ദയാബായി
ദയാബായി

സമരം അവസാനിപ്പിക്കുമെന്ന് മന്ത്രിമാര്‍ക്ക് ഉറപ്പ് നല്‍കാതെ ദയാബായി; നൂറ് ശതമാനം നീതി കിട്ടണം

മന്ത്രിമാരായ വീണാ ജോര്‍ജും ആര്‍ ബിന്ദുവും ആശുപത്രിയില്‍ ദയാബായിയെ സന്ദര്‍ശിച്ചു
Updated on
1 min read

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി തേടി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കാതെ സാമൂഹ്യ പ്രവര്‍ത്തക ദയാബായി. നൂറ് ശതമാനം നീതി കിട്ടണമെന്ന ആവശ്യത്തിലാണ് ദയാബായി. സമരസമിതിയുമായി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ദയാബായി സമരം പിന്‍വലിക്കുമെന്നായിരുന്നു പുറത്ത് വന്ന വിവരം. ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാരായ വീണാ ജോര്‍ജും ആര്‍ ബിന്ദുവും ആശുപത്രിയിലെത്തി സന്ദര്‍ശിച്ചപ്പോഴാണ് ദയാബായി നൂറ് ശതമാനം നീതി കിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നത്.

എന്‍ഡോസല്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ സമരസമിതിയുമായി വിശദമായി ചര്‍ച്ച ചെയ്തെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നാല് വിഷയങ്ങളാണ് പ്രധാനമായും സമരസമിതി ഉന്നയിച്ചിരുന്നത്. ഇവയില്‍ എയിംസ് അനുവദിക്കുക എന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ആശുപത്രികളിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും ആവശ്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തുവെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റിനെ നിയമിച്ചതാണെന്നും, സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി 45 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നവംബര്‍ ഒന്നിന് തന്നെ കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ സ്വയംഭരണ സ്ഥാപനങ്ങളിലും പകല്‍ പരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കും. രണ്ട് മാസത്തിനുള്ളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുമെന്ന ഉറപ്പും മന്ത്രിമാര്‍ സമരസമിതിക്ക് നല്‍കി.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രിമാര്‍ സമരസമിതിയുമായി ചര്‍ച്ച നടത്തിയത്. പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വിദഗ്ധ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി നിരാഹാര സമരം 16-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ്‌ സര്‍ക്കാരിന്റെ ഇടപെടല്‍.

logo
The Fourth
www.thefourthnews.in