കുട്ടികളെ ഉപയോഗിച്ചുള്ള തീക്കളി; ശിക്ഷ കര്‍ശനമാക്കാന്‍ നിയമനിര്‍മാണം വരും: ബാലാവകാശ കമ്മീഷന്‍

കുട്ടികളെ ഉപയോഗിച്ചുള്ള തീക്കളി; ശിക്ഷ കര്‍ശനമാക്കാന്‍ നിയമനിര്‍മാണം വരും: ബാലാവകാശ കമ്മീഷന്‍

എത്ര വലിയ വിശ്വാസത്തിന്റെ പേരിലായാലും 18 വയസില്‍ താഴെയുള്ള കുട്ടികളെ അപകടകരമായ സംവിധാനത്തിലേക്ക് കൊണ്ടുപോകുന്നത് നോക്കിയിരിക്കാന്‍ കമ്മീഷന് കഴിയില്ല
Updated on
1 min read

പന്ത്രണ്ട് വയസുകാരന്‍ തീ ചാമുണ്ഡി തെയ്യം കെട്ടിയതിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തതില്‍ അനുകൂലിച്ചും എതിര്‍ത്തും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുകയാണ്. ഈ വിഷയത്തില്‍ ഉയരുന്ന ചേദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍. കുട്ടികളെ ഉപയോഗിക്കുമ്പോള്‍ അതിന്റെ ശിക്ഷ കൂടുതലാക്കിക്കൊണ്ട് നിയമ നിര്‍മാണം വേണമെന്ന് ആവശ്യപ്പെട്ട് നിര്‍ദേശം സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിയമ നിര്‍മാണം അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് കമ്മീഷന്‍ പ്രതീക്ഷിക്കുന്നതെന്നും കെ വി മനോജ് കുമാര്‍ 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

കുട്ടികളുടെ സുരക്ഷിതത്വവും സംരക്ഷണവുമാണ് കമ്മീഷന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതല. 18 വയസില്‍ താഴെയുള്ള കുട്ടികളെ എത്ര വലിയ വിശ്വാസത്തിന്റെ പേരിലായാലും അപകടകരമായ സംവിധാനത്തിലേക്ക് കൊണ്ടുപോകുന്നത് നോക്കിയിരിക്കാന്‍ കഴിയില്ല. ആചാരത്തിനും അനുഷ്ഠാനത്തിനും കമ്മീഷന്‍ എതിരല്ലെന്നും. എന്നാല്‍, ഇത് സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായ അനുഷ്ഠാനമായാണ് തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാരണത്താലാണ് കേസെടുക്കാന്‍ തീരുമാനിച്ചത്. ആലപ്പുഴയില്‍ കുട്ടിയെ ചുമലിലേറ്റി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കമ്മീഷന്‍ ഇടപെടുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുപോലൊരു നടപടിയാണ് ഇതുകൊണ്ടും ഉദ്ദേശിക്കുന്നതെന്നുമാണ് ബാലാവകാശ കമ്മീഷന്റെ നിലപാട്.

കേസെടുക്കുക എന്നതിനുമപ്പുറം ഒരു ബോധവത്കരണം എന്ന രീതിയിലാണ് കമ്മീഷന്‍ ഇടപെടുന്നതെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഭാഗമായി കുട്ടികള്‍ വേറെയും തെയ്യക്കോലങ്ങള്‍ കെട്ടിയാടാറുണ്ട്. ആടി വേടന്‍, കതിവനൂര്‍ വീരന്‍, വിഷ്ണു മൂര്‍ത്തി, വീരന്‍-വീരാളി തെയ്യങ്ങള്‍ എന്നിങ്ങനെ. എന്നാല്‍ അതിലൊന്നും അപകടകരമായ പ്രശ്‌നമുള്ളതായോ കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതായോ പരാതി ഉയരാറില്ലെന്നും അവകാശ ലംഘനം ഉണ്ടാകുമ്പോഴാണ് കമ്മീഷന്‍ ഇടപെടുന്നതെന്നുമാണ് കേസെടുത്ത നടപടിയെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി.

2014ല്‍ കുത്തിയോട്ടമെന്ന തെക്കന്‍ കേരളത്തില്‍ പ്രസിദ്ധമായ ആചാരത്തിനെതിരെയും ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. എന്നാല്‍ അതിന് ശേഷവും കുത്തിയോട്ടത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ലെന്നതാണ് വസ്തുത. വിശ്വാസവും ആചാരവും ചേരുമ്പോള്‍ ജനങ്ങള്‍ നിയമം ലംഘിക്കാനുള്ള പ്രവണത കാട്ടുന്നതാണ് ഇതിന് കാരണമെന്നാണ് കമ്മീഷന്റെ നിലപാട്. കുട്ടികളെ ഏത് തരം അന്ധവിശ്വാസത്തിനും ഉപയോഗിക്കുന്നതും ശരിയല്ലെന്നും കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കിയവര്‍ക്ക് എതിരായി കേസെടുക്കുക എന്നതിനുമപ്പുറം ഒരു ബോധവത്കരണം എന്ന രീതിയിലാണ് കമ്മീഷന്‍ ഇടപെടുന്നതെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ ദ ഫോര്‍ത്തിനോട് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in