ചരിത്ര തീരുമാനം; 'പോഷ് ആക്ട്' നടപ്പാക്കാൻ സിഎസ്ഐ മധ്യ കേരള മഹാ ഇടവക

ചരിത്ര തീരുമാനം; 'പോഷ് ആക്ട്' നടപ്പാക്കാൻ സിഎസ്ഐ മധ്യ കേരള മഹാ ഇടവക

സഭ റജിസ്ട്രാർ ആകുന്ന ആദ്യ വനിതയായി ഷീബ തരകൻ, വനിതാ പുരോഹിതരെ ഉടൻ നിയമിക്കും
Updated on
2 min read

ക്രൈസ്തവ സഭകളുടെ ചരിത്രത്തിൽ ആദ്യമായി ജോലി സ്ഥലത്തെ ലൈംഗിക പീഡനം തടയൽ നിയമം (പോഷ് ആക്ട്) സഭാതലത്തിൽ നടപ്പാക്കാനൊരുങ്ങി സിഎസ്ഐ ചർച്ച്. സിഎസ്ഐ മധ്യകേരള മഹാ ഇടവകയാണ് ചരിത്രപരമായ തീരുമാനം എടുത്തത്. ഇന്ന് കോട്ടയത്ത് ചേർന്ന 73-ാം സഭാ കൗൺസിൽ യോഗം ഏകകണ്ഠമായി തീരുമാനത്തിന് അംഗീകാരം നൽകി. 

തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി 2013ൽ നിലവിൽ വന്ന പോഷ് നിയമം രാജ്യത്തെ സർക്കാർ- സ്വകാര്യ തൊഴിൽ സ്ഥാപനങ്ങൾക്ക് ബാധകമാണ്. “ഈ നിയമം സഭയിൽ ബാധകമാക്കുന്നതിലൂടെ വനിതാ  വിശ്വാസികൾക്കും വനിതാ ജീവനക്കാർക്കും സുരക്ഷിതമായ  അന്തരീക്ഷം ഒരുക്കുക എന്നതാണ് ലക്ഷ്യം വക്കുന്നത്,” കൗൺസിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡന്റ് ഷിബി പീറ്റർ ‘ദ ഫോർത്തി’നോട് പറഞ്ഞു.

സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വിവിധ ക്രിസ്തീയ സഭകളിലെ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുവെന്ന പരാതി വ്യാപകമാണ്. ഇത്തരം പല പരാതികളും  ഉന്നത നേതൃത്വം ഇടപെട്ട് ഒത്തുതീർക്കുന്നതാണ് പതിവ്. ഈ ഒത്തുതീർപ്പ് ഉടമ്പടികൾ മിക്കപ്പോഴും പരാതിക്കാരായ സ്ത്രീകൾക്ക് നീതി നിഷേധിച്ചു കൊണ്ടാവും നടപ്പാക്കുക. കുമ്പസാര പീഡനം അടക്കമുള്ള വിഷയങ്ങൾ അടുത്തിടെ കേരളത്തിൽ പുരോഹിതന്മാർക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്നു.

കൗൺസിലിലെ യുവ അംഗങ്ങളായ നീതു ജോസും നീതു സതീഷുമാണ് പോഷ് ആക്ട് നടപ്പാക്കണമെന്ന നിർദേശം ഉന്നയിച്ചത്.  

ചരിത്ര തീരുമാനം; 'പോഷ് ആക്ട്' നടപ്പാക്കാൻ സിഎസ്ഐ മധ്യ കേരള മഹാ ഇടവക
അധികാര പരിധി വലുതാണ്, സീറോ മലബാര്‍ സഭ പിടിക്കണം; ഏറ്റുമുട്ടലിനൊരുങ്ങി എറണാകുളം-ചങ്ങനാശേരി ചേരികള്‍

ഇതിനൊപ്പം മറ്റ് രണ്ട് ചരിത്രപരമായ തീരുമാനങ്ങൾ കൂടി മധ്യകേരള മഹാ ഇടവക കൈക്കൊണ്ടു. വനിതാ പൗരോഹിത്യം രൂപതയിൽ നടപ്പാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാനുള്ള തീരുമാനമാണ് ഒന്ന്. 1984-ൽ തന്നെ വനിതാ പുരോഹിതരെ നിയമിക്കാൻ സി എസ് ഐ സഭ തീരുമാനിച്ചിരുന്നുവെങ്കിലും മധ്യ കേരള മഹാ ഇടവക ഇതുവരെ വനിതകൾക്ക് പൗരോഹിത്യം നൽകിയിരുന്നില്ല. ഇന്നത്തെ യോഗത്തിൽ ബിഷപ് മലയിൽ സാബു കോശി ചെറിയാൻ വനിതാ പൗരോഹിത്യ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന് നിർദേശിച്ചു.

രൂപതയുടെ ഭരണ നേതൃത്വത്തിലേക്ക് ആദ്യമായി ഒരു വനിതയെ തെരഞ്ഞെടുത്തു എന്നതാണ് അടുത്ത തീരുമാനം. ബിഷപ്പ്, വൈദിക സെക്രട്ടറി, അൽമായ സെക്രട്ടറി, ട്രഷറർ , റജിസ്ട്രാർ എന്നിവരടങ്ങിയ അഞ്ച് അംഗ കൗൺസിലാണ് സഭയുടെ ദൈനം ദിന പ്രവർത്തനങ്ങൾ നടത്തുന്നത്. മത്സരത്തിലൂടെയാണ് അഡ്വ ഷീബ തരകൻ സഭയുടെ റജിസ്ട്രാർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ആകെയുള്ള 433 വോട്ടിൽ 191 വോട്ടുകൾ നേടിയാണ് മൂന്ന് പുരുഷ സ്ഥാനാർത്ഥികളെ അഡ്വ. ഷീബ തരകൻ പരാജയപ്പെടുത്തിയത്. 

സഭയുടെ റജിസ്ട്രാർ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ഷീബ തരകൻ
സഭയുടെ റജിസ്ട്രാർ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ഷീബ തരകൻ

ചെന്നൈ ആസ്ഥാനമായ സി എസ് ഐ സഭയുടെ കീഴിൽ ദക്ഷിണേന്ത്യയിൽ 24 രൂപതകളാണുള്ളത്. കേരളത്തിൽ 6 രൂപതകളുണ്ട്. ആന്ധ്രയിൽ നിന്നുള്ള ഇ പുഷ്പ ലളിതയാണ് സഭയുടെ ഏക വനിതാ ബിഷപ്പ്. സഭയിൽ നിലവിലുള്ള ഏക വനിത പുരോഹിത കൊച്ചി രൂപതയിലാണ്.

logo
The Fourth
www.thefourthnews.in