മാന്‍ദൗസ് പ്രഭാവം; സംസ്ഥാനത്ത് ഇന്നും മഴ കനക്കും, ഏഴ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്
മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഏഴ് ജില്ലകള്‍ക്കാണ് ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കും.
കേരള-കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 13 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല
അതേസമയം നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മഴ തുടരുന്ന സാഹചര്യത്തില്‍ കേരള-കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 13 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തമിഴ്‌നാട്ടില്‍ കര തൊട്ട മാന്‍ദൗസ് ചുഴലിക്കാറ്റ് കേരള-കര്‍ണാടക തീരം വഴി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിച്ച് ഡിസംബര്‍ 13 ഓടെ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കും. പിന്നീട് ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് പോകാനാണ് സാധ്യത.