വ്യാജ ജനന സർട്ടിഫിക്കറ്റ്: കുഞ്ഞിനെ ദത്തെടുത്തത് നിയമവിരുദ്ധമായി; അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി

വ്യാജ ജനന സർട്ടിഫിക്കറ്റ്: കുഞ്ഞിനെ ദത്തെടുത്തത് നിയമവിരുദ്ധമായി; അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി

തൃപ്പൂണിത്തുറ സ്വദേശികളായ അനൂപ് കുമാറും സുനിത എഎസും ചേർന്നാണ് കുഞ്ഞിന് വേണ്ടി വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിനായി കളമശേരി മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഡോ. ഗണേഷ് മോഹനെ സമീപിച്ചത്.
Updated on
1 min read

കളമശേരി മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി. കുഞ്ഞിനെ ദത്ത് എടുത്തത് നിയമ വിരുദ്ധമായിട്ടാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. തൃപ്പൂണിത്തുറ സ്വദേശികളായ അനൂപ് കുമാറും സുനിത എ എസും ചേർന്നാണ് കുഞ്ഞിന് വേണ്ടി വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിനായി കളമശേരി മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഡോ. ഗണേഷ് മോഹനെ സമീപിച്ചത്. കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ കിയോസ്ക് എക്സിക്യൂട്ടീവ് ഓഫീസർ രഹ്ന എ എൻ നൽകിയ പരാതിയിലൂടെയാണ് വ്യാജ സർട്ടിഫിക്കറ്റ് വിവാദം പുറം ലോകം അറിയുന്നത്.

ജനുവരി 31ന് അനൂപ് കുമാർ-സുനിത ദമ്പതികള്‍ക്ക് പെൺകുഞ്ഞ് ജനിച്ചെന്ന് കാണിച്ച് ഫെബ്രുവരി ഒന്നിനാണ് ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ജനന റിപ്പോർട്ടില്‍ ഐപി നമ്പർ 137 എ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, ഇരട്ടക്കുട്ടികള്‍ ജനിക്കുമ്പോഴാണ് എ, ബി എന്ന് രേഖപ്പെടുത്തുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് രഹ്ന പരാതി നല്‍കിയത്.

അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ കുഞ്ഞിനെ അടിയന്തരമായി ഹാജരാക്കാനും ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദേശം നൽകി. കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കൾക്ക് സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് സിഡബ്ല്യുസി ചെയർമാൻ കെ കെ ഷാജു വ്യക്തമാക്കി. കൂടാതെ, കുഞ്ഞിൻ്റ മാതാപിതാക്കളെ കണ്ടെത്താൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാജ ജനന സർട്ടിഫിക്കറ്റ്: കുഞ്ഞിനെ ദത്തെടുത്തത് നിയമവിരുദ്ധമായി; അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി
വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ആരോപണങ്ങൾ തള്ളി ആശുപത്രി സൂപ്രണ്ട്, ഒപ്പിട്ടതും സീൽ വെച്ചതും അനിൽകുമാർ

സംഭവം വിവാദമായതോടെ പ്രശ്നത്തിൽ നിന്ന് തലയൂരാനാണ് കളമശേരി മെഡിക്കൽ കോളേജിലെ സൂപ്രണ്ടും അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റും ശ്രമിച്ചത്. കേസിലെ പ്രതിയും അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റുമായ അനിൽകുമാറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കളമശേരി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ വാദം. എന്നാൽ, സൂപ്രണ്ട് പറഞ്ഞ പ്രകാരമാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് എന്നാണ് ആരോപണവിധേയനായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽ കുമാർ പറയുന്നത്. സൂപ്രണ്ട് തന്നെ ഓഫീസിലേക്ക് വിളിപ്പിച്ച് അനൂപ് എന്ന വ്യക്തിയെ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന് ഒരു സർട്ടിഫിക്കറ്റ് ശരിപ്പെടുത്തി കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും അനിൽ കുമാർ പറഞ്ഞു. അനൂപ് കുമാർ ഒരു സെലിബ്രിറ്റി ആണെന്നും അദ്ദേഹം ഒരു പാട്ടുകാരനുമാണെന്നാണ് സൂപ്രണ്ട് പരിചയപ്പെടുത്തിയത്. അനൂപ് കുമാറിന്റെ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ശരിയാക്കി കൊടുക്കണമെന്ന സൂപ്രണ്ടിന്റെ ആവശ്യപ്രകാരമാണ് താൻ അത് ചെയ്തതെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും തെറ്റ് ചെയ്തതായി കണ്ടെത്തിയവർക്കെതിരെ നടപടി എടുത്തുവെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമം നടന്നത് ഗുരുതരമായ തെറ്റെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആശുപത്രി രേഖകൾ ഉപയോഗിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിൽ ഏതെങ്കിലും സംഘം ഉണ്ടോ എന്നതടക്കം അന്വേഷിക്കും. മെഡിക്കൽ കോളേജിന്റെ അന്വേഷണത്തോടൊപ്പം പോലീസ് അന്വേഷണം കൂടി ഉണ്ടാകണം. തുടരന്വേഷണത്തിൽ കൂടുതൽ കുറ്റക്കാർ ഉണ്ടെങ്കിൽ കൂടുതൽ നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in