120 കിലോമീറ്റർ വേഗതയിൽ കരതൊട്ട് 'ദന'; ഒഡിഷയിലെ ബംഗാളിലും നാശനഷ്ടം, മിന്നൽ പ്രളയ മുന്നറിയിപ്പ്, കേരളത്തിലും കനത്തമഴ
ഒഡിഷ, ബംഗാൾ തീരങ്ങളിൽ വീശിയടിച്ച് ദന ചുഴലിക്കാറ്റ്. രണ്ട് സംസ്ഥാനങ്ങളിൽ കനത്ത മഴയും അതേത്തുടർന്ന് നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വീശിയടച്ച കട്ടിൽ നിരവധി മരങ്ങൾ കടപുഴകുകയും വീടുകൾക്ക് തകരാർ സംഭവിക്കുകയും ചെയ്തു. ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിൽ മിന്നൽപ്രളയ മുന്നറിയിപ്പുമുണ്ട്. ദന കരതൊട്ട പശ്ചാത്തലത്തിൽ കേരളത്തിലെ പലയിടങ്ങളിലും അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
ദന ചുഴലിക്കാറ്റ് കര തൊടുന്നതിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ 1.14 ലക്ഷം ആളുകളെ സർക്കാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. ഒഡിഷയിൽ ചുഴലിക്കാറ്റ് പത്ത് ലക്ഷം പേർക്ക് ഭീഷണിയാകുമെന്നാണ് കണക്കുകൂട്ടൽ. മുഴുവൻ ആളുകളെയും സുരക്ഷിതമാക്കാനുള്ള നടപടികൾ ദിവസങ്ങളായി നടന്നുവരുകയായിരുന്നു. ഏകദേശം 3-4 ലക്ഷം പേരെ ഒഴിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് ഒഡിഷ സർക്കാർ കണക്ക്.
അതേസമയം, വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച രൂപപ്പെട്ട 'ദാന' ചുഴലിക്കാറ്റ് കൊൽക്കത്ത ഉൾപ്പെടെയുള്ള തെക്കൻ പശ്ചിമ ബംഗാളിലെ പല ജില്ലകളിലും കനത്ത മഴയ്ക്ക് കാരണമാകുമെന്ന് ഐഎംഡി അറിയിച്ചു. ചുഴലിക്കാറ്റ് കണക്കിലെടുത്ത് കിഴക്കൻ, തെക്ക് കിഴക്കൻ റെയിൽവേ ഒക്ടോബർ 24, 25 തീയതികളിൽ ഇരുന്നൂറോളം ട്രെയിനുകളാണ് ട്രെയിനുകൾ റദ്ദാക്കിയത്.