കെഎസ്ആർടിസി
കെഎസ്ആർടിസി

സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ദിവസ വരുമാനവും ഇടിഞ്ഞു; കരകയറാനാവാതെ കെഎസ്ആര്‍ടിസി

പൂര്‍ണതോതില്‍ ബസുകള്‍ സര്‍വീസിന് അയയ്ക്കണമെങ്കില്‍ ധനവകുപ്പ് അനുവദിച്ച 20 കോടി രൂപ ലഭിക്കണം.
Updated on
1 min read

അനുദിനം രൂക്ഷമാകുന്ന പ്രതിസന്ധിയില്‍നിന്ന് കരകയറാനാകാതെ കെഎസ്ആര്‍ടിസി. ശമ്പള പ്രതിസന്ധിക്കു പുറമേ, ഡീസല്‍ ക്ഷാമത്തെത്തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയാത്ത തീര്‍ത്തും പരിതാപകരമായ സാമ്പത്തിക സ്ഥിതിക്കിടെ, ദിവസവരുമാനത്തില്‍ ഒരു കോടിയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 5.5 കോടിയില്‍ നിന്നും 4.5 കോടിയായി വരുമാനം കുറഞ്ഞു. പൂര്‍ണതോതില്‍ ബസുകള്‍ സര്‍വീസിന് അയയ്ക്കണമെങ്കില്‍ ധനവകുപ്പ് അനുവദിച്ച 20 കോടി രൂപ ലഭിക്കണം. എന്നാല്‍ നടപടിക്രമങ്ങളിലെ കാലതാമസം മൂലം തുക ഇതുവരെ ലഭിച്ചിട്ടുമില്ല.

പൂര്‍ണതോതില്‍ ബസുകള്‍ സര്‍വീസിന് അയയ്ക്കണമെങ്കില്‍ ധനവകുപ്പ് അനുവദിച്ച 20 കോടി രൂപ ലഭിക്കണം. എന്നാല്‍ നടപടിക്രമങ്ങളിലെ കാലതാമസം മൂലം തുക ഇതുവരെ ലഭിച്ചിട്ടുമില്ല.

പാലക്കാട് ഡിപ്പോയ്ക്ക് കീഴില്‍ ഇന്നലെ 17 സര്‍വീസുകളാണ് വെട്ടിക്കുറച്ചത്. ചിറ്റൂര്‍, വടക്കഞ്ചേരി ഡിപ്പോകളില്‍ 10 വീതവും മണ്ണാര്‍ക്കാട് 7 സര്‍വീസുമാണ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ 209 ഷെഡ്യൂളുകളില്‍ 151 സര്‍വീസുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസി നടത്തിയത്. ഇങ്ങനെ വിവിധ ജില്ലകളില്‍ ദിനംപ്രതി റദ്ദാക്കുന്ന സര്‍വീസുകളാണ് കെഎസ്ആര്‍ടിസിയുടെ ദിവസ വരുമാനത്തില്‍ വലിയൊരു ഇടിവ് ഉണ്ടാക്കിയത്. മുഴുവന്‍ ജീവനക്കാര്‍ക്കും കുടിശ്ശിക ഇല്ലാതെ ശമ്പളം നല്‍കാന്‍ കഴിയാത്ത കെഎസ്ആര്‍ടിസിക്ക് ഇത് വലിയൊരു ഇരുട്ടടിയായി മാറുകയാണ്.

ഡീസല്‍ ക്ഷാമത്തിനും പരിഹാരമായിട്ടില്ല. വാഗ്ദാനം ചെയ്ത ഡീസല്‍ ഡിപ്പോകളില്‍ എത്താത്തതിനാല്‍ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കേണ്ട സാഹചര്യമാണ് പലയിടങ്ങളിലും. സര്‍വീസ് റദ്ദാക്കുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗ്രാമീണ മേഖലയിലുള്ളവരെയാണ്. കിലോമീറ്ററിന് കുറഞ്ഞത് 35 രൂപകിട്ടുന്ന സര്‍വീസുകള്‍ മാത്രം മതിയെന്ന നിര്‍ദേശമുള്ളതിനാല്‍ ഗ്രാമീണ മേഖലകളിലേക്ക് പോകുന്ന ബസുകളാണ് കൂടുതലും നിര്‍ത്തിയത്.

ഡീസല്‍ ലഭ്യത കുറഞ്ഞതോടെയാണ് കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ചത്. വന്‍ തുക കുടിശികയായതോടെ, ഡീസല്‍ നല്‍കാനാവില്ലെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. 135 കോടിയോളം രൂപയാണ് എണ്ണക്കമ്പനികള്‍ക്ക് കുടിശ്ശികയുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഡീസല്‍ ലഭ്യത കുറയുകയും ചെയ്തതിനാല്‍, മോശം കാലാവസ്ഥയില്‍ നടത്തുന്ന സര്‍വീസുകള്‍ വരുമാന നഷ്ടത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് ഓര്‍ഡിനറി സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഓടാത്ത ബസുകളില്‍ നിന്ന് ഡീസലെടുത്ത് മറ്റു സര്‍വീസുകള്‍ നടത്താനായിരുന്നു ഡിപ്പോകള്‍ക്ക് നല്‍കിയ നിര്‍ദേശം.

logo
The Fourth
www.thefourthnews.in