഞിനെയും കൊണ്ട് പിന്നിലെ സീറ്റിലിരുന്നു. ആലുവ മാര്‍ക്കറ്റിനടുത്ത് ഇയാൾ ഇറങ്ങുകയും ചെയ്തു.
രാത്രിയോടെയാണ് ആലുവ മാര്‍ക്കറ്റിനുള്ളില്‍ ഒരു കുഞ്ഞ് ക്രൂരമായി കൊലചെയ്യപ്പെട്ട വാർത്തയറിഞ്ഞത്. പോലീസ് പ്രതിയെ പിടികൂടി കൊണ്ടുപോകുന്ന ദ്യശ്യങ്ങള്‍ കണ്ടപ്പോള്‍ ബസില്‍ കയറിയ അതേയാള്‍. ഉടന്‍ ആലുവ പോലീസില്‍ വിവരമറിയിച്ചു. അങ്ങനെയാണ് താനീ കേസിൽ സാക്ഷിയാകുന്നത്".
ആ ബസിൽ കയറിയപ്പോൾ ചെരുപ്പുടക്കി ബസിന്റെ ഡോർ അടഞ്ഞിരുന്നില്ല. പ്രകൃതിപോലും ആ യാത്ര പോകേണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷേ മനുഷ്യരായ നമുക്കത് മനസിലാക്കാന്‍ സാധിച്ചില്ലല്ലോയെന്ന് താൻ പ്രോസിക്യൂട്ടറായ മോഹൻരാജ് സാറിനോട് പറഞ്ഞിരുനെന്നും സുസ്മി പ്രതികരിച്ചു. കൂടാതെ, അമ്മയെന്ന നിലയിലും ഒരു സ്ത്രീയെന്ന നിലയിലും മൊഴി നൽകണമെന്നത് സാമൂഹ്യ ഉത്തരവാദിത്വമായിരുന്നു. മകന്റെ സ്കൂളിൽ ശിശുദിന പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് വിധിയെ പറ്റി അറിയുന്നത്. കോടതി വിധി പ്രതീക്ഷിച്ചിരുന്നതായും മാധ്യമങ്ങൾ മര്യാദയില്ലാതെ വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറുമെന്നൊക്കെ കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ ഇതൊന്നുമല്ല തന്റെ അനുഭവമെന്നും അവർ കൂട്ടിചേർത്തു.
ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപെടുത്തിയ കേസില്‍ ഏക പ്രതി അസ്ഫാഖ് ആലത്തിന് എറണാകുളം പോക്‌സോ കോടതി വധശിക്ഷയാണ് വിധിച്ചത്. കേസ് അപൂർവങ്ങളില്‍ അപൂർമാണെന്ന് പറഞ്ഞ കോടതി, പ്രതി ദയ അർഹിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ജഡ്ജി കെ സോമൻ വധശിക്ഷ വിധിച്ചത്.