സംസ്ഥാനത്ത് വിലക്കയറ്റം കുറവ്, വിപണി ഇടപെടല്‍ സജീവമെന്ന് മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് വിലക്കയറ്റം കുറവ്, വിപണി ഇടപെടല്‍ സജീവമെന്ന് മന്ത്രി ജി ആര്‍ അനില്‍

സപ്ലൈകോയില്‍ ഇല്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് വായിച്ച് പ്രതിപക്ഷം
Updated on
1 min read

സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ സജീവമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഇന്ത്യയില്‍ മറ്റൊരിടത്തും കേരളത്തിലേത് പോലെ വിപണി ഇടപെടല്‍ നടക്കുന്നില്ല. സപ്ലൈക്കോയില്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ 13 ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഓണക്കാലത്ത് എല്ലാ സാധനങ്ങളും മൂന്നിരട്ടി വിപണിയിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ഭൂരിഭാഗം സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഇല്ലാത്തതും, വിപണിയില്‍ കാര്യക്ഷമമായി ഇടപെടാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് ഉണ്ടായിരിക്കുന്ന രൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസ്സഹമയക്കിയ കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. പി സി വിഷ്ണുനാഥ് എംഎല്‍എ ആണ് നോട്ടീസ് നല്‍കിയത്. എന്നാല്‍, സര്‍ക്കാര്‍ കൃത്യമായ വിപണി ഇടപെടല്‍ നടത്തുന്നതിനാല്‍ വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മന്ത്രി അറിയിച്ചു.

സപ്ലൈകോയില്‍ സാധനങ്ങള്‍ ഇല്ല എന്ന് പ്രചരിപ്പിക്കുന്നു

കേരത്തിലെ പൊതുവിതരണ കേന്ദ്രങ്ങള്‍ രാജ്യത്തിന് മാതൃകയാണ്. ചില ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്തെമ്പാടുമുള്ള വില വര്‍ധനവ് സ്വാഭാവികമായും കേരളത്തിലും ഉണ്ടാകും. ഒരു കിലോ പരിപ്പിന് 118 രൂപയാണ് സപ്ലൈകോ 65 രൂപയ്ക്ക് നല്‍കുന്നു. ഡല്‍ഹിയില്‍ തക്കാളിക്ക് 290 രൂപയാണ് വില. കേരളത്തില്‍ 117 ന് നല്‍കുന്നു. സംസ്ഥാനത്ത് 2016 മുതല്‍ വിപണി ഇടപെടല്‍ ശക്തമാണ് 12,000 കോടി രൂപയാണ് ഇതിനായി ചെലവാക്കിയത്. സപ്ലൈകോയില്‍ 3 - 4 ഇനങ്ങളുടെ കുറവ് ഉണ്ടായിട്ടുണ്ട്. അത് പരിഹരിച്ചിട്ടുണ്ട്. എന്നാല്‍ സപ്ലൈകോയില്‍ സാധനങ്ങള്‍ ഇല്ല എന്ന് പ്രചരിപ്പിക്കുകയാണ് എന്നും മന്ത്രി ആരോപിച്ചു.

13 ഇനങ്ങള്‍ക്ക് വില കൂടിയിട്ടില്ലെന്നത് വ്യാജ പ്രചാരണം

എന്നാല്‍, സപ്ലൈകോയില്‍ സാധനങ്ങള്‍ ഒന്നും ഇല്ലെന്ന് പ്രതിപക്ഷത്ത് നിന്നും സംസാരിച്ച പിസി വിഷ്ണുനാഥ് ആരോപിച്ചു. സര്‍ക്കാര്‍ ജനങ്ങളെ നോക്കി പരിഹസിക്കുന്നു. സപ്ലൈകോയില്‍ ഇല്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് വായിച്ചുകൊണ്ടായിരുന്നു പി സി വിഷ്ണുനാഥിന്റെ മറുപടി. 13 ഇനങ്ങള്‍ക്ക് വില കൂടിയിട്ടില്ലെന്നത് വ്യാജ പ്രചാരണമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ വാക്കൗട്ട് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗത്തിനിടെയും ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വലിയ തര്‍ക്കമുണ്ടായി. ജനങ്ങള്‍ ബുദ്ധിമുട്ടൂമ്പോള്‍ മൂകസാക്ഷിയെപ്പോലെ സര്‍ക്കാര്‍ നോക്കിനില്‍ക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 3100 കോടി രൂപയുടെ ബാധ്യത ഭക്ഷ്യ വകുപ്പിന് ഉണ്ട്. ധന വകുപ്പും ഭക്ഷ്യ വകുപ്പും തമ്മില്‍ ഭിന്നത നിലനില്‍ക്കുകയാണ്. ഇത് തീര്‍ക്കാന്‍ മുഖ്യന്ത്രി ഇടപെട്ടില്ല. രണ്ടു വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകുമ്പോള്‍ മുഖ്യമന്ത്രി ഇടപെടണം. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായില്ല, സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ ബാധ്യത അടിച്ചേല്‍പ്പിച്ചെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

logo
The Fourth
www.thefourthnews.in