ആറ് വയസ്സുകാരനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു, സഹോദരിയെ പീഡിപ്പിച്ചു; പ്രതിക്ക് വധശിക്ഷ, നാല് കേസുകളിലായി മരണം വരെ തടവ്
ഇടുക്കി ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് വധശിക്ഷ. നാല് കേസുകളിലായി മരണം വരെ തടവ് ഉള്‍പ്പെടെ ആകെ 92 വർഷം തടവാണ് വിധിച്ചത്. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവ് ഷാജഹാനാണ് പ്രതി. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.
2021 ഒക്ടോബർ രണ്ടിന് രാത്രിയാണ് സംഭവം നടന്നത്. അതിർത്തിത്തർക്കവും കുടുംബ വഴക്കുമായിരുന്നു ആക്രമണത്തിന് കാരണം. കുടുംബജീവിതം തകര്‍ത്തുവെന്ന് ആരോപിച്ച്, ഭാര്യയുടെ അമ്മയെയും സഹോദരിയെയും കുട്ടികളെയും ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു. കുടുംബത്തെ ഒന്നാകെ വകവരുത്തുക എന്ന ഉദ്ദേശത്തോടെ സംഭവ ദിവസം പുലർച്ചയോടെ സഫിയയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും ഉറങ്ങി കിടക്കുകയായിരുന്നു സഫിയയെയും കുഞ്ഞുങ്ങളെയും സഫിയയുടെ മാതാവിനെയും ചുറ്റികകൊണ്ട് അക്രമിക്കുകയുമായിരുന്നു.
ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ആറുവയസുകാരൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇതിന് ശേഷമാണ് 14 വയസ്സുകാരിയെ ഏലത്തോട്ടത്തിൽ വച്ച് ഇയാൾ ബലാത്സംഗം ചെയ്തതത്. ലൈംഗികമായി അതിക്രമിച്ച ശേഷം കൊലപ്പെടുത്താന്‍ ശ്രമിക്കവെ പെൺകുട്ടി ഭാഗ്യവശാല്‍ രക്ഷപ്പെടുകയായിരുന്നു. വെള്ളത്തൂവല്‍ പോലീസാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്.