കുസാറ്റ് അപകടം: പ്രിൻസിപ്പലടക്കം മൂന്ന് അധ്യാപകര്‍ക്കെതിരെ കേസ്, ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെന്ന് പോലീസ്
നാലുപേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് അപകടത്തിൽ പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ കേസെടുത്ത് പോലീസ്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കസ്. പ്രിൻസിപ്പലും രണ്ട് അധ്യാപകരും പ്രതികളാകും. പോലീസ് ഇടപെടൽ ആവശ്യപ്പെട്ട കത്ത് കൈമാറാതിരുന്ന രജിസ്ട്രാറുടെ നടപടിയും അന്വേഷിക്കും. സ്കൂൾ ഓഫ് എഞ്ചിനീറിങ് പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു ആണ് ഒന്നാംപ്രതി. പ്രിൻസിപ്പലിനെ കൂടാതെ മറ്റു രണ്ടധ്യാപകരും പ്രതികളാണ്. 2023 നവംബർ 25 ന് കുസാറ്റിൽ നടന്ന ടെക് ഫെസ്റ്റിന്റെ സമാപനത്തിന്റെ ഭാഗമായി നടന്ന സംഗീത നിശയിലായിരുന്നു ദുരന്തം.
കോളേജ് പ്രിൻസിപ്പൽ പോലീസ് സഹായം ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് നൽകിയ കത്ത് രജിസ്ട്രാർ എന്തുകൊണ്ട് പോലീസിന് കൈമാറിയില്ല എന്ന കാര്യമുൾപ്പെടെ അന്വേഷണവിധേയമാകും. ആവശ്യമുള്ള മുൻകരുതലുകൾ സ്വീകരിച്ചില്ല എന്നതിനാണ് ഇപ്പോൾ അധ്യാപകർക്കെതിരെ കേസെടുത്തിരിക്കുന്നത്. സമാനമായ സംഭവങ്ങൾ ചൂണ്ടിക്കാണിച്ച് സിൻഡിക്കേറ്റ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള കെ എസ് യുവിന്റെ ഹർജി ഹൈക്കോടതിക്കുമുന്നിൽ നിൽക്കുമ്പോഴാണ് അധ്യാപകരെ പ്രതിചേർത്തുകൊണ്ടുള്ള പോലീസ് നടപടി. കോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭാഗം കൂടി കേട്ടതിനു ശേഷമാകും കോടതി തീരുമാനത്തിലേക്കെത്തുന്നത്.
സ്കൂൾ ഓഫ് എൻജിനീയറിംഗ് വിദ്യാർഥികൾ സംഘടിപ്പിച്ച ടെക്ക് ഫെസ്റ്റിന്റെ സമാപന പരിപാടിയോടനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലുമാന് നാടിനെ നടുക്കിയ ദുരന്തം സംഭവിക്കുന്നത്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹർജി വീണ്ടും പരിഗണിക്കുന്ന ജനുവരി 16ന് സർക്കാർ നിലപാടറിയിക്കുമെന്നാണ് കരുതുന്നത്.
നിലവിലെ അന്വേഷണങ്ങൾ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. പൊലീസ് അന്വേഷണവും സർവകലാശാല ഭരണവിഭാഗത്തിന്റെ അന്വേഷണവും ഏകപക്ഷീയമാണെന്നാണ് കെ എസ് യുവിന്റെ പക്ഷം. വിസി, റജിസ്ട്രാർ, പ്രിൻസിപ്പൽ എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിക്കണമെന്നും കെ എസ് യു ആവശ്യപ്പെടുന്നു. പ്രിൻസിപ്പൽ സുരക്ഷാസഹായം തേടിയെങ്കിലും റജിസ്ട്രാർ മനഃപൂർവം അവഗണിച്ചതാണ് ദുരന്തത്തിനു കാരണമെന്നും ഇവർ ആരോപിക്കുന്നു. കാമ്പസിൽ പരിപാടികൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച ഹൈകോടതി ഉത്തരവിലെ നിർദേശങ്ങൾ അധികൃതർ പാലിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
അപകടത്തെ തുടർന്ന് കുസാറ്റിലെ ഹോസ്റ്റൽ പ്രവേശന സമയം രാത്രി പതിനൊന്നിൽ നിന്ന് പത്താക്കി കുറച്ചത് ചോദ്യം ചെയ്ത് വിദ്യാർഥികൾ ഹൈകോടതിയിൽ മറ്റൊരു ഹർജിയും നൽകിയിട്ടുണ്ട്. കെ എസ് യു നൽകിയ ഹർജിയുടെ ഉപഹർജിയായാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. നവംബർ 30ന് വൈസ് ചാൻസിലർ വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനപ്രകാരമെന്ന നിലയ്ക്കാണ് പ്രവേശന സമയം വെട്ടിക്കുറച്ചതടക്കം നടപടികൾ സ്വീകരിച്ച് ജനുവരി രണ്ടിന് രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാത്രി പത്തിന് ശേഷവും ലൈബ്രറി ആവശ്യത്തിനായി പുറത്ത് പോകുന്നവർക്ക് ലൈബ്രറി അധികൃതർ സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ ഹോസ്റ്റലിൽ പ്രവേശനം നൽകൂവെന്നും ഉത്തരവിലുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട് ഹർജി നൽകിയതിലടക്കം വിദ്യാർഥികളോടുള്ള പകയും പ്രതികാരവും തീർക്കാനാണ് ഇത്തരമൊരു തീരുമാനമെന്നാണ് ഹരജിയിലെ ആരോപണം.