മുല്ലപ്പെരിയാർ ഡാം
മുല്ലപ്പെരിയാർ ഡാം

മുല്ലപ്പെരിയാര്‍ തുറന്നേക്കും, കല്ലട ഡാം തുറക്കും; ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു

പെരിങ്ങല്‍ക്കുത്ത് ,ചിമ്മിനി ഡാമുകള്‍ നേരത്തേ തുറന്നിരുന്നു
Updated on
1 min read

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് തുടരുന്നതിനിടെ ഡാമുകളില്‍ ജല നിരപ്പ് ഉയരുന്നു. മലമ്പുഴ, കൊല്ലം തെന്മല ഡാമുകള്‍ ഇന്ന് തുറക്കും. കൊല്ലം തെന്മല ഡാം പതിനൊന്ന് മണിക്കുമാണ് തുറക്കുക. ജല നിരപ്പ് ഉയര്‍ന്നാല്‍ മുല്ലപ്പെരിയാര്‍, കല്ലാര്‍ ഡാമുകളും ഇന്ന് തുറന്നേക്കും.

തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അന്‍പത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തുറക്കുന്നത്. മലമ്പുഴ ഡാം രാവിലെ ഒന്‍പതിന് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മഴയുടെ തീവ്രത അനുസരിച്ച് മാത്രമായിരിക്കും തീരുമാനം ഉണ്ടാവുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കല്ലടയാറിന്റേയും ഭാരതപ്പുഴയുടേയും കല്‍പ്പാത്തി പുഴയുടേയും കല്ലാറിന്റേയും മുക്കെപ്പുഴയുടേയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കക്കി, ആനത്തോട് ഡാമുകളും തുറക്കാനുള്ള ആലോചനയുണ്ട്.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137 അടി ആയാല്‍ തുറക്കാനാണ് നിര്‍ദ്ദേശം.

മുല്ലപ്പെരിയാറിലെ നീരൊഴുക്ക് ഇപ്പോഴത്തേത് പോലെ തുടരുകയാണെങ്കില്‍ ഇന്ന് ഡാം തുറക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 135.95 അടിയാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 137 അടി ആയാല്‍ തുറക്കാനാണ് നിര്‍ദ്ദേശം. വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ഉയരുന്ന നിലയുണ്ടായാല്‍ ഡാം ഇന്ന് തുറന്നേക്കുമെന്ന് തമിഴ്‌നാട് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുല്ലപ്പെരിയാര്‍ വെള്ളം സ്പില്‍വേയിലൂടെ ഒഴുക്കിവിടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി റവന്യൂ, ജല വിഭവ മന്ത്രിമാരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

ഇതിനിടെ മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് മന്ത്രി റോഷി അഗസ്റ്റിന്‍ കത്തയച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് അതിവേഗം ഉയരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് പരമാവധി കുറച്ച് നിലനിര്‍ത്തണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.

ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. ജലനിരപ്പ് 136 അടി എത്തുകയും ചെയ്തു. ഇതു ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. അതുകൊണ്ടുതന്നെ രാത്രിയില്‍ അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്താല്‍ ഡാം തുറന്നുവിടേണ്ട സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാന്‍ ഡാമിലെ നിലവിലുള്ള ജലനിരപ്പ് ക്രമീകരിക്കണം. അണക്കെട്ട് തുറക്കും മുന്‍പ് ജനങ്ങള്‍ക്ക് മതിയായ മുന്നറിയിപ്പ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും മുന്‍കാലങ്ങളിലെ പോലെ രാത്രിയില്‍ ഡാം തുറക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in