വെറ്ററിനറി സർവകലാശാല ഡീനും സസ്പെൻഷൻ; സിദ്ധാർത്ഥൻ റാഗിങ്ങിന് ഇരയായത് അറിഞ്ഞത് യു ജി സി റിപ്പോർട്ട് വരുമ്പോഴെന്ന് നാരായണൻ
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വപരമായ നടപടികൾ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പൂക്കോട് വെറ്ററിനറി സർവകലാശാല ഡീൻ ഡോ. എം കെ നാരായണനെ മാറ്റിനിർത്തുമെന്ന് പ്രൊ വൈസ് ചാൻസലർ കൂടിയായ മന്ത്രി ജെ ചിഞ്ചുറാണി.
എന്നാൽ വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്ത ഗവർണറുടെ നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഡീൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും കൃത്യമായി വിവരങ്ങൾ ധരിപ്പിച്ചില്ലെന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ആർ ശശീന്ദ്രനാഥും പ്രതികരിച്ചു.
അതേസമയം, അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഡീൻ എം കെ നാരായണൻ ദ ഫോർത്തിനോട് പ്രതികരിച്ചു. "യു ജി സിയുടെ ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് വന്നപ്പോഴാണ് റാഗിങ്ങിനെ കുറിച്ചുള്ള കാര്യങ്ങൾ അറിയുന്നത്. ഫെബ്രുവരി 21നാണ് ആ റിപ്പോർട്ട് വന്നത്. അതിനുമുൻപ് വിദ്യാർത്ഥികളോ അധ്യാപകരോ ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടില്ല. വൈസ് ചാൻസലറിന് എല്ലാ ദിവസവും റിപ്പോർട്ടുകൾ കൊടുത്തിട്ടുണ്ട്. സിദ്ധാർത്ഥൻ മരിച്ച ദിവസവും സമാനമായി ഇക്കാര്യം അറിയിച്ച് റിപ്പോർട്ട് കൊടുത്തിരുന്നു"- ഹോസ്റ്റൽ വാർഡൻ കൂടിയായ ഡോ.എം കെ നാരായണൻ പറഞ്ഞു. ഏതെങ്കിലും വിധേനയുള്ള വീഴ്ച തന്റെ ഭാഗത്ത് ഉണ്ടായതായി കണ്ടെത്തിയാൽ നടപടി സ്വീകരിക്കാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡീനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ പ്രവേശിച്ച് സിദ്ധാർത്ഥന്റെ മൃതദേഹം അഴിച്ചിറക്കിയതെന്നാണ് വൈസ് ചാൻസലർ പറയുന്നത്. എന്നാൽ ഇതിനെകുറിച്ച് പോലീസിൽ മൊഴി നൽകിയിട്ടുണ്ടെന്നും അക്കാര്യം അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ നിലവിൽ പ്രതികരിക്കാനാവില്ലെന്നും ഡീൻ പറഞ്ഞു