കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടം: എസ്എഫ്ഐ മുൻ നേതാവ് വിശാഖ് കീഴടങ്ങി
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ടക്കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് വിശാഖ് കീഴടങ്ങി. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന വിശാഖ് കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. കേസില്‍ വിശാഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
കാട്ടാക്കട കോളേജിൽ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട എ എസ് അനഘയ്ക്ക് പകരം എസ്എഫ്‌ഐ നേതാവായിരുന്ന എ വിശാഖിന്റെ പേര് കേരള സര്‍വകലാശാലയെ അറിയിച്ചതാണ് കേസ്. ആൾമാറാട്ടക്കേസിൽ വിശാഖിന്റെ പങ്ക് ഗുരുതരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിശാഖ് പ്രേരിപ്പിക്കാതെ പ്രിന്‍സിപ്പല്‍ പേര് കേരള സര്‍വകലാശാലക്ക് അയയ്ക്കില്ലെന്നും നിരീക്ഷിച്ചു. എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറിയാണ് വിശാഖ്.
കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ജി ജെ ഷൈജുവിനെ ഒന്നാംപ്രതിയും ആള്‍മാറാട്ടം നടത്തിയ ഒന്നാംവര്‍ഷ ബിഎസ്‍സി വിദ്യാര്‍ഥി എ വിശാഖിനെ രണ്ടാം പ്രതിയുമാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകളും ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നത്. കേസെടുത്തതിന് പിന്നാലെ ജി ജെ ഷൈജുവിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.