സിപിഎം സാക്ഷികളുടെ കൂറുമാറ്റം; പാര്‍ട്ടിയും മുന്നണിയും പരിശോധിക്കും, പ്രകാശ് ബാബുവിനെ പിന്തുണയ്ക്കാതെ കാനം
മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസില്‍ കൂറുമാറിയ സിപിഎം പ്രവർത്തകരെ വിമർശിച്ച സംഭവത്തിൽ പ്രകാശ് ബാബുവിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പിന്തുണയില്ല. താന്‍ കുറച്ചുകൂടി ഉത്തരവാദിത്തപ്പെട്ട നേതാവാണെന്നും വിമര്‍ശിച്ചത് എന്തിനാണെന്ന് പ്രകാശ് ബാബുവിനോട് തന്നെ ചോദിക്കണമെന്നും കാനം പ്രതികരിച്ചു. കേസില്‍ സംഭവിച്ചതെന്താണെന്ന് പാര്‍ട്ടിയും മുന്നണിയും പരിശോധിക്കുമെന്നും കാനം കൂട്ടിച്ചേർത്തു.
സിപിഐ നേതാവും മന്ത്രിയുമായിരുന്ന ഇ ചന്ദ്രശേഖരന് വേണ്ടി സത്യസന്ധമായി മൊഴി കൊടുക്കുന്നതിന് പകരം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സിപിഎം പ്രാദേശിക, ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ് എന്നായിരുന്നു സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം പ്രകാശ് ബാബുവിന്റെ വിമര്‍ശനം. വിഷയം സിപിഎം സംസ്ഥാന നേതൃത്വം ഗൗരവത്തോടെ കാണണമെന്നും പ്രകാശ് ബാബു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
പ്രകാശ് ബാബുവിന്റെ വിമര്‍ശനത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ടായിരുന്നു കാനത്തിന്റെ പ്രതികരണം. വിഷയം പാര്‍ട്ടിയും മുന്നണിയും പരിശോധിക്കുമെന്നും കാനം പറഞ്ഞു. ഇതോടെ വിഷയത്തില്‍ സിപിഐക്കുള്ളില്‍ തന്നെയുള്ള ഭിന്നാഭിപ്രായങ്ങള്‍ പരസ്യമാവുകയാണ്.
2016 മെയ് 19ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ശേഷം കാഞ്ഞങ്ങാട് മാവുങ്കാലില്‍ നടത്തിയ ആഹ്‌ളാദ പ്രകടനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഇ ചന്ദ്രശേഖരന്റെ ഇടത് കൈയെല്ലിന് പരുക്കേറ്റിരുന്നു. പരുക്കേറ്റ കൈയുമായാണ് ചന്ദ്രശേഖരന്‍ ഒന്നാം പിണറായി സര്‍ക്കാറില്‍ റവന്യൂ മന്ത്രിയായി ചുമതലയേറ്റത്.
ചന്ദ്രശേഖരനൊപ്പം ജീപ്പിലുണ്ടായിരുന്ന സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി കെ രവി 2022 നവംബര്‍ 28ന് നടന്ന വിചാരണയ്ക്കിടെയാണ് കൂറുമാറിയത്. മടിക്കൈ സൗത്ത് ലോക്കല്‍ കമ്മിറ്റിയംഗം അനില്‍ ബങ്കളമാണ് മൊഴിമാറ്റിയ മറ്റൊരാള്‍. തെളിവുകളുടെ അഭാവത്തില്‍ പ്രതികളായിരുന്ന 12 പേരെയും കോടതി വെറുതെ വിടുകയായിരുന്നു.
സിപിഐക്കുള്ളില്‍ തന്നെ അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തതോടെ വിഷയം ഗൗരവപൂര്‍വം കൈകാര്യം ചെയ്യാനൊരുങ്ങുകയാണ് സിപിഐ സംസ്ഥാന നേതൃത്വം.