ഇന്‍സ്‌പെക്ടര്‍ പിആര്‍ സുനുവിനെ പിരിച്ചുവിടുന്നതില്‍ തീരുമാനം ഉടന്‍; നേരിട്ട് ഹാജരായി വിശദീകരിക്കാൻ ഡിജിപിയുടെ നോട്ടീസ്
പീഡനം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിന് വീണ്ടും ഡിജിപിയുടെ നോട്ടീസ്. നാളെ രാവിലെ 11 മണിക്ക് പോലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. സുനുവിനെ പിരിച്ചുവിടുന്നത് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടായേക്കും. പിരിച്ചുവിടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്.
കൂട്ടബലാത്സംഗം ഉള്‍പ്പെടെ ആറ് കേസുകളില്‍ പ്രതിയും ഒൻപത് തവണ വകുപ്പുതല ശിക്ഷാ നടപടിയും നേരിട്ടയാളാണ് കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനു. സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ആഭ്യന്തര വകുപ്പ്. പിആര്‍ സുനുവിനെതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ മുന്നിലുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച ശേഷമാണ് പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അത് ബോധിപ്പിക്കണമെന്ന് നേരത്തേയും നോട്ടീസ് നല്‍കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുനു കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍ ട്രൈബ്യൂണലില്‍ നിന്ന് അനുകൂല വിധി ഉണ്ടായില്ല. കാരണം കാണിക്കല്‍ നോട്ടീസിന് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നായിരുന്നു ട്രൈബ്യൂണല്‍ വ്യക്തമാക്കിയത്. ട്രൈബ്യൂണലില്‍ നിന്നും പി ആര്‍ സുനുവിന് തിരിച്ചടിയുണ്ടായതോടെയാണ് പിരിച്ചു വിടല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ രാവിലെ പതിനൊന്ന് മണിക്ക് നേരിട്ട് ഡിജിപിയുടെ ചേംബറിലെത്തി കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനാണ് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡിജിപിക്ക് മുമ്പാകെ സുനു ബോധിപ്പിക്കുന്ന വാദങ്ങളും നേരത്തെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകളും പരിശോധിച്ച ശേഷമാകും പിരിച്ചുവിടല്‍ നടപടികളിലേക്ക് കടക്കുക. അത് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്നും ലഭ്യമാകുന്ന സൂചന.